സംസ്ഥാനത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തി മറ്റിടങ്ങളിലേക്ക് പോകുന്നവർക്കെതിരെ കർശന നടപടി ; കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കുമായുള്ള സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തി മറ്റിടങ്ങളിലേക്ക് പോകുന്നവർക്കെതിരെ കർശന നടപടി ; കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കുമായുള്ള സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന വ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി.

ഇതര സംസ്ഥാനങ്ങളിൽ അകപ്പെട്ടു പോയ മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങി വരുന്നതിനും ഇവിടെ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനുമാണ് സംസ്ഥാന സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിന് പുറത്തേക്ക് റോഡ് മാർഗം പോകുന്നവർ ഏത് സംസ്ഥാനത്തേക്കാണോ പോകേണ്ടത് അവിടുത്തെ പ്രവേശന പാസ് നേടിയ ശേഷം കോവിഡ്19 ജാഗ്രതാ പോർട്ടൽ വഴി ജില്ലാ കളക്ടറിൽ നിന്നും എക്‌സിറ്റ് പാസ് വാങ്ങണം. കളക്ടർ അനുവദിക്കുന്ന മൂവ്‌മെന്റ് പാസിന് രണ്ടു ദിവസത്തെ കാലാവധിയാണുണ്ടാവുക.

കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ കൂട്ടിക്കൊണ്ടു വരുന്നതിനായി പോകുന്നവർ യാത്ര ചെയ്യുന്ന വ്യക്തിയുടെ പാസിൽ കൂട്ടിക്കൊണ്ടുവരാൻ പോകുന്ന വാഹനത്തിന്റെ രജിസ്റ്റർ നമ്പർ അടക്കം രേഖപ്പെടുത്തി സംസ്ഥാനത്തേക്ക് വരാനുള്ള പാസ് മുൻകൂറായി നേടണം. കൂടാതെ പുറത്തേക്ക് പോകുന്ന വാഹനം സംസ്ഥാനത്തു നിന്ന് പുറത്തു പോകുന്നതിനുള്ള എമർജൻസി പാസും നേടണം.

ട്രെയിൻമാർഗം പോകുന്നവർ ടിക്കറ്റുമായി ട്രെയിൻ പുറപ്പെടുന്നതിന് രണ്ടു മണിക്കൂർ മുൻപ് റയിൽവേ സ്റ്റേഷനിൽ എത്തിച്ചേരണം. റയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് റയിൽവേ ടിക്കറ്റിന്റെ പകർപ്പുമതിയാകും.

വിമാനമാർഗം പോകുന്നവർ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുൻപ് എയർപോട്ടിലെത്തി ആരോഗ്യ പരിശോധനയ്ക്കു ശേഷം യാത്ര നടത്താൻ അനുമതിയുള്ളൂ.

പുറത്തു നിന്ന് സംസ്ഥാനത്തേക്ക് റോഡ് മാർഗം വരുന്നവർ കോവിഡ്19 ജാഗ്രതാ പോർട്ടലിലെ ഡൊമസ്റ്റിക് റിട്ടേണീസ് പാസ് മുഖേന ചെക്‌പോസ്റ്റുവഴി പ്രവേശിക്കാനുള്ള പാസ് നേടണം. ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനത്തു നിന്നുള്ള മൂവ്‌മെന്റ് പാസും വാങ്ങിയ ശേഷം യാത്ര തുടങ്ങാം.

ഒരേ വാഹനത്തിൽ ഒന്നിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അതിൽ ഒരാൾ ഗ്രൂപ്പ് ലീഡറായി കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ ഗ്രൂപ്പ് രൂപീകരിച്ച് ഗ്രൂപ്പ് ലീഡർ ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ അംഗങ്ങളുടേയും വിലാസം അടങ്ങുന്ന ഹോം ക്വാറന്റൈൻ സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്കാവും പാസുകൾ അനുവദിക്കുന്നത്.

യാത്രക്ക് അനുമതി കിട്ടിയ തീയതികളിൽ മാത്രമേ ചെക്ക് പോസ്റ്റിൽ എത്തിച്ചേരാൻ പാടുള്ളു. യാത്രയിൽ ഉടനീളം മുഖാവരണം ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.

ഒരേ വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് വ്യത്യസ്ത ദിവസങ്ങളിലാണ് പാസ് ലഭിക്കുന്നതെങ്കിൽ ഏതെങ്കിലും ഒരാളുടെ പാസിൽ യാത്ര നടത്താം. ഗർഭിണികൾ, മരണാനന്തര ചടങ്ങിന് പങ്കെടുക്കേണ്ടവർ, അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ സന്ദർശിക്കേണ്ടവർ തുടങ്ങിയവർക്ക് കോവിഡ് 19 ജാഗ്രതാ പോർട്ടൽ വഴി എമർജൻസി യാത്രാ പാസ് നേടി യാത്ര നടത്താം.

ട്രെയിൻ മാർഗം വരുന്നവർ ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം കോവിഡ് 19 ജാഗ്രതാ പോർട്ടൽ വഴി ഡൊമസ്റ്റിക്ക് റിട്ടേണീസ് ഓപ്ഷൻ വഴി കേരളത്തിലേക്കുള്ള പാസ് നേടണം. ഒരേ ടിക്കറ്റിൽ ഒന്നിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവരിൽ ഒരാൾ ഗ്രൂപ്പ് ലീഡറായി ഗ്രൂപ്പ് രൂപീകരിച്ച് എല്ലാവരുടേയും വിശദാംശങ്ങൾ രേഖപ്പെടുത്തി പാസിന് അപേക്ഷ നൽകേണ്ടതാണ്.

വിമാന മാർഗം വരുന്നവർ ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം കോവിഡ് 19 ജാഗ്രതാ പോർട്ടൽ വഴി കേരളത്തിലേക്കുള്ള പാസ് നേടണം. മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയോടു കൂടിയുള്ള സ്‌പെഷൽ ട്രെയിനിൽ വരുന്നവർ നോർക്കയുടെ പോർട്ടൽ വഴി ടിക്കറ്റ് ബുക്ക് ചെയ്യണം. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം കോവിഡ് 19 ജാഗ്രതാ പോർട്ടൽ വഴി കേരളത്തിലേക്കുള്ള പാസ് നേടണം.

കപ്പൽ മാർഗം വരുന്നവർ യാത്രാ ടിക്കറ്റുകൾ അതതു സർക്കാരുകൾ വഴി നേടിയതിനു ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം കോവിഡ് 19 ജാഗ്രതാ പോർട്ടലിലെ ഡൊമസ്റ്റിക് റിട്ടേണീസ് പാസ് ഓപ്ഷൻ വഴി കേരളത്തിലേക്കുള്ള പാസ് നേടണം.

കേരള തുറമുഖങ്ങളിൽ ആരോഗ്യ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണമില്ലാത്തവർ 14 ദിവസത്തെ ഹോം ക്വാറന്റൈനും അല്ലാത്തവർ തുടർ പരിശോധയ്ക്കും വിധേയമാകണം.

കപ്പൽ/ വിമാനം/ ട്രെയിൻ മാർഗം മറ്റ് സംസ്ഥാനത്തിലെത്തി ചേർന്നതിനു ശേഷം കേരളത്തിലേക്കുള്ള പ്രവേശനത്തിന് മുൻകൂറായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസ് കോവിഡ് 19 ജാഗ്രതാ പോർട്ടൽ വഴി നേടണം. കപ്പൽ/ വിമാനം/ ട്രെയിൻ ടിക്കറ്റ് എന്നിവ പ്രവേശന പാസിനൊപ്പം കാണിച്ചാൽ ഏത് ദിവസത്തേക്കുള്ള പാസായാലും അതിർത്തി വഴി റോഡുമാർഗം പ്രവേശനം നേടാം. ചെക്ക് പോസ്റ്റ് വരെ എത്തുന്നതിനും മടങ്ങുന്നതിനും യാത്രക്കാരന്റെ കപ്പൽ/വിമാനം/ ട്രെയിൻ ടിക്കറ്റിന്റെ പകർപ്പ് കൈയിൽ കരുതിയാൽ മതിയാകും.

വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ എത്തുന്നവർ അതേ സംസ്ഥാനത്ത് ക്വാറന്റൈന് വിധേയമാകണം. ഏതെങ്കിലും സംസ്ഥാനം മറ്റ് സംസ്ഥാനങ്ങളിൽ എത്തുന്നവരെ കൂട്ടിക്കൊണ്ടുവരാൻ വാഹനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ സംസ്ഥാനത്തിന്റെ അനുമതിയോടെ യാത്രക്കാരനെ അതത് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കും.

അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് സ്ഥിരമായി ജോലിക്കും മറ്റാവശ്യങ്ങൾക്കും യാത്ര ചെയ്യുന്നവർ കോവിഡ് 19 ജാഗ്രത പോർട്ടൽ വഴി റെഗുലർ വിസിറ്റ് പാസ് നേടണം. ഒരു പാസിന് ആറു മാസ കാലാവധിയുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിലെ കണ്ടൈൻമെന്റ് ഏരിയയിൽ നിന്നും വരുന്നവർക്ക് സ്ഥിര യാത്രകൾ അനുവദിക്കില്ല.

സംസ്ഥാനത്തേക്ക് താമസിക്കാനല്ലാതെ ഔദ്യോഗിക / ബിസിനസ് ആവശ്യങ്ങൾ, വിവിധ മേഖലകളിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി വരുന്നവർക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അവരുടെ ജോലികൾ ചെയ്യാം.

അവിചാരിത കാരണങ്ങളാൽ സന്ദർശനം നീട്ടേണ്ടി വന്നാൽ ഒരു തവണ നീട്ടാൻ അവസരമുണ്ടാകും. ഏഴു ദിവസമായി ഇവരുടെ സന്ദർശന കാലയളവ് ചുരുങ്ങും. ഇവർക്ക് ക്വാറന്റൈൻ ഉണ്ടായിരിക്കില്ല. ഇവർ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ തങ്ങളുടെ ആവശ്യം കാണിച്ചു കൊണ്ട് സന്ദർശിക്കുന്ന സ്ഥലങ്ങൾ, ആളുകൾ, എന്നീ വിവരങ്ങൾ നൽകി വിസിറ്റ് പാസ് കൈപ്പറ്റണം.

വ്യക്തമായ കാരണമില്ലാതെ മറ്റ് സ്ഥലങ്ങൾ സന്ദർശിക്കുകയോ ആളുകളെ കാണുകയോ ചെയ്യുന്നവർക്കെതിരെ നടപടി എടുക്കുമെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കൂട്ടമായി ജോലിക്കായി അതിഥി തൊഴിലാളികളെ കൊണ്ടുവരുന്നവർ എൻഐസിയുടെ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.