സോനമോളുടെ കാഴ്ച പൂർണ്ണമായി തിരിച്ച് കിട്ടി ; ആദ്യം കാണാനെത്തിയത് ടീച്ചറമ്മയെ

സോനമോളുടെ കാഴ്ച പൂർണ്ണമായി തിരിച്ച് കിട്ടി ; ആദ്യം കാണാനെത്തിയത് ടീച്ചറമ്മയെ

സ്വന്തം ലേഖിക

തിരുവനന്തപുരം : ‘സ്‌കൂളിൽ പോകും മുമ്പ് എനിക്കൊരാളെ കണ്ടേ പറ്റൂ’ കാഴ്ച തിരിച്ച് കിട്ടിയതിന്റെ സന്തോഷം മാറും മുമ്പ് തൃശൂരുകാരി സോനാമോൾ മാതാപിതാക്കളോട് പറഞ്ഞു. അച്ഛനമ്മമാർക്കും സന്തോഷമായി. നേരെ ടീച്ചറമ്മയുടെ അടുത്തേക്ക്. കെട്ടിപ്പിടിച്ച് ചിരിച്ചും വിശേഷങ്ങൾ തിരക്കിയും സോനമോളും മന്ത്രി കെ.കെ. ശൈലജയും സന്തോഷം പങ്കു വച്ചു.’ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ്’ എന്ന രോഗാവസ്ഥയെ തുടർന്ന് കാഴ്ച നഷ്ടമായ സോനമോൾക്ക് സർക്കാരിന്റെ കൃത്യ സമയത്തുള്ള ഇടപെടലിലൂടെയാണ് കാഴ്ച തിരികെ ലഭിച്ചത്. ഈ രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും വാർത്തയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശ പ്രകാരം കേരള സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുക്കുകയായിരുന്നു. ഹൈദരാബാദിലെ എൽ.വി. പ്രസാദ് ആശുപത്രിയിലെ ഒരു മാസത്തെ ചികിത്സ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇനി തിരുവനന്തപുരം ആർ.ഐ.ഒയിലാണ് തുടർ ചികിത്സ.അപസ്മാര ബാധിച്ചാണ് സോനാമോളെ തൃശൂർ ജൂബിലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അവിടെ ചികിത്സയ്ക്കിടയിൽ ‘ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ്’ എന്ന രോഗം ഉണ്ടായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചു. അവിടുത്തെ ശിശുരോഗ വിഭാഗം തലവൻ ഡോ. പുരുഷോത്തമന്റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി മനസിലായി. മന്ത്രി കെ.കെ. ശൈലജ സംഭവത്തിലിടപെടുകയും കാഴ്ച തിരിച്ച് കിട്ടാൻ കഴിയുമെങ്കിൽ എവിടെവേണമെങ്കിലും കൊണ്ടുപോയി ചികിത്സിക്കാനും നിർദ്ദേശിച്ചു. ഇന്ത്യയിലെ പ്രധാന ആശുപത്രികളുമായി തൃശൂർ കളക്ടർ ടി.വി. അനുപമ, സാമൂഹ്യ സുരക്ഷ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, ഡോ. പുരുഷോത്തൻ എന്നിവർ ബന്ധപ്പെട്ടു. നേത്ര ചികിത്സയ്ക്ക് പ്രശസ്തമായ ഹൈദരാബാദിലെ എൽ.വി പ്രസാദ് ആശുപത്രിയിൽ അടുത്ത ദിവസം തന്നെ കുട്ടിയെ എത്തിക്കാൻ തീരുമാനിച്ചു.തൃശൂർപ്പൂര സമയമായതിനാൽ പൊലീസ് അകമ്പടിയിലാണ് കുട്ടിയെ എയർപോർട്ടിൽ എത്തിച്ചത്. ഡോ. യു.ആർ. രാഹുൽ കുട്ടിയെ അനുഗമിച്ചു. എൽ.വി പ്രസാദ് ആശുപത്രിയിൽ ഒരു മാസത്തോളം ചികിത്സിച്ച് നിരവധി ശസ്ത്രക്രിയകൾ നടത്തി. തുടർന്നാണ് കാഴ്ച പൂർണമായും തിരിച്ച് കിട്ടിയത്. ഹൈദരാബാദിലേക്കുള്ള വിമാന ചാർജ്, താമസം അടക്കം എല്ലാ ചെലവുകളും സാമൂഹ്യ സുരക്ഷ മിഷനാണ് വഹിച്ചത്.