ശാസ്ത്രീയ സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം ശങ്കരാഭരണത്തിലെ ഗാനങ്ങൾ പാടി:
സ്വന്തം ലേഖകൻ
കോട്ടയം: കെ.വിശ്വനാഥിന്റെ
“ശങ്കരാഭരണം “എന്ന. എക്കാലത്തേയും മ്യൂസിക്കൽ ഹിറ്റായ തെലുങ്ക് ചിത്രത്തിലൂടെയാണ് അടുത്തിടെ അന്തരിച്ച എസ് പി ബാലസുബ്രഹ്മണ്യം എന്ന പ്രിയ ഗായകൻ അഖിലേന്ത്യാ പ്രശസ്തനാകുന്നത്. ശാസ്ത്രീയ സംഗീതം പഠിക്കാത്ത ബാലസുബ്രഹ്മണ്യം
ഈ ചിത്രത്തിലെ ഗാനങ്ങൾ പാടാൻ ആദ്യം വിസമ്മതിക്കുകയായിരുന്നു.
എന്നാൽ സംഗീത സംവിധായകനായ കെ വി മഹാദേവന്റേയും സഹായിയുടെയും നിർബ്ബന്ധത്താൽ എസ് പി ശങ്കരാഭരണത്തിലെ ഗാനങ്ങൾ പഠിക്കുകയും മികച്ച ആലാപനത്തോടെ ദേശീയ പുരസ്ക്കാരം നേടിയെടുക്കുകയും ചെയ്തു.
എസ്.പി.ബാലസുബ്രഹ്മണ്യത്തെ പാട്ടു പഠിപ്പിച്ച കെ വി മഹാദേവന്റെ സഹായിയും തിരുവനന്തപുരം സ്വദേശിയും മലയാളിയുമായ വേലപ്പൻ നായരാണ്
“പുകഴേന്തി ” എന്ന പേരിൽ പ്രശസ്തനായ ദക്ഷിണേന്ത്യൻ സംഗീതസംവിധായകൻ…
പുകഴേന്തി വിത്തുകൾ, സ്നേഹദീപമേ മിഴി തുറക്കൂ, ഭാഗ്യമുദ്ര തുടങ്ങി ഏതാനും ചില മലയാള ചിത്രങ്ങൾക്ക് കൂടി സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
1971-ൽ പി ഭാസ്കരൻ ഗാനങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത “മൂന്നു പൂക്കൾ “എന്ന പ്രശസ്ത ചിത്രവും പുകഴേന്തിയുടെ സംഗീത സംവിധാനത്തിലാണ് വൻ വിജയം നേടിയെടുത്തത് ….
സത്യൻ, പ്രേംനസീർ , മധു ,വിൻസെന്റ്, അടൂർ ഭാസി തുടങ്ങിയ അഞ്ചു നായകന്മാരും അംബിക , ഷീല, ജയഭാരതി തുടങ്ങിയ മൂന്നു നായികമാരും അണിനിരന്ന ചിത്രമായിരുന്നു മൂന്നു പൂക്കൾ …
ശ്രീകാന്ത് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിൻറെ കഥയും തിരക്കഥയും എഴുതിയത്
എസ് എൽ പുരം സദാനന്ദൻ .
1971 ലെ മ്യൂസിക്കൽ ഹിറ്റായിരുന്ന “മൂന്നു പൂക്കളി” ൽ ജയചന്ദ്രൻ പാടിയ
” വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ …..” എന്ന ഗാനം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി
വിലയിരുത്തപ്പെടുന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
“കൺമുനയാലെ ചീട്ടുകൾ കശക്കി നമ്മളിരിപ്പു കളിയാടാൻ ….
( യേശുദാസ് )
“സഖീ കുങ്കുമമോ
നവയൗവ്വനമോ നിൻ
പൂങ്കവിൾത്തടത്തിൽ
നിറം കലർത്തി …..
(യേശുദാസ് , ജാനകി)
“തിരിയോ തിരി പൂത്തിരി കണിയോ കണി വിഷുക്കണി ….. (ജാനകി)
“ഒന്നാനാം പൂമരത്തിൽ
ഒരേയൊരു ഞെട്ടിതിൽ
ഒന്നല്ല രണ്ടല്ല മൂന്നു പൂക്കൾ … ( ജാനകി )
എന്നിവയായിരുന്നു മൂന്നു പൂക്കളിലെ മറ്റുഗാനങ്ങൾ .
1971 ജനുവരി രണ്ടാം വാരം വെള്ളിത്തിരയിലെത്തിയ മൂന്നു പൂക്കൾ എന്ന ചിത്രം 53 വർഷങ്ങൾ പൂർത്തിയാക്കുകയാണ് . എഴുപതുകൾ മലയാള ചലച്ചിത്ര ഗാനങ്ങളുടെ വസന്തകാലമായി പരിഗണിക്കപ്പെടുന്നത് സംഗീത സാന്ദ്രമായ ഇത്തരം ചിത്രങ്ങളിലൂടെയാന്നെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ…