കൂട്ട അവധിയെടുത്ത് ജീവനക്കാർ തൊഴിലാളി സംഗമത്തിനു പോയത് ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ക്ക് മര്‍ദനം; മര്‍ദനമേറ്റ രാജേഷ് മോൻ ആശുപത്രിയില്‍
ആലപ്പുഴ: ജീവനക്കാർ കൂട്ട അവധിയെടുത്ത് തൊഴിലാളി സംഗമത്തിനു പോയത് ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെ ജീവനക്കാർ മർദിച്ചു.
വൈദ്യുതി ബോർഡിലെ സിഐടിയു യൂണിയനില്‍പെട്ട ജീവനക്കാരാണ് കൂട്ട അവധിയെടുത്ത് തൊഴിലാളി സംഗമത്തിനു പോയത്. ഇതു ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.രാജേഷ് മോനാണ് (48) മർദനമേറ്റത്.
എസ്‌എല്‍ പുരത്തെ സബ് ഡിവിഷൻ ഓഫിസില്‍ ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം. പരുക്കേറ്റ കെ.രാജേഷ് മോനെ (48) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേർത്തലയില്‍ നടന്ന കെഎസ്‌ഇബി വർക്കേഴ്‌സ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാൻ കലവൂർ സെക്ഷൻ ഓഫിസിലെ 17 ജീവനക്കാർ അവധി ചോദിച്ചിരുന്നെന്നു പറയുന്നു. എന്നാല്‍, പരീക്ഷക്കാലമായതിനാല്‍ കൂട്ടമായി അവധിയെടുക്കുന്നതു ശരിയല്ലെന്നും നാലുപേരെങ്കിലും ജോലി ചെയ്തിട്ടു ബാക്കിയുള്ളവർ പോയാല്‍ മതിയെന്നും രാജേഷ് മോൻ നിർദേശിച്ചതാണു അടിപിടിയില്‍ കലാശിച്ചത്.
പരിപാടിക്കു ശേഷം എസ്‌എല്‍ പുരത്തെ ഓഫിസിലെത്തിയ സംഘടനാ ഭാരവാഹികളും രാജേഷ് മോനുമായി തർക്കവും തുടർന്നു സംഘർഷവുമുണ്ടായി. വിവരമറിഞ്ഞ് മാരാരിക്കുളം പൊലീസും എത്തി.