നെഞ്ചില്‍ വിരലുകൊണ്ട് ഞെരിച്ചു; സാങ്കല്‍പ്പിക കസേരയിലിരുത്തിയപ്പോള്‍ പലതവണ വീണു; സിദ്ധാര്‍ത്ഥ് നേരിട്ടത് അതിക്രൂരപീഡനമെന്ന് ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ട്

നെഞ്ചില്‍ വിരലുകൊണ്ട് ഞെരിച്ചു; സാങ്കല്‍പ്പിക കസേരയിലിരുത്തിയപ്പോള്‍ പലതവണ വീണു; സിദ്ധാര്‍ത്ഥ് നേരിട്ടത് അതിക്രൂരപീഡനമെന്ന് ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വ‌ർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥ് നേരിട്ടത് അതിക്രൂര പീഡനമെന്ന് ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോർട്ട്.

കോളേജില്‍ നടന്നത് പരസ്യവിചാരണയാണെന്നും 18 പേർ പലയിടങ്ങളില്‍ വച്ച്‌ സിദ്ധാർത്ഥിനെ മർദ്ദിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു. 97 പേരുടെ മൊഴിയെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് യുജിസിക്ക് കൈമാറിയിരിക്കുകയാണ്.

റിപ്പോർട്ടില്‍ പറയുന്നത്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 15ന് വീട്ടിലേയ്ക്ക് പോകുന്നതിനായി സിദ്ധാർത്ഥ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോയിരുന്നു. ഒപ്പം മൂന്ന് വിദ്യാർത്ഥികളുമുണ്ടായിരുന്നു. രാത്രിയോടെ രണ്ട് വിദ്യാർത്ഥികള്‍ സിദ്ധാർത്ഥിനെ തിരികെവിളിച്ചു. 16ന് രാവിലെ എട്ടുമണിക്ക് സിദ്ധാർത്ഥ് തിരിച്ചെത്തി. അന്നുരാത്രിയാണ് മർദ്ദനം ആരംഭിച്ചത്. ആദ്യം കോളേജിന് സമീപത്തെ മലമുകളില്‍വച്ചും പിന്നീട് വാട്ടർ ടാങ്കിന് സമീപത്തുവച്ചും ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ഹോസ്റ്റലിലെ 21ാം നമ്ബർ മുറിയിലെത്തിച്ച്‌ അവിടെവച്ചും സംഘം ചേർന്ന് ക്രൂരമായി ആക്രമിച്ചു.

മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന സിൻജോ ജോണ്‍സണാണ് ഏറ്റവും കൂടുതല്‍ മർദ്ദിച്ചത്. സിദ്ധാർത്ഥിനെ കഴുത്തില്‍ പിടിച്ചുതൂക്കി അലമാരയോട് ചേർത്തുനിർത്തി അമർത്തി. സിദ്ധാർത്ഥിന്റെ വയറിലും മുതുകിലും പലതവണ ചവിട്ടി. സിദ്ധാർത്ഥിനെ അടിവസ്ത്രം മാത്രം ധരിക്കാനെ അനുവദിച്ചുള്ളൂ. അടിവസ്ത്രത്തില്‍ ഹോസ്റ്റല്‍ ഇടനാഴിയില്‍ നടത്തിച്ചു. നിലവിളി കേട്ടതായി പല വിദ്യാർത്ഥികളും മൊഴി നല്‍കിയിട്ടുണ്ട്.

സിദ്ധാർത്ഥിനെകൊണ്ട് തറ തുടപ്പിച്ചു. പ്രതികള്‍ ഓരോ മുറിയിലും തട്ടിവിളിച്ച്‌ ഉറങ്ങിയവരെ വിളിച്ചുണർത്തി. എല്ലാവരെയും പുറത്തേയ്ക്ക് വിളിച്ചു. സിദ്ധാർത്ഥിനെ ഹോസ്റ്റലിന്റെ പുറത്ത് നടുമുറ്റത്ത് എത്തിച്ചു. അടിവസ്ത്രത്തില്‍ നിർത്തി പരസ്യവിചാരണ തുടങ്ങി. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പറയിപ്പിക്കുകയും ക്ഷമാപണം നടത്തിക്കുകയും ചെയ്തു. ശേഷം നടുമുറ്റത്തുവച്ച്‌ മർദ്ദനം തുടങ്ങി. ബെല്‍റ്റും ഗ്ളൂ ഗണ്ണും ചാർജറിന്റെ കേബിളും ഉപയോഗിച്ച്‌ മർദ്ദിച്ചു. സിൻജോ കാലുകൊണ്ട് നെഞ്ചിലും പുറത്തും പലതവണ ചവിട്ടി. വിരലുകൊണ്ട് നെഞ്ചിലമർത്തി. കുനിച്ചുനിർത്തി പുറത്ത് പലതവണ അടിച്ചു.

പലതവണ സാങ്കല്‍പ്പിക കസേരയിലിരുത്തി. ഇരിക്കാനാവാതെ സിദ്ധാർത്ഥ് പലതവണ നിലത്തുവീണു. പിന്നീട് ഒന്നാം നിലയിലെ ഡോർമെട്രിയില്‍ സിദ്ധാർത്ഥിനെ എത്തിച്ച്‌ അവിടെവച്ചും മർദ്ദിച്ചു. അടുത്തദിവസം രാവിലെ സിദ്ധാർത്ഥ് കട്ടിലില്‍ കരഞ്ഞുകൊണ്ട് കിടക്കുന്നതുകണ്ടെന്ന് സാക്ഷിമൊഴിയുണ്ട്. ക‌ഞ്ഞിവെള്ളം കുടിക്കാൻ നോക്കിയെങ്കിലും വേദനകൊണ്ട് സാധിച്ചില്ല. തൊണ്ടയില്‍ മുറിവ് ഉണ്ടായിരുന്നു. എന്നിട്ടും ഡോക്‌ടറെ കാണിക്കാൻ ആരും തയ്യാറായില്ല. പകരം ഗുളിക നല്‍കാൻ പറഞ്ഞു.

18ന് നേരം വെളുത്തതിനുശേഷം ആരും സിദ്ധാർത്ഥിനെ കണ്ടിട്ടില്ല. ഒരു വിദ്യാർത്ഥി ശുചിമുറി തള്ളിത്തുറന്നപ്പോള്‍ സിദ്ധാർത്ഥ് തൂങ്ങി നില്‍ക്കുന്നതായാണ് കണ്ടത്. മർദ്ദിച്ചവർ പലരും ശുചിമുറിക്കടുത്തായി ഉണ്ടായിരുന്നു. 130 പേരുള്ള ഹോസ്റ്റലില്‍ നൂറിലധികം പേരും ഒന്നും കണ്ടിട്ടില്ലെന്നാണ് മൊഴി നല്‍കിയത്.