സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടിട്ടും പരാക്രമത്തിന് അറുതിയില്ല;വ്യാപാരിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ മുന്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്തു.
ശ്രീ കണ്ഠപുരം: മദ്യലഹരിയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടിട്ടും പൊലീസുകാരന്റെ പരാക്രമത്തിന് അറുതിയില്ല.
വ്യാപാരിയെ ആക്രമിച്ച കേസില്‍ മുന്‍ പൊലീസുകാരനായ കാവുമ്പായി ഐച്ചേരിയിലെ തെക്കേ വീട്ടില്‍ പ്രദീപനെയാണ് (48) ശ്രീകണ്ഠപുരം എസ്.ഐ കെ. കദീജ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് വളക്കൈ നെടുമുണ്ട വളവില്‍ പെട്ടിക്കടയില്‍ കച്ചവടം ചെയ്യുന്ന പുതിയ വളപ്പില്‍ കമാലിനെ ആക്രമിച്ചതിനാണ് അറസ്റ്റ്.
മദ്യലഹരിയില്‍ കടയിലെത്തിയ പ്രദീപന്‍ സാധനങ്ങളുടെ വില ചോദിച്ചു. വ്യാപാരി വില പറഞ്ഞതോടെ ഇതെല്ലാം വളരെ കൂടുതലാണെന്ന് പ്രദീപന്‍ പറഞ്ഞു. തനിക്ക് ഈ വിലക്ക് മാത്രമേ സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും കുറഞ്ഞ വിലക്ക് മറ്റ് എവിടെ നിന്നെങ്കിലും ലഭിക്കുമെങ്കില്‍ അവിടെ നിന്ന് വാങ്ങിച്ചോ എന്നും കമാല്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ക്ഷുഭിതനായ പ്രദീപന്‍ വയോധികനായ വ്യാപാരിയെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ പ്രദീപനെ കാര്യമായി കൈകാര്യം ചെയ്തു. വിവരമറിഞ്ഞ് എസ്.ഐ കദീജയുടെ നേതൃത്വത്തിലെത്തിയ പൊലീസ് പ്രദീപനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് വിധേയനാക്കി.
തുടര്‍ന്ന് ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തേ മുതല്‍ മദ്യലഹരിയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചയാളാണ് പ്രദീപൻ. 2023 ജനുവരി 28ന് വീട്ടില്‍ അതിക്രമിച്ചുകയറി കാഞ്ഞങ്ങാട്ടെ വീട്ടമ്മയെ കയറിപ്പിടിച്ചതിന് പ്രദീപനെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. 20 ദിവസത്തെ റിമാൻഡ് കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയ പ്രദീപന്‍ വീണ്ടും അതേ വീട്ടമ്മയുടെ കടയില്‍ കയറി അതിക്രമം നടത്തുകയുണ്ടായി.
കണ്ണൂര്‍ ടൗണ്‍ വനിത പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കയറി പൊലീസുകാരിയെ ചീത്ത വിളിക്കുകയും അതിക്രമം നടത്തുകയും ചെയ്തുവെന്ന കേസും ഇയാള്‍ക്കെതിരെ എടുത്തിരുന്നു. ഇക്കാര്യം സംസാരിക്കാന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോള്‍ പൊലീസുകാരെ തെറിവിളിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
കൂടാതെ പരിയാരം പൊലീസ് സ്റ്റേഷനിലും ഇയാള്‍ അതിക്രമം നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുൻപ് കാവുമ്പായി റോഡില്‍ വെച്ച് ഓട്ടോ ഡ്രൈവറെ തടഞ്ഞുവെച്ച് ആക്രമിച്ചതിന് ശ്രീകണ്ഠപുരം പൊലീസും ഈയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇത്തരം പെരുമാറ്റങ്ങള്‍ പതിവായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒൻപതിന് പ്രദീപനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.