ഇടത് തൊഴിലാളി യൂണിയനുകള്‍ക്ക് സമാധാനമായി; ഒരു കച്ചവട സ്ഥാപനം കൂടി പൂട്ടിച്ചു…  സ്വന്തം ജീവനക്കാരെ കൊണ്ട് കയറ്റിയിറക്ക് നടത്താന്‍ ഹൈക്കോടതി വിധിയുണ്ടായിട്ടും ഉടക്കുമായി സിഐടിയുക്കാർ എത്തിയതോടെ  എസ് ആര്‍ ഹാര്‍ഡ് വെയറും അടച്ചുപൂട്ടി; പെരുവഴിയിലായത് സ്ഥാപനത്തിലെ തൊഴിലാളികൾ

ഇടത് തൊഴിലാളി യൂണിയനുകള്‍ക്ക് സമാധാനമായി; ഒരു കച്ചവട സ്ഥാപനം കൂടി പൂട്ടിച്ചു… സ്വന്തം ജീവനക്കാരെ കൊണ്ട് കയറ്റിയിറക്ക് നടത്താന്‍ ഹൈക്കോടതി വിധിയുണ്ടായിട്ടും ഉടക്കുമായി സിഐടിയുക്കാർ എത്തിയതോടെ എസ് ആര്‍ ഹാര്‍ഡ് വെയറും അടച്ചുപൂട്ടി; പെരുവഴിയിലായത് സ്ഥാപനത്തിലെ തൊഴിലാളികൾ

സ്വന്തം ലേഖിക

കണ്ണൂര്‍: സ്വന്തം ജീവനക്കാരെ കൊണ്ട് കയറ്റിയിറക്ക് നടത്താന്‍ ഹൈക്കോടതി വിധിയുണ്ടായിട്ടും സി. ഐ.ടി.യു ചുമട്ടു തൊഴിലാളികള്‍ അനിശ്ചിതകാല സമരം നടത്തിയ മാതമംഗലത്തെ എസ്. ആര്‍. ഹാര്‍ഡ് വെയര്‍പൂട്ടി.

മാതമംഗലത്തെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്നു തുടങ്ങിയ സംരഭമാണ് എസ്. ആര്‍ ഹാര്‍ഡ് വെയര്‍സ്. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ പെരുവഴിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മാതമംഗലത്ത് കടപൂട്ടിയത് പഞ്ചായത്ത് ലൈസന്‍സ് പുതുക്കാത്തതുമായി ബന്ധപ്പെട്ടാണെന്നും തൊഴില്‍ തര്‍ക്കമല്ലെന്ന വിശദീകരണവുമായി മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. എന്നാല്‍ സി. ഐ.ടി.യു യൂണിയന്‍ തൊഴിലാളികള്‍ നടത്തിയ അനിശ്ചിതകാല സമരത്തിനെ തുടര്‍ന്നാണ് കടപൂട്ടിയതെന്ന വിശദീകരണമാണ് ഉടമയായ റബീല്‍ മുഹമ്മദ് കുട്ടി പറഞ്ഞത്.

ഹൈക്കോടതി സ്വന്തമായി കയറ്റിയിറക്കുമതി നടത്താന്‍ അനുവദിച്ച് കൊണ്ടു വിധിയുണ്ടായിട്ടും മാതമംഗലത്ത് ഇതൊന്നും നടപ്പിലാവില്ലെന്നാണ് സി. ഐ. ടി.യു ചുമട്ടുതൊഴിലാളികള്‍ പറയുന്നത്. ഈ പ്രശ്നത്തില്‍ തനിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ തിരിച്ചയക്കുകയാണ്.

പൊലിസ് കാവലുണ്ടെങ്കിലും കാഴ്‌ച്ചക്കാരായി നില്‍ക്കുകയാണെന്നും ഒരുതരത്തിലും കച്ചവടം നടക്കില്ലെന്ന് തോന്നിയത് കൊണ്ടാണ് പൂട്ടിയതെന്നും റബീല്‍ വ്യക്തമാക്കി.

നേരത്തെ ഇവിടെ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ സി. ഐ.ടി.യു പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ടായിരുന്നു. ഇതു കാരണം എഴുപതുലക്ഷം രൂപ മുതല്‍ മുടക്കമുള്ള സംരഭമാണ് പൂട്ടിയത്. ഈ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്ന് വിലക്കിയിട്ടും സാധനങ്ങള്‍ വാങ്ങിയതിന്റെ പേരില്‍ യൂത്ത് ലീഗ്പ്രവര്‍ത്തകന്‍ അഫ്സലിനെതിരെ സി. ഐ.ടി.യു അക്രമം നടന്നിരുന്നു.

ഇതിനു ശേഷവും അഫ്സലിനെതിരെ ഭീഷണിയുയര്‍ന്നതായി പയ്യന്നൂര്‍ ഡി.വൈ. എസ്‌പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അഫ്സല്‍ മാതമംഗലത്ത് നടത്തിയ എ,ജെ സെക്യൂര്‍ ടെക് ഐ.ടി സൊല്യൂഷന്‍സെന്ന കടയും സി. ഐ.ടി.യുക്കാര്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പൂട്ടിയിട്ടുണ്ട്. തന്റെ ജീവനുനേരെ ഭീഷണിയുണ്ടെന്നും പൊലിസ് സംരക്ഷണം നല്‍കാന്‍ തയ്യാറല്ലെന്നും അഫ്സല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് എസ്. ആര്‍ ഹാര്‍ഡ്വെയറും പൂട്ടിയത്. എന്നാല്‍ ആരുടെയെങ്കിലും തൊഴില്‍സ്ഥാപനം പൂട്ടിക്കുക തങ്ങളുടെ നയമല്ലെന്നും തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ക്കായി തൊഴില്‍ നിഷേധത്തിനായി സമരം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് സി. ഐ.ടി.യു പ്രാദേശിക നേതൃത്വം വിശദീകരിച്ചു.