play-sharp-fill
മഹാപ്രതിഭകളുടെ  ഓര്‍മകൾക്ക് ആദരവുമായി സ്‍ഫടികം;റീ റിലീസിന് മുന്‍പ് കൊച്ചിയില്‍ അനുസ്‍മരണ സന്ധ്യ ; ‘ഓര്‍മ്മകളില്‍ സ്ഫടികം’ ഫെബ്രുവരി 5 ന്

മഹാപ്രതിഭകളുടെ ഓര്‍മകൾക്ക് ആദരവുമായി സ്‍ഫടികം;റീ റിലീസിന് മുന്‍പ് കൊച്ചിയില്‍ അനുസ്‍മരണ സന്ധ്യ ; ‘ഓര്‍മ്മകളില്‍ സ്ഫടികം’ ഫെബ്രുവരി 5 ന്

സ്വന്തം ലേഖകൻ

കൊച്ചി:മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അപൂർവം ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം.സിനിമയിലെ എല്ലാവരും മത്സരിച്ചഭിനയിച്ച സ്ഫടികം ഇപ്പൊൾ റീ റിലീസിന് ഒരുങ്ങുകയാണ്.

ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലും തിലകനും കെപിഎസി ലളിതയുമടക്കമുള്ള താരനിര അണിനിരന്ന അവിസ്മരണീയ ചിത്രം ഡിജിറ്റല്‍ റീ മാസ്റ്ററിംഗിനു ശേഷമാണ് വീണ്ടും തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 9 ആണ് റിലീസ് തീയതി. എന്നാല്‍ ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുണ്ടായിരുന്ന ഒട്ടനവധി പ്രതിഭകള്‍ ഓര്‍മ്മ മാത്രമാണ്. റിലീസിന് മുന്‍പ് അവര്‍ക്കായി ഒരു അനുസ്മരണ സന്ധ്യ ഒരുക്കുകയാണ് അണിയറപ്രവർത്തകർ.

ഓര്‍മ്മകളില്‍ സ്ഫടികം എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഫെബ്രുവരി 5 ന് വൈകിട്ട് 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍ വച്ചാണ് നടക്കുക.

പരിപാടിയെക്കുറിച്ച്‌ സംവിധായകന്‍ ഭദ്രൻ്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ,

സ്ഫടികം സിനിമ നൂതനമായ ശബ്ദ ദൃശ്യ മികവോടെ ലോകം ഒട്ടാകെയുള്ള തീയേറ്റുകളില്‍ ഫെബ്രുവരി 9 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്ന വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ.ആ സിനിമയെ അനശ്വരമാക്കിയ മഹാ പ്രതിഭകളില്‍ ചിലര്‍ ഇന്നു നമ്മോടൊപ്പം ഇല്ല. തിലകന്‍, ശങ്കരാടി, നെടുമുടി വേണു, കെപിഎസി ലളിത, ബഹദൂര്‍, സില്‍ക്ക് സ്മിത, കരമന ജനാര്‍ദ്ദനന്‍ നായര്‍, രാജന്‍ പി ദേവ്, പി ഭാസ്കരന്‍ മാസ്റ്റര്‍, ജെ വില്യംസ്, എം എസ് മണി, പറവൂര്‍ ഭരതന്‍, എന്‍ എഫ് വര്‍ഗീസ്, എന്‍ എല്‍ ബാലകൃഷ്ണന്‍..

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഈ അതുല്യ കലാകാരന്മാരെ ഒഴിവാക്കിയാല്‍ സ്ഫടികത്തില്‍ വേറെന്താണു ബാക്കി..! മലയാള സിനിമയുടെ വസന്തകാലത്തെ ഉജ്ജ്വലമാക്കിയ ഈ ലോകോത്തര കലാകാരന്മാരെ ഓര്‍മ്മിക്കാതെ സ്ഫടികത്തിന് ഒരു രണ്ടാം വരവ് ഉണ്ടോ?

ഫെബ്രുവരി 5 വൈകുന്നേരം 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍, ഈ മഹാപ്രതിഭകളുടെ അനശ്വരമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കാന്‍, കടന്നുപോയ ഈ അതുല്യ കലാകാരന്മാരുടെ കുടുംബാംഗങ്ങളും സിനിമയിലെ മറ്റ് മുഴുവന്‍ ആര്‍ട്ടിസ്റ്റുകളും ടെക്നിഷ്യന്മാരും പ്രമുഖവ്യക്തികളും ഒത്തുചേരുന്ന ആ സന്ധ്യയില്‍ നിങ്ങളുടെ മഹനീയ സാന്നിധ്യം കൂടി പ്രതീക്ഷിക്കുന്നു…

സ്നേഹത്തോടെ
ഭദ്രന്‍