പാതാളത്തവളയ്ക്ക് പിന്നാലെ യൂഫ്ളിക്റ്റീസും; തട്ടേക്കാട് വനാന്തരത്തിൽ നിന്നും ഇതുവരെ കണ്ടെത്തിയത്  28 ഇനം തവളകളെ; കൂടുതൽ പഠനത്തിന് ഒരുങ്ങി പക്ഷിസങ്കേത ഗവേഷണകേന്ദ്രം

പാതാളത്തവളയ്ക്ക് പിന്നാലെ യൂഫ്ളിക്റ്റീസും; തട്ടേക്കാട് വനാന്തരത്തിൽ നിന്നും ഇതുവരെ കണ്ടെത്തിയത് 28 ഇനം തവളകളെ; കൂടുതൽ പഠനത്തിന് ഒരുങ്ങി പക്ഷിസങ്കേത ഗവേഷണകേന്ദ്രം

സ്വന്തം ലേഖകൻ

കോതമംഗലം: അപൂർവ ഇനം ജീവിവർ​ഗങ്ങളുടെ ആവാസകേന്ദ്രമായ തട്ടേക്കാട് വനാന്തരത്തിൽ പുതിയ ഒരു അതിഥിയെ കൂടി കണ്ടെത്തി.കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കാണാറുള്ള ചാട്ടത്തവളയോട് സാമ്യമുള്ള യൂഫ്ളിക്റ്റീസിനെ (സ്കിറ്ററിങ്‌ ഫ്രോഗ്‌) ഡോ. സലീം അലി പക്ഷിസങ്കേതമേഖലയിൽനിന്നാണ് കണ്ടെത്തിയത്.

കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡോ. കെ പി ദിനേഷ്, ഡോ. കൗഷിക് ദൗത്തി എന്നിവരുടെ നേതൃത്വത്തിലുള്ള പഠന ഗവേഷക സംഘമാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്‌. ഇതോടെ, തട്ടേക്കാട് മേഖലയിൽ കൂടുതൽ പഠനത്തിന് ഒരുങ്ങുകയാണ് പക്ഷിസങ്കേത ഗവേഷണകേന്ദ്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമഘട്ട മലനിരകളിലെ താഴ്വാരങ്ങളിലെ ശുദ്ധജലസ്രോതസ്സുകളാണ് അപൂർവ തവളകളുടെ ആവാസകേന്ദ്രം. സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായ പാതാളത്തവളയും (പർപ്പിൾ ഫ്രോഗ്) തട്ടേക്കാടിന്റെ സംഭാവനയാണ്. 1994ലാണ്‌ അവയെ കണ്ടെത്തിയത്‌. ബലൂൺ ഫ്രോഗ് എന്നും അത്‌ അറിയപ്പെടുന്നു.

നഖത്തിന്റെമുതൽ കൈപ്പത്തിയുടെവരെ വലിപ്പമുള്ള 28 ഇനം തവളകളെ തട്ടേക്കാട് വനാന്തരത്തിൽ കണ്ടെത്തിയതായി പ്രശസ്ത വന്യജീവി ശാസ്ത്രജ്ഞൻ ഡോ. ആർ സുഗുതൻ പറഞ്ഞു. ലോക പൈതൃക പട്ടികയിൽ ഇടംനേടിയിട്ടുള്ള പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളുടെ കലവറയാണ് തട്ടേക്കാട് പക്ഷിസങ്കേതമേഖല.

അത്യപൂർവങ്ങളായതും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ജൈവ സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പൂയംകുട്ടിയുമായി വ്യാപിച്ചുകിടക്കുന്ന പ്രദേശംകൂടിയാണിത്‌. അയ്യായിരത്തോളം പുഷ്പിത ഔഷധസസ്യങ്ങൾ, 138 സസ്തനികൾ, 34 ഇനം മീനുകൾ, 22 ഇനം ഉഭയജീവികൾ, 43 ഇനം ഉരഗവർഗങ്ങൾ, ദേശാടനക്കാരടക്കം 320 ഇനം പക്ഷികൾ എന്നിവ ഈ മേഖലയിലുണ്ട്. പുതിയ ഇനം തവളയെക്കൂടി കണ്ടതോടെ കൂടുതൽ അന്വേഷണവും ഗവേഷണവും നടത്താനുള്ള നീക്കത്തിലാണ് പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (കെഎഫ്ആർഐ) തട്ടേക്കാട് പക്ഷി ഗവേഷണകേന്ദ്രവും.