കത്തിയ്ക്ക് കുത്തി വീഴ്ത്തിയ ശേഷം, കുട്ടികൾ കളിക്കുന്ന പടുത്താകുളത്തിലേയ്ക്ക് തള്ളിയിട്ടു: കോട്ടയം നഗരം വീണ്ടും കലാപഭൂമിയാകുന്നു: കത്തിക്കുത്തും അക്രമവും സ്ഥിരം സംഭവം: പിങ്ക് പൊലീസ് തിരുനക്കരയിൽ മാത്രം തമ്പടിക്കുന്നു; നാഥനില്ലാകളരിയായി നഗരം

കത്തിയ്ക്ക് കുത്തി വീഴ്ത്തിയ ശേഷം, കുട്ടികൾ കളിക്കുന്ന പടുത്താകുളത്തിലേയ്ക്ക് തള്ളിയിട്ടു: കോട്ടയം നഗരം വീണ്ടും കലാപഭൂമിയാകുന്നു: കത്തിക്കുത്തും അക്രമവും സ്ഥിരം സംഭവം: പിങ്ക് പൊലീസ് തിരുനക്കരയിൽ മാത്രം തമ്പടിക്കുന്നു; നാഥനില്ലാകളരിയായി നഗരം

സ്വന്തം ലേഖകൻ

കോട്ടയം: ഒരിടവേളയ്ക്ക് ശേഷം നഗരമധ്യത്തിൽ വീണ്ടും അക്രമം. പൊലീസിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് അവകാശപ്പെടുന്ന തിരുനക്കര മൈതാനത്ത് നൂറുകണക്കിന് ആളുകൾ നോക്കി നിൽക്കെയാണ് കത്തിക്കുത്തുണ്ടായത്. അതും, തിരുനക്കര ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള വിനോദ മേള തിരുനക്കര മൈതാനത്ത് നടക്കുമ്പോൾ. ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു നഗരത്തെ നടുക്കിയ അക്രമസംഭവങ്ങൾ അരങ്ങേറിയത്. കോട്ടയം ആലത്തിൽ ജോജോ(40)യ്ക്കാണ് അക്രമത്തിൽ കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി സ്വദേശി ജെയിംസ് (48), ഇയാളുടെ സുഹൃത്ത് രാജമ്മ (45) എന്നിവരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നഗരമധ്യത്തിൽ തിരുനക്കര മൈതാനത്ത് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. നഗരത്തിലെ സാമൂഹ്യ വിരുദ്ധ സംഘങ്ങളിൽ ഉൾപ്പെട്ടവരാണ് മൂന്നു പേരും. ഇവർ അക്രമ പരമ്പരകളുടെ ഭാഗമാകുക പതിവാണ്. നേരത്തെ ഇതേ സംഘങ്ങൾ തമ്മിൽ അക്രമവും അടിപിടിയും പതിവാണ്. ഇതേ തുടർന്ന് നേരത്തെ ഇരുവിഭാഗവും തമ്മിൽ അക്രമവും പതിവായിരുന്നു. ഇതിനിടെയാണ് ഇന്നലെ മൈതാനത്ത് വച്ച് മൂന്നംഗ സംഘം നേരിൽ കണ്ടത്. ഇത് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ജോജോയുടെ വയറ്റിൽ ജയിംസ് കുത്തി. തുടർന്ന് കത്തി ഊരിയെടുത്ത ശേഷം രാജമ്മ ജോജോയെ കുട്ടികൾ കളിക്കുന്ന കുളത്തിലേയ്ക്ക് തള്ളിയിടുകയായിരുന്നു.
നഗരത്തിൽ അക്രമം നടന്നിട്ടും പൊലീസിനു കൃത്യ സമയത്ത് എത്തിച്ചേരാൻ സാധിച്ചില്ല. നഗരം സാമൂഹ്യ വിരുദ്ധരുടെയും അക്രമികളുടെയും പിടിയിൽ തന്നെയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ. നഗരം നേരത്തെ മുതൽ തന്നെ സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ പിടിയിലാണ്. നഗരമധ്യത്തിൽ കുടുംബത്തോടൊപ്പം എത്തിയ സ്ത്രീയെ തടഞ്ഞു നിർത്തി അനാശാസ്യ പ്രവർത്തനത്തിന് ശ്രമിച്ച സംഘത്തെപ്പറ്റി നേരത്തെ തന്നെ പരാതി ഉർന്നിരുന്നു. എന്നാൽ, ഈ വിഷയത്തിലും പൊലീസ് കാര്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്.
രാത്രിയിലും പകലും സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കേണ്ട പിങ്ക് പൊലീസ് സംഘമാകട്ടെ 24 മണിക്കൂറും തിരുനക്കര കേന്ദ്രീകരിച്ച് തമ്പടിക്കുകയാണ്.  രാത്രിയിൽ സ്ത്രീകൾ എത്തിച്ചേരാൻ സാധ്യത ഏറെയുള്ള പ്രദേശങ്ങളായ കെ.എസ്ആർടിസിയിലും നാഗമ്പടത്തും പേരിനു പോലും രാത്രിയിൽ പൊലീസ് സാന്നിധ്യമില്ല. ഇത് അക്രമികൾക്ക് കുടപിടിക്കുന്നതിനു തുല്യമാണെന്നാണ് വിമർശനം.