മണ്ഡലകാലാരംഭം മുതൽ ഇതുവരെ സന്നിധാനത്തുനിന്നും പിടികൂടിയത് 33 പാമ്പുകളെ; പിടികൂടിയതിൽ അഞ്ച് അണലികളും 14 കാട്ടുപാമ്പുകളും; തീർത്ഥാടകർക്ക് ഭീഷണിയായ 93 കാട്ടുപന്നികളെയും പിടികൂടി ഉൾവനത്തിൽ വിട്ടു
ശബരിമല: മണ്ഡലകാലം ആരംഭിച്ചതുമുതൽ ഇതുവരെ സന്നിധാനത്തുനിന്ന് പിടികൂടിയത് 33 പാമ്പുകളെ. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ നിരീക്ഷണവും ജാഗ്രതയുമാണ് ഇവയെ കണ്ടെത്താൻ സഹായകമായത്.
തീർത്ഥാടന കാലം സുരക്ഷിതമാക്കുന്നതിന് വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സന്നിധാനത്തെ വനം വകുപ്പ് സ്പെഷ്യൽ ഓഫീസർ ലിതേഷ് ടി പറഞ്ഞു. അഞ്ച് അണലികളും 14 കാട്ടുപാമ്പുകളെയും ഉൾപ്പെടെ ഇതുവരെ പിടികൂടി ഉൾവനത്തിൽ വിട്ടുകഴിഞ്ഞു.
തീർത്ഥാടകർക്ക് ഭീഷണിയായ 93 കാട്ടുപന്നികളെയും ഉൾവനത്തിൽ വിട്ടു. ഇന്ന് സന്നിധാനത്ത് പതിനെട്ടാം പടിയ്‌ക്ക് സമീപത്ത് നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് പാമ്പിനെ ആദ്യം കണ്ടത്. വിഷമില്ലാത്തയിനം കാട്ടുപാമ്പാണെന്ന് വനം വകുപ്പ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അംഗീകൃത പാമ്പ് പിടിത്തക്കാരെയും എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളെയും ഉൾപ്പെടെ ഇത്തരം വന്യജീവികളെ അകറ്റാനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. കാനനപാതയിലൂടെയുള്ള യാത്ര ആയതിനാൽ തന്നെ വന്യജീവികളുടെ സാന്നിധ്യം ഉണ്ടാകും. എന്നാൽ നിരന്തരം മനുഷ്യസാന്നിധ്യമുളളതിനാൽ ഇവയിലധികവും കൂടുതൽ ഉപദ്രവകാരികളാകാറില്ല.