മദ്യപിക്കാന്‍ വിസമ്മതിച്ച അച്ഛനെ മകന്‍ വെട്ടി; തലയ്ക്ക് 20-ഓളം തുന്നലുകളുമായി ഗുരുതര പരുക്കുകളോടെ പിതാവ് ആശുപത്രിയില്‍; പോലീസിനെ വെട്ടിലാക്കി അച്ഛന്റെ പ്രതികരണം
സ്വന്തം ലേഖകൻ
വര്‍ക്കല: അച്ഛനെ മകൻ തലയ്ക്ക് വെട്ടി പരുക്കേല്‍പ്പിച്ചു. വർക്കല പ്രഭാമന്ദിരത്തില്‍ പ്രസാദിനെ (63) ആണ് മകൻ പ്രിജിത്ത് (31) വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. മദ്യപിക്കാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു മകന്റെ ആക്രമണം.
ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ വർക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് 20-ഓളം തുന്നലുകളുണ്ട്. വിദഗ്ധ ചികിത്സിക്കായി പ്രസാദിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒറ്റയ്ക്ക് താമസിക്കുന്ന പ്രസാദിന്റെ വീട്ടില്‍ മദ്യപിച്ചെത്തിയ ശേഷം പ്രിജിത്ത് പിതാവിനോട് മദ്യപിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തുമ്ബോഴേക്കും പ്രിജിത്ത് ഓടി രക്ഷപ്പെട്ടു. ബന്ധുക്കളാണ് പ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു പ്രസാദ് മുന്‍പ് താമസിച്ചിരുന്നത്. മകന്റെ ഉപദ്രവം കാരണം പിന്നീട് കുടുംബവീട്ടിലേക്ക് മാറുകയായിരുന്നു. മുന്‍പും പ്രിജിത്ത് പ്രസാദിനെ ഉപദ്രവിച്ചിട്ടുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.
മൊഴിയെടുക്കാന്‍ ചെന്ന പോലീസിനെ വെട്ടിലാക്കിയായിരുന്നു അച്ഛന്റെ പ്രതികരണം. പരാതി ഇല്ലെന്നാണ് പ്രസാദ് പോലീസിനോട് പറഞ്ഞത്. “പരാതി ഇല്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ല. അതിനാല്‍ മൊഴിയെടുക്കാന്‍ ചെന്നിട്ടും അതിന് കഴിയാതെ മടങ്ങി.” – വര്‍ക്കല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.ശ്രീകുമാര്‍ പറഞ്ഞു.