തിടനാട് എസ്.ഐയും കുടുംബവും സഞ്ചരിച്ച കാർ ട്രെയിലറുമായി കൂട്ടിയിടിച്ചു: എസ്.ഐയ്ക്കും കുടുംബത്തിനും സാരമായി പരിക്കേറ്റു: അപകടം കഴിഞ്ഞ ദിവസം ലോറി അപകടമുണ്ടായ എം.സി റോഡിൽ മാവിളങ്ങിൽ

തിടനാട് എസ്.ഐയും കുടുംബവും സഞ്ചരിച്ച കാർ ട്രെയിലറുമായി കൂട്ടിയിടിച്ചു: എസ്.ഐയ്ക്കും കുടുംബത്തിനും സാരമായി പരിക്കേറ്റു: അപകടം കഴിഞ്ഞ ദിവസം ലോറി അപകടമുണ്ടായ എം.സി റോഡിൽ മാവിളങ്ങിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരുവനന്തപുരത്തെ വീട്ടിലേയ്ക്കു പോകുന്നതിനായി കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന തിടനാട് എസ്.ഐ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറിൽ ഇടിച്ചു കയറി എസ്.ഐയ്ക്കും കുടുംബത്തിനും ഗുരുതര പരിക്ക്. അപകടത്തിൽ സാരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന എസ്.ഐ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. തിടനാട് എസ്.ഐ തിരുവനന്തപുരം പുതിയ തുറ സ്വദേശി ആന്റണി ജോസഫ് (38), ഭാര്യ രമ്യ (26), മക്കളായ ആരോൺ (ആറ്) ആമേയ (മൂന്ന് ) എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ എം.സി റോഡിൽ പള്ളം മാവിളങ് ജംഗ്ഷനിൽ പെട്രോൾ പമ്പിനു സമീപത്തെ വളവിലായിരുന്നു അപകടം. തിടനാട്ടിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിലേയ്ക്കു പോകുകയായിരുന്നു എസ്.ഐയും കുടുംബവും. എസ്.ഐ ആന്റണി ജോസഫാണ് കാർ ഓടിച്ചിരുന്നത്. മാവിളങ്ങിലെ വളവ് തിരിഞ്ഞു വരുന്നതിനിടെ നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ നിന്നും വന്ന രാജസ്ഥാൻ രജിസ്‌ട്രേഷനിലുള്ള ട്രെയിലറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിന്റെ വൻ ശബ്ദം കേട്ട് ഓടിക്കൂടിയവരാണ് അപകടത്തിൽപ്പെട്ടവരെ കാറിനുള്ളിൽ നിന്നും പുറത്ത് എത്തിച്ചത്. തുടർന്ന് ചിങ്ങവനം എസ്.ഐയുടെ നേതൃത്വത്തിലുള്ള പെട്രോളിംങ് സംഘം സ്ഥലത്ത് എത്തി ആംബുലൻസ് വിളിച്ചു വരുത്തിയാണ് അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
കാറിന്റെ ചില്ലുകൾ തറച്ച് എല്ലാവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. രമ്യയ്ക്ക് കൈയ്ക്ക് പരുക്കുണ്ട്. കുട്ടികൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളെ ഐസിഎച്ചിൽ പ്രവേശിപ്പിച്ചു.