play-sharp-fill
രാഹുല്‍ ഗാന്ധി ‘സോറോസ് ഏജന്റ്’; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ പിന്തുണയോടെയുള്ള ഗൂഢാലോചനയെന്ന് ബിജെപി

രാഹുല്‍ ഗാന്ധി ‘സോറോസ് ഏജന്റ്’; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ പിന്തുണയോടെയുള്ള ഗൂഢാലോചനയെന്ന് ബിജെപി

ന്യൂഡൽഹി :കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി.അദാനി പണമിടപാട് അഴിമതിയില്‍ ഉപയോഗിച്ച ഓഫ്‌ഷോര്‍ ഫണ്ടുകളില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനും അവരുടെ ഭര്‍ത്താവിനും ഓഹരിയുണ്ടെന്ന യുഎസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തിലാണ്
വിമർശനം.
തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മുതിര്‍ന്ന ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് രൂക്ഷമായ ഭാഷയില്‍ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചു.
രാഹുല്‍ ഗാന്ധിയെ ‘സോറോസ് ഏജന്റ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇന്ത്യയിലേക്കുള്ള നിക്ഷേപം തടയാനുള്ള കോണ്‍ഗ്രസിന്റെ പിന്തുണയോടെയുള്ള ഗൂഢാലോചനയാണ് ഹിൻഡൻബർഗ് റിപ്പോര്‍ട്ടെന്ന് അവകാശപ്പെട്ടു.
‘‘തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിപ്പറഞ്ഞതിന് ശേഷം ഇന്ത്യയില്‍ സാമ്പത്തിക അരാജകത്വവും ,അസ്ഥിരതയും സൃഷ്ടിക്കുന്നതിന് കോണ്‍ഗ്രസും സഖ്യകക്ഷികളും ടൂള്‍കിറ്റ് സംഘവും ഒരുമിച്ച് ഗൂഢാലോചന നടത്തിയോയെന്ന് വ്യക്തമാക്കണം,’’ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ പരാമര്‍ശിച്ച് അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് പുറത്തുവിട്ട സമയത്തെയും രവിശങ്കര്‍ പ്രസാദ് ചോദ്യം ചെയ്തു. ഞായറാഴ്ച രോക്ഷം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ട് ശനിയാഴ്ചയാണ് കണ്ടെത്തലുകള്‍ പുറത്തുവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് തിങ്കളാഴ്ച ഓഹരി വിപണികളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ആരോപണത്തില്‍ സെബി മേധാവിയെ പിന്തുണച്ച് വ്യവസായികള്‍ രംഗത്തെത്തി. ‘‘മാധബി ബുച്ചിന്റെ വാദങ്ങള്‍ ന്യായമാണ്. ആരോപണങ്ങളില്‍ സത്യത്തിന്റെ ഒരു കണികപോലുമില്ലെന്നാണ് തോന്നുന്നത്.
അത് ശൂന്യതയില്‍ നിന്ന് കെട്ടുകഥ സൃഷ്ടിക്കാനുള്ള ശ്രമമാണ്,’’ സെബിയുടെ മുന്‍ എക്സിക്യുട്ടിവ് ഡയറക്ടർ ജെഎന്‍ ഗുപ്ത പറഞ്ഞു.
പ്രമുഖ നിക്ഷേപകനായ വിജയ് കേജിയയും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.
ഹിന്‍ഡന്‍ബര്‍ഗിന്റെ ഭീഷണിപ്പെടുത്താനുള്ള പദ്ധതി തകര്‍ന്നുപോയതായി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
അദാനിഗ്രൂപ്പ് വഞ്ചനാപരമായ ഇടപാടുകള്‍ നടത്തുന്നുണ്ടെന്നും ഓഹരി വിപണിയില്‍ കൃത്രിമത്വം കാണിക്കുന്നുമുണ്ടെന്നുമുള്ള ഹിന്‍ഡന്‍ബര്‍ഗിന്റെ ആദ്യ റിപ്പോർട്ട് പുറത്തുവന്നത് 2023 ജനുവരി 24-നാണ്.
അദാനി എന്റര്‍പ്രൈസസ് 24,000 -കോടി എഫ്പിഒ ഇഷ്യു ചെയ്യുന്ന സമയത്താണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വിപണിയില്‍ തകര്‍ന്നിരുന്നു.
എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ടെന്നും പറഞ്ഞ അദാനി ഗ്രൂപ്പ് തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കിയിരുന്നു.