2002ലെ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ അഴിമതിക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി; നടന്നത് ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപയുടെ അഴിമതി
സ്വന്തം ലേഖിക
തിരുവനന്തപുരം: 2002ലെ എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ അഴിമതിക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി.
ഒരു കോടി 33 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. പ്രിന്റര്‍ അന്നമ്മ ചാക്കോ, പരീക്ഷ ഭവന്‍ മുന്‍ സെക്രട്ടറിമാരായ എസ് രവീന്ദ്രന്‍, വി സാനു എന്നിവരാണ് കേസിലെ പ്രതികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോദ്യപേപ്പര്‍ അച്ചടിക്ക് ഇല്ലാത്ത കമ്പനിക്ക് 1.33 കോടി രൂപയാണ് പരീക്ഷാഭവന്‍ നല്‍കിയത്. മുന്‍പ് കരാര്‍ ലഭിച്ച അച്ചടി ശാലകള്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബിനാമി കമ്പനിയുടെ മറവില്‍ സര്‍ക്കാരിനെ പറ്റിച്ച് പണം തട്ടിയെന്നാണ് സി.ബി.ഐ യുടെ കുറ്റപത്രത്തില്‍ പറയുന്നത്.
2001-ലെ എസ്.എസ്.എല്‍.സി പരീക്ഷാ ചോദ്യപേപ്പര്‍ അച്ചടിച്ചതിന് 80.77 ലക്ഷം രൂപയായിരുന്നു ചെലവ്. കൊല്‍ക്കത്തയിലെ എച്ച്. കുണ്ടു എന്ന കമ്പനിയാണ് ചോദ്യപേപ്പര്‍ അച്ചടിച്ചത്. 2002ല്‍ എച്ച്. കുണ്ടു 70 ലക്ഷം രൂപയും ചെന്നെെ കമ്പനിയായ എം.വി. മണി പ്രിന്റേഴ്സ് 64 ലക്ഷവും ക്വോട്ട് ചെയ്തു. കുറഞ്ഞ തുക ക്വോട്ട് ചെയ്ത എം.വി. മണി പ്രിന്റേഴ്സിന് കരാര്‍ നല്‍കി.
പരീക്ഷാ കമ്മീഷണര്‍, പരീക്ഷാഭവന്‍ സെക്രട്ടറി, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായി പ്രിന്റിംഗ് തുകയില്‍ വിലപേശല്‍ നടത്താന്‍ മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിരുന്നു. സെക്രട്ടറിയും ഉദ്യോഗസ്ഥരും പരിശോധിച്ച് ഉറപ്പാക്കുന്ന ഫയലുകളാണ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വന്നിരുന്നതെന്നും കമ്മീഷണര്‍ അറിയിച്ചു.
സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ 2002 മുതല്‍ 2004 വരെയുള്ള എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ അടക്കം 32 പരീക്ഷാ ചോദ്യപേപ്പറുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട് 1.33 കോടി രൂപയുടെ നഷ്ടം ഉദ്യോഗസ്ഥരും കരാര്‍ കമ്പനികളും ചേര്‍ന്ന് സര്‍ക്കാരിന് വരുത്തിവച്ചതായി കണ്ടെത്തിയിരുന്നു.
എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ അച്ചടി കരാറിലെ ബില്ലുകളും അനുബന്ധ രേഖകളും വിലയിരുത്തിയത് അന്നത്തെ പരീക്ഷാഭവന്‍ സെക്രട്ടറിയും ഉദ്യോഗസ്ഥരുമായിരുന്നുവെന്ന് 2002-2003 ല്‍ പരീക്ഷാ കമ്മിഷണറായിരുന്ന എം. ഗോപാലന്‍ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ മുൻപാകെ മൊഴി നല്‍കിയിരുന്നു. ചെക്കുകള്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.