കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഒടുവിൽ വിജയം: ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സഭ പുറത്താക്കി; പത്തു ദിവസത്തിനുള്ളിൽ മഠത്തിൽ നിന്നും ഒഴിയണമെന്ന് അന്ത്യശാസനം

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഒടുവിൽ വിജയം: ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സഭ പുറത്താക്കി; പത്തു ദിവസത്തിനുള്ളിൽ മഠത്തിൽ നിന്നും ഒഴിയണമെന്ന് അന്ത്യശാസനം

സ്വന്തം ലേഖകൻ

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിഞ്ഞിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിൻതുണ ഊട്ടിയുറപ്പിച്ച് സഭ. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകുകയും സമരത്തിന് നേതൃത്വം നൽകുകയും ചെയ്ത് കന്യാസ്ത്രീമാരെ ഓരോരുത്തരെയായി തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ് ഇപ്പോൾ സഭയും ബിഷപ്പ് ഫ്രാങ്കോയെ അനുകൂലിക്കുന്ന വിഭാഗവും. ഏറ്റവും ഒടുവിൽ ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകാനും, കന്യാസ്ത്രകളുടെ സമരത്തെ മുന്നിൽ നിന്നു നയിക്കാനും നേതൃത്വം നൽകിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലാണ് ഇപ്പോൾ ഫ്രാങ്കോയുടെ വൈരാഗ്യത്തിന് ഇരയായിരിക്കുന്നത്.
സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയുള്ള ഉത്തരവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.  ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിൽ നിന്നാണ് ലൂസി കളപ്പുരയെ പുറത്താക്കിയത്. മെയ് 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.

കാനോൻ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങൾ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നൽകിയിരുന്നു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്‌ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 11 ന് ദൽഹിയിൽ ചേർന്ന ജനറൽ കൗൺസിലിൽ എല്ലാവരും ഏകകണ്ഡമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്തെന്നാണ് വിവരം. ലൂസി കളപ്പുരയ്ക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നൽകുന്നതിൽ സിസ്റ്റർ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നൽകിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം നിരസിച്ചു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാണിക്കുന്നത്.
ഇതോടെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ രൂപതാ അദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ ഇപ്പോഴും കൂടുതൽ ശക്തനാണെന്നതിന്റെ വ്യക്തമായ സന്ദേശം കൂടിയായി ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ. കോടതിയിൽ കേസ് എത്തുമ്പോൾ എന്താവും എന്നുള്ളതിന്റെ സന്ദേശം കൂടിയാണ് ബിഷപ്പിന്റെ ഇപ്പോഴത്തെ നടപടികൾ.