play-sharp-fill
ആർപ്പൂക്കര സൂര്യാകവലയിൽ ബക്കറ്റിൽക്കെട്ടിയ നിലയിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ: കൊലപാതകമെന്ന സംശയത്തിൽ നാട്ടുകാർ; സംഭവത്തിൽ ദുരൂഹത; പരിശോധനയ്ക്ക് ഗാന്ധിനഗർ പൊലീസ് സംഘം

ആർപ്പൂക്കര സൂര്യാകവലയിൽ ബക്കറ്റിൽക്കെട്ടിയ നിലയിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ: കൊലപാതകമെന്ന സംശയത്തിൽ നാട്ടുകാർ; സംഭവത്തിൽ ദുരൂഹത; പരിശോധനയ്ക്ക് ഗാന്ധിനഗർ പൊലീസ് സംഘം

സ്വന്തം ലേഖകൻ

കോട്ടയം: ആർപ്പൂക്കര മണിയാപറമ്പ് സൂര്യാക്കവലയിൽ ബക്കറ്റിൽക്കെട്ടിയ നിലയിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഡയപ്പറും തുണിയുടെ അവശിഷ്ടങ്ങളും മനുഷ്യന്റെ ആന്തരിക അവയവയുടെ അവശിഷ്ടങ്ങളും അടങ്ങിയ ബക്കറ്റാണ് റോഡരികിൽ വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്. വസ്ത്രത്തിന്റെ അവശിഷ്ടങ്ങൾ അടങ്ങിയ ബക്കറ്റ് കണ്ടെത്തിയതോടെ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ആർപ്പൂക്കര – മണിയാപറമ്പ് റോഡിൽ സൂര്യാക്കവലയ്ക്ക് സമീപത്താണ് ബക്കറ്റിൽക്കെട്ടിയ നിലയിൽ മാംസാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബക്കറ്റിനുള്ളിൽ മൃതദേഹത്തിന്റെ തലയാണെന്ന് ആരോപിച്ച് നാട്ടുകാർ തടിച്ചു കൂടി. തുടർന്ന് വിവരം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസിനെ അറിയിച്ചു. തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റിനുള്ളിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ബക്കറ്റിനുള്ളിലുള്ളതെന്നാണ് ലഭിക്കുന്ന സൂചന. മെഡിക്കൽ കോളേജ് ആശുപത്രിയോ, മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയിൽ നിന്നോ അവശിഷ്ടങ്ങൾ ബക്കറ്റിൽക്കെട്ടി ഇവിടെ തള്ളിയതാണെന്നാണ് സംശയിക്കുന്നത്. രാത്രിയിൽ വെള്ളത്തിലേയ്ക്ക് വലിച്ചെറിയാൻ കൊണ്ടു വന്ന സാധനങ്ങൾ റോഡിൽ നിന്നും എറിഞ്ഞപ്പോൾ റോഡരികിൽ വീണതാവാമെന്നാണ് സംശയിക്കുന്നത്. തുടർന്ന് ബക്കറ്റ് തുറന്ന് അവശിഷ്ടങ്ങൾ റോഡിൽ വീണതാകാം എന്നും സംശയിക്കുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം ഡോക്ടർമാർ സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം മാത്രമേ ഇതു സംബന്ധിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കൂ. സംഭവ സ്ഥലത്ത് നൂറുകണക്കിന് ആളുകൾ തടിച്ച് കൂടിയിട്ടുമുണ്ട്.