അവതാരകയുടെ പരാതി; ശ്രീനാഥ് ഭാസി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല; പൊലീസിനോട് സാവകാശം തേടി നടൻ
കൊച്ചി: പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസി ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകില്ല. നടൻ പൊലീസിനോട് സാവകാശം തേടിയിരിക്കുകയാണ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകുവാൻ പൊലീസ് നിർദേശം നൽകുകയും ചെയ്തു.
കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് നടനെ ചോദ്യം ചെയ്യുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് നടൻ അവതാരകയോട് അപമര്യാദയായി പെരുമാറിയത്.
തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ ആരോപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർമ്മാതാക്കളുടെ സംഘടനയ്ക്കും അവതാരക പരാതി നൽകിയിരുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. ശ്രീനാഥ് വിഷയം മുഖ്യ ചർച്ച നടത്തുമെന്ന് നിർമ്മാതാക്കളുടെ സംഘടനയും വ്യക്തമായി. ശ്രീനാഥിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം.
വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ശ്രീനാഥ് ഭാസി അറിയിച്ചിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ആരോട് വേണമെങ്കിലും താന്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും നടന് വ്യക്തമാക്കി. അവതാരകരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.