സോളാര്‍ പീഡനക്കേസ്; മുന്‍ സ്റ്റാഫംഗം വഴി എ പി അനില്‍കുമാര്‍ പരാതിക്കാരിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ വാങ്ങി; കേരള ഹൗസ് കേന്ദ്രീകരിച്ച്‌ സിബിഐ അന്വേഷണം; ജീവനക്കാരുടെ മൊഴിയെടുത്തു

സോളാര്‍ പീഡനക്കേസ്; മുന്‍ സ്റ്റാഫംഗം വഴി എ പി അനില്‍കുമാര്‍ പരാതിക്കാരിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ വാങ്ങി; കേരള ഹൗസ് കേന്ദ്രീകരിച്ച്‌ സിബിഐ അന്വേഷണം; ജീവനക്കാരുടെ മൊഴിയെടുത്തു

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: സോളാര്‍ പീഡനക്കേസില്‍ ഡല്‍ഹി കേരള ഹൗസ് ജീവനക്കാരില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തു.

മുന്‍ മന്ത്രി എ പി അനില്‍കുമാറിനെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള ഹൗസിലെ ജീവനക്കാരില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തത്. 2012ല്‍ അനില്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പി.പി നസറുള്ള മുറിയെടുത്തതിനെ കുറിച്ചും ‌സിബിഐ അന്വേഷിച്ചു. കേരള ഹൗസില്‍ മുറിയെടുത്ത് താമസിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ മന്ത്രി എ.പി അനില്‍ കുമാര്‍ പരാതിക്കാരിയില്‍ നിന്ന് പി.പി നസറുള്ള വഴി ഏഴ് ലക്ഷം രൂപ സ്വീകരിച്ചുവെന്നാണ് പ്രധാന ആരോപണം. പിന്നീട് കേരള ഹൗസ് കേന്ദ്രീകരിച്ച്‌ തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്നും പരാതിയില്‍ പറയുന്നു.

2012 ല്‍ കേരള ഹൗസില്‍ ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ വിളിച്ചു വരുത്തിയതിന് ശേഷം പി.പി നസറുള്ളയുടെ ഫോട്ടോ കാണിച്ച്‌ ഇദ്ദേഹത്തെ അറിയുമോയെന്നാണ് സി.ബി.ഐ ചോദിച്ചത്. എന്നാല്‍ പലര്‍ക്കും അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.

അതേസമയം സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന നടത്തി. ഹൈബി ഈഡന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ മുപ്പത്തിനാലാം മുറിയിലാണ് പരിശോധന നടത്തുന്നത്.

പരാതിക്കാരിയെ ഹൈബി ഈഡന്‍ എംഎല്‍എ ഹോസ്റ്റലില്‍വച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. 2013-14 ലാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. പതിനൊന്നുമണിയോടെ പരാതിക്കാരിയുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയത്. ഈ റൂമില്‍ ഇപ്പോള്‍ മറ്റൊരു എം.എല്‍.എയാണ് താമസിക്കുന്നത്.

സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡന്‍ മുന്‍പ് പ്രതികരിച്ചിരുന്നു. ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി അബ്‌ദുള്ളകുട്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിങ്ങനെ ആറു നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്.