സൗമ്യയെ കൊലപ്പെടുത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന നീല ഷർട്ടുകാരൻ ആര്..? പൊലീസുകാരിയെ കൊലപ്പെടുത്തിയതിൽ ദുരൂഹത വർധിക്കുന്നു; അജാസിന്റെ കാറോടിച്ചത് മറ്റൊരാളെന്ന് സൂചന; പ്രതി അജാസിന്റെ വൃക്കകൾ തകരാറിൽ; ന്യൂമോണിയയും പിടിപെട്ടു
സ്വന്തം ലേഖകൻ
ആലപ്പുഴ: വനിതാ പൊലീസുകാരി സൗമ്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുമ്പോൾ അജാസിനൊപ്പം മറ്റൊരാൾ ഉണ്ടായിരുന്നതായുള്ള സൂചനകൾ പുറത്ത്.
സൗമ്യയെ കൊലപ്പെടുത്തുമ്പോൾ അജാസിനൊപ്പം നീല ഷർട്ട് ധരിച്ച ആളുണ്ടായിരുന്നെന്ന ബന്ധുക്കളുടെപരാതിയെ തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്പി. അനീഷ് വി. കോരയ്ക്കാണ് അന്വേഷണച്ചുമതല. പഴുതുകൾ അടച്ചുള്ള അന്വേഷണത്തിനാകും ശ്രമം. അജാസ് എത്തിയ കാറിനെ കേന്ദ്രീകരിച്ചാണ് ദുരൂഹതകൾ. വണ്ടി ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു എന്നാണ് സംശയം. സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തിയതും ഈ ഡ്രൈവറായിരുന്നു. ഇതിന് പിന്നാലെ അജാസ് കാറിൽ നിന്നിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നാണ് നിഗമനം. അതുകൊണ്ടാണ് വിശദ അന്വേഷണം വേണ്ടി വരുന്നത്.
സൗമ്യ സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചിടാൻ അജാസ് ഉപയോഗിച്ച കാറിൽ ഒരു നീലഷർട്ടുകാരനും ഉണ്ടായിരുന്നെന്ന് പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികൾ പറഞ്ഞിരുന്നു. സൗമ്യയെ വെട്ടിയും തീവെച്ചും കൊല്ലുന്നത് കണ്ടുനിന്ന ഇയാൾ സംഭവശേഷം സ്ഥലം വിട്ടു. കൃത്യംനടന്ന സ്ഥലത്തേക്ക് അജാസ് എത്തിയ കാറിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതിൽ തുറക്കാൻ കഴിയാത്തവിധം മതിലിനോടു ചേർത്താണു നിർത്തിയിരുന്നത്. ഡ്രൈവിങ് സീറ്റിൽനിന്ന് എതിർവശത്തെ വാതിൽവഴിയാണ് പ്രതി പുറത്തിറങ്ങിയതെങ്കിൽ സൗമ്യയ്ക്ക് ഓടിരക്ഷപ്പെടാൻ ഏറെസമയം ലഭിക്കുമായിരുന്നു. അതായത് വണ്ടി ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു. സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തിയതും ഡ്രൈവറായിരുന്നു. ഇതിന് പിന്നാലെ അജാസ് കാറിൽ നിന്നിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നാണ് നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച രാത്രിയോടെ പൊലീസ് അജാസിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തനിക്ക് സൗമ്യയോട് ഇഷ്ടമായിരുന്നുവെന്നും വിവാഹാഭ്യർത്ഥന സൗമ്യ നിരസിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും അജാസ് മൊഴി നൽകി. പെട്രോൾ ഉപയോഗിച്ച് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചതെന്നും ഇത് പാളിപ്പോയെന്നും അജാസ് പൊലീസിനോട് പറഞ്ഞു. താൻ ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്നും കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും പ്രതി മൊഴി നൽകിയിരുന്നു. ‘കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഒറ്റയ്ക്കാണ്. മറ്റാർക്കും പങ്കില്ല. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു കരുതിയത്. എന്നാൽ അതിന് സാധിച്ചില്ല. സൗമ്യയെ ഇഷ്ടമായിരുന്നു. പല തവണ വിവാഹാഭ്യർത്ഥന നടത്തിയിട്ടും സൗമ്യ നിരസിച്ചു. ഇതിനിടയിലാണ് കടം വാങ്ങിയ പണം സൗമ്യ തിരികെ തരാൻ നോക്കിയത്. എന്നാൽ അത് വേണ്ടെന്ന് പറഞ്ഞ് താൻ തിരികെ നൽകിയതായും അജാസ് മൊഴി നൽകിയിരുന്നു. ഇത് ശരിയല്ലെന്ന തരത്തിലാണ് രണ്ടാമനെ കുറിച്ചുള്ള ചർച്ച സജീവമാകുന്നത്. തനിക്ക് മരിച്ചാൽ മതിയെന്നാണ് പ്രതി ഐ.സി.യു.വിൽവെച്ച് സഹപ്രവർത്തകരോടു പറഞ്ഞത്.
കാറോടിച്ചത് മറ്റൊരാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ സംശയം വ്യക്തമാക്കി സൗമ്യയുടെ ഭർത്തൃസഹോദരൻ ഷാജി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇത് തൊഴിലുറപ്പുകാരും വ്യക്തമാക്കിയതോടെയാണ് രണ്ടാമനിലേക്ക് അന്വേഷണം എത്തുന്നത്. ഇത് കേസിൽ നിർണ്ണായക വഴിത്തിരിവാകും. ഇത് കണ്ടെത്താൻ കൊലപാതകം നടത്താനായി അജാസ് എറണാകുളത്തുനിന്നു സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. മൊബൈൽ ഫോണിന്റെ കോൾ വിശദാംശങ്ങളും ശേഖരിക്കും. ഒരു പരിചയക്കാരന്റെ കാറിലാണ് അജാസ് വള്ളികുന്നത്തെത്തിയത്. എറണാകുളത്തു നിന്നു പെട്രോളും കൊടുവാളും വാങ്ങിയെന്നാണു വിവരം.വള്ളികുന്നത്ത് ഏതാനും മണിക്കൂർ അജാസ് തങ്ങിയെന്നാണു പൊലീസിനു ലഭിച്ച വിവരം. ഇടയ്ക്കു മണപ്പള്ളി ജംക്ഷനിൽ പോയി ഭക്ഷണം കഴിച്ചു.
സൗമ്യയെ ഇടിച്ചു വീഴ്ത്തിയതിനു പിന്നാലെ ഇരുവരും തമ്മിൽ ഫോൺ സന്ദേശങ്ങളെച്ചൊല്ലി തർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ അജാസ് കാറിൽനിന്ന് ആയുധം എടുക്കുന്നതു കണ്ടു സൗമ്യ അടുത്ത വീട്ടിലേക്ക് ഓടുകയായിരുന്നു. അപ്പോൾ അജാസ് പിന്നാലെയെത്തി വെട്ടിവീഴ്ത്തുകയും കുത്തുകയും ചെയ്ത ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തിയെന്നാണു പൊലീസിനു ലഭിച്ച വിവരം. പ്രതി സഞ്ചരിച്ച കാറിന്റെ ഉടമ വള്ളികുന്നം പൊലീസിൽ ഹാജരായി. ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ ആണ് കാക്കനാട് വാഴക്കാല നെയ്‌തേലിൽ എൻ.എ. അജാസ്. അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ ഭാഗമായി അജാസിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു്. എറണാകുളം റൂറൽ എസ്പി. കെ. കാർത്തിക്കാണ് ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും എസ്പി. ഉത്തരവിട്ടു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അജാസിന് ന്യൂമോണിയ ബാധിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്. നാഡിമിടിപ്പ് കുറഞ്ഞുവരുന്ന അജാസിന് ഇടയ്ക്കിടെ ബോധക്ഷയവും സംഭവിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അജാസ് നിലവിലുള്ളത്. മരുന്ന് നൽകി രക്തസമ്മർദ്ദം ഉയർത്താൻ ഇതുവരെ സാധിച്ചിട്ടില്ല. വൃക്കകളുടെ പ്രവർത്തനം നേരത്തെ തന്നെ തകരാറിലായിരുന്നു. മൂത്ര തടസ്സവുമുണ്ട്. ആരോഗ്യ നില വഷളായി തുടരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് ആശുപത്രിയിലെത്തി അജാസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പകർപ്പിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
അതിനിടെ അജാസ് ജോലിചെയ്തിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനിൽ എസ്പി. കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം മിന്നൽപരിശോധന നടത്തി. അജാസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗസ്ഥരോട് നേരിട്ടു തിരക്കി. സൗമ്യവധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചുമതലകൾ ചെങ്ങന്നൂർ ഡിവൈ.എസ്പി.യുടെ പരിധിയിലെ എസ്ഐ. മാർക്കു വീതിച്ചുനൽകിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ, ഫോൺവിവരങ്ങൾ, സാക്ഷിമൊഴികൾ തുടങ്ങിയവ ശേഖരിക്കാനുള്ള ചുമതലയാണ് ഇങ്ങനെ നൽകിയിരിക്കുന്നത്. ആലുവ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്പി.യുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അജാസിനെ സസ്പെൻഡ് ചെയ്തത്.