ശ്രീറാം പ്രതിയായ വാഹനാപകടം: ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല; ബാധ്യത മുഴുവനും വാഹനത്തിന്റെ ഉടമയ്ക്ക്; ശ്രീറാമിന്റെ സസ്‌പെൻഷൻ ഇന്ന് പുറത്തിറങ്ങിയേക്കും

ശ്രീറാം പ്രതിയായ വാഹനാപകടം: ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല; ബാധ്യത മുഴുവനും വാഹനത്തിന്റെ ഉടമയ്ക്ക്; ശ്രീറാമിന്റെ സസ്‌പെൻഷൻ ഇന്ന് പുറത്തിറങ്ങിയേക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനത്തിന് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല. മദ്യലഹരിയിൽ വാഹനം ഓടിച്ചതിനാലാണ് ശ്രീറാം ഓടിച്ച വാഹനത്തിന് ഇൻഷ്വറൻസ് പരിരക്ഷലഭിക്കാത്തത്. ഇതിനിടെ സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തുള്ള ഉത്തരവ് തിങ്കളാഴ്ച ഉച്ചയോടെ പുറത്തിറങ്ങിയേക്കും.
നഷ്ടപരിഹാരമായി നൽകേണ്ടിവരുന്ന ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത തുറിച്ചുനോക്കുന്നതു കാറുടമയെയാണ്. ശ്രീറാം ഓടിച്ചിരുന്ന കാർ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റതാണെന്നാണു പോലീസ് പറയുന്നത്.
മദ്യപിച്ചു വാഹനമോടിക്കുന്നയാൾ അപകടത്തിൽപ്പെട്ടാൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികൾക്കു ബാധ്യതയില്ല.
അതു വാഹന ഉടമയുടെ ഉത്തരവാദിത്വമാകും. വാഹനാപകട മരണങ്ങളിൽ അവകാശികൾക്കു സാധാരണഗതിയിൽ കോടികൾ വരെയുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. അപകടമുണ്ടായപ്പോൾ കാർ ഓടിച്ചിരുന്നതു വഫയാണെന്നു ശ്രീറാം പറഞ്ഞെങ്കിലും കുറ്റം ഏറ്റെടുക്കാൻ അവർ തയാറായിരുന്നില്ല. ഇതോടെ വൻ തുകയുടെ നഷ്ടപരിഹാര ബാധ്യതയാണ് അവർക്കു മുന്നിലുള്ളത്. മദ്യപിച്ചിട്ടില്ലാത്ത വഫ ഉത്തരവാദിത്വം ഏറ്റിരുന്നെങ്കിൽ ശ്രീരാമിനു മാനഹാനി മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. നഷ്ടപരിഹാര ബാധ്യത ഇൻഷുറൻസ് കമ്പനിക്കു വരുമായിരുന്നു.
പത്തു വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണു മനഃപൂർവമല്ലാത്ത നരഹത്യ. ഇത്തരം കേസുകളിൽ ഏതാനും മാസമെങ്കിലും റിമാൻഡിൽ കഴിയേണ്ടിവരാം. മജിസ്ട്രേറ്റിനു ജാമ്യം കൊടുക്കാമെങ്കിലും സാധാരണ ചെയ്യാറില്ല. അതിനാൽ സെഷൻസ് കോടതിയെ സമീപിക്കേണ്ടിവരും.
സർവേ ഡയറക്ടർ സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ തീരുമാനം തിങ്കളാഴ്ച ഉച്ചയോടെ ഉ്ണ്ടായേക്കും. സർക്കാരുദ്യോഗസ്ഥൻ റിമാൻഡിലായി 48 മണിക്കൂർ കഴിഞ്ഞാൽ സസ്പെൻഡ് ചെയ്യണമെന്നാണു സർവീസ് ചട്ടം. ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് അതേസമയത്ത് സമയപരിധി പിന്നിടും. സർവേ ഡയറക്ടറായതിനാൽ സസ്പെൻഡ് ചെയ്യേണ്ടതു റവന്യൂവകുപ്പിലെ ഭരണവിഭാഗമാണ്.