കുമാരകത്തുകാരുടെ പ്രിയ ‘ഡോക്ടര്‍’ അന്നമ്മ സിസ്റ്റര്‍ ഇനി ഓർമ്മ

കുമാരകത്തുകാരുടെ പ്രിയ ‘ഡോക്ടര്‍’ അന്നമ്മ സിസ്റ്റര്‍ ഇനി ഓർമ്മ

സ്വന്തം ലേഖകൻ

കുമരകം: കുമരകം നിവാസികള്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്ബുവരെ അന്നമ്മ സിസ്റ്റര്‍ കേവലം നഴ്‌സ് മാത്രമായിരുന്നില്ല, ഒരു ലേഡി ഡോക്ടറായിരുന്നു.അമേരിക്കയിലെ ഹൂസ്റ്റണില്‍ അന്തരിച്ച കുമരകം സെന്‍റ് മേരീസ് ഡിസ്പന്‍സറിഉടമയും പരേതനായ ചാക്കോ വാളച്ചേരിയുടെ ഭാര്യയുമായ അന്നമ്മ ചാക്കോ വാളച്ചേരിലിന്‍റെ (91) സംസ്‌കാരം 10ന് നാഷ്‌വില്ലിലെ അലക്സാണ്ടര്‍ ഫ്യൂണറല്‍ ഹോമില്‍ നടക്കും.

കുമരകം ബോട്ടുജെട്ടിയിലെ ഇപ്പോഴത്തെ ഓട്ടോ സ്റ്റാന്‍ഡിനുസമീപം 50-60 വർഷം മുന്പ് പ്രവര്‍ത്തിച്ചിരുന്ന സെന്‍റ് മേരീസ് ഡിസ്പന്‍സറിയിലെത്തിയാല്‍ സാധാരണ രോഗങ്ങളെല്ലാം പമ്ബകടക്കുമായിരുന്നു. അക്കാലത്ത് ഇപ്പോഴത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം മാത്രമായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പരിമിതികള്‍ മൂലം ജനങ്ങള്‍ ആശ്രയിച്ചിരുന്നത് അന്നമ്മ ചാക്കോയെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നത്തെ പോലെയുള്ള നിയമങ്ങളും പരിശാോധനകളും ആരോഗ്യ വകുപ്പിന്‍റെ നടപടികളും ഇല്ലാതിരുന്നതിനാല്‍ രോഗികളെ പരിശോധിച്ചു ചികിത്സ നടത്തിയിരുന്നത് രജിസ്റ്റേര്‍ഡ് ഡോക്ടര്‍മാര്‍ മാത്രമായിരുന്നില്ല.

അന്ന് സെന്‍റ് മേരീസ് ഡിസ്പന്‍സറി കുമരകത്തിന്‍റെ മെഡിക്കല്‍ കോളജായിരുന്നു. ഉടമ അന്നമ്മ ചാക്കോ നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട അന്നമ്മ നഴ്സും. ഡോക്ടര്‍മാരേക്കാള്‍ ആദരവ് ലഭിച്ചിരുന്ന മിഡ്‌വൈഫ്, ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കും ആരോഗ്യകരമായ പരിചരണവും പോഷണവും ഉറപ്പാക്കിയിരുന്ന അന്നമ്മ, കുമരകം ഗ്രാമത്തിന്‍റെ ആരോഗ്യപരിരക്ഷയുടെ മുഖമായി മാറി.

ഉഴവൂര്‍ ചീക്കപ്പാറ കുടുംബാംഗമായ അന്നമ്മ, വാളച്ചേരില്‍ ചാക്കോയുടെ ഭാര്യയായി വന്നതോടെയാണ് കുമരകംകാരുടെ അന്നമ്മ ആന്‍റിയായി മാറിയത്. ആറരപ്പതിറ്റാണ്ടിലധികം നീണ്ടുനിന്നതായിരുന്നു അവരുടെ നഴ്സിംഗ് പരിചരണം. അന്നമ്മയുടെ തൊഴിലിനോടുള്ള അര്‍പ്പണബോധം കേവലം വൈദ്യസഹായം നല്‍കുന്നതിനും അപ്പുറമായിരുന്നു.

പ്രാദേശിക തലത്തില്‍ ന്യൂട്രീഷനിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, കൗണ്‍സലര്‍, പാലിയേറ്റീവ് കെയര്‍ നഴ്സ് തുടങ്ങിയ ഉത്തരവാദിത്വങ്ങളേറ്റെടുത്ത് ഗ്രാമീണരുടെ ആരോഗ്യസംരക്ഷണ യജ്ഞത്തില്‍ പങ്കാളിയായി. ഭൂമിയിലേക്കു കണ്ണുതുറക്കുന്ന 600ല്‍ അധികം കുഞ്ഞുങ്ങളുടെ പ്രസവം എടുത്ത അന്നമ്മ സിസ്റ്റർ അശ്രാന്ത പരിശ്രമത്തിനും മികവിനോടുള്ള പ്രതിബദ്ധതയ്ക്കും പര്യായമായിരുന്നു. അവരുടെ കരുതലുള്ള സ്വഭാവം എണ്ണമറ്റ രോഗികളുടെ ജീവിതത്തെ സ്പര്‍ശിച്ചു, ആതുരശുശ്രൂഷാ മേഖലയില്‍ ശാശ്വതമായ പാരമ്ബര്യം അവശേഷിപ്പിച്ചു.

നാട്ടുകാരുടെ ആരോഗ്യസംരക്ഷണത്തിന്‍ കാണിച്ച സൂക്ഷ്മതയും ശ്രദ്ധയും മക്കളുടെ പഠനത്തിലും അന്നമ്മ പുലര്‍ത്തി. നാലു മക്കളും (സൈമണ്‍, അലക്സ്, പുഷ്പ, ദിലീപ്) പഠിച്ചുമിടുക്കരായി ഉന്നതസ്ഥാനങ്ങളിലെത്തി. കുടുംബത്തോടുള്ള സമര്‍പ്പണം കുടുംബാംഗങ്ങളുടെ ഹൃദയത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. 91-ാം വയസില്‍ അന്നമ്മ ലോകത്തോടു വിടപറഞ്ഞത് തലമുറകള്‍ക്ക് ഓര്‍മിക്കപ്പെടുന്ന സ്നേഹവും കരുതലും നല്‍കിയാണ്. ഇളയമകന്‍ ദിലീപ് വാളച്ചേരിയുടെ ടെന്നസിയിലെ നാഷ്‌വില്ലിലെ വസതിയിലായിരുന്നു അന്ത്യം.

മക്കള്‍: സൈമണ്‍ ചാക്കോ വാളച്ചേരില്‍ (ഹൂസ്റ്റണ്‍, നേര്‍ക്കാഴ്ച ചീഫ് എഡിറ്റര്‍), അലക്സ് ചാക്കോ വാളച്ചേരില്‍ (ഓസ്ട്രേലിയ), പുഷ്പ കാപ്പില്‍ (ഡാളസ്), ദിലീപ് വാളച്ചേരില്‍ (നാഷ്‌വില്‍). മരുമക്കള്‍: എല്‍സി സൈമണ്‍ ചാമക്കാല (ഹൂസ്റ്റണ്‍), മെയ്സി അലക്സ് വലിയപുത്തന്‍പുരയ്ക്കല്‍ (ഓസ്ട്രേലിയ), പ്രദീപ് കാപ്പില്‍ (ഡാളസ്), മനു ജോസഫ് കല്ലേലിമണ്ണില്‍ (നാഷ്‌വില്‍).