ശാസ്ത്രി റോഡിൽ കാലൊടിഞ്ഞു കിടന്നയാളുടെ ദുരൂഹമരണം: മെഡിക്കൽ കോളേജ് ജീവനക്കാർക്ക് വന്നത് ഗുരുതര വീഴ്ച; ഗുരുതരാവസ്ഥയിലുള്ളയാളെ റോഡരികിൽ തള്ളിയത് എന്തിനെന്ന ദുരൂഹത തുടരുന്നു; മരണകാരണം കണ്ടെത്താൻ ബുധനാഴ്ച പോസ്റ്റ്‌മോർട്ട്

ശാസ്ത്രി റോഡിൽ കാലൊടിഞ്ഞു കിടന്നയാളുടെ ദുരൂഹമരണം: മെഡിക്കൽ കോളേജ് ജീവനക്കാർക്ക് വന്നത് ഗുരുതര വീഴ്ച; ഗുരുതരാവസ്ഥയിലുള്ളയാളെ റോഡരികിൽ തള്ളിയത് എന്തിനെന്ന ദുരൂഹത തുടരുന്നു; മരണകാരണം കണ്ടെത്താൻ ബുധനാഴ്ച പോസ്റ്റ്‌മോർട്ട്

തേർഡ് ഐ ബ്യൂറോ

കോട്ടയം: സുഹൃത്തുക്കളുമായുണ്ടായ സംഘർഷത്തിൽ തലയ്ക്കു പരിക്കേറ്റും, കാലൊടിഞ്ഞും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയെ ശാസ്ത്രി റോഡിലെ കടത്തിണ്ണയ്ക്കരികിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. മെഡിക്കൽ കോളേജിൽ നിന്നും ഇയാളെ റോഡരികിൽ കൊണ്ടിട്ടതാണ് എന്ന് ആശുപത്രി അധികൃതർ തന്നെ സമ്മതിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നത്. ഇയാൾ നിർദേശിച്ച പ്രകാരമാണ് ശാസ്ത്രി റോഡരികിൽ ഇയാളെ ഇറക്കി വിട്ടതെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡ്രൈവറും ആംബുലൻസ് ജീവനക്കാരും വ്യക്തമാക്കുന്നത്.

കൊറോണക്കാലത്ത്, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന, എഴുന്നേറ്റു നടക്കാനാവാത്ത ആളെ ഇത്തരത്തിൽ റോഡരികിൽ ഉപേക്ഷിക്കാമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഈ കാര്യത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ഗുരുതര വീഴ്ച വന്നതായും സൂചനയുണ്ട്. സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ എട്ടിനാണ് കൊല്ലം മുളവന ഇടമല മുകളുവിള വീട്ടിൽ ബിജു(48)വിനെ തലയ്ക്കും കാലിനും ഏറ്റ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. നാഗമ്പടത്തു വച്ചുണ്ടായ സംഘർഷത്തിൽ പരിക്കേറ്റതായാണ് ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറിയിച്ചിരുന്നത്. ഇതേ തുടർന്നു, ഇയാളുടെ തലയിൽ നാല് കുത്തിക്കെട്ടുമിട്ട്, കാലിൽ മുട്ടിനു മുകളിൽ പ്ലാസ്റ്ററും ഇട്ടു. തുടർന്നു മൂന്നാഴ്ച വിശ്രമവും ഇയാൾക്കു നിർദേശിച്ചു.

എന്നാൽ, ബന്ധുക്കൾ ആരും ഒപ്പമില്ലാത്തതിനാൽ ഇയാളോട് എവിടെ പോകണമെന്നു ചോദിച്ചതായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറയുന്നു. കോട്ടയം നഗരത്തിലെ താമസ സ്ഥലത്തേയ്ക്കു പോകണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇത് അനുസരിച്ച് മെഡിക്കൽ കോളേജിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരും, ആംബുലൻസ് ഡ്രൈവർ അടക്കമുള്ളവരും ചേർന്നു ഇയാളെ വാഹനത്തിൽ കയറ്റി കോട്ടയം നഗരത്തിൽ എത്തിച്ചു. ഇയാൾക്ക് ശാസ്ത്രി റോഡിൽ ഇറങ്ങിയാൽ മതിയെന്ന് അറിയിച്ചതായി ആംബുലൻസ് ജീവനക്കാർ പറയുന്നു. ഇത് അനുസരിച്ച്, ഏപ്രിൽ 11 ന് ഇയാളെ ശാസ്ത്രി റോഡിലെ കടത്തിണ്ണയിൽ ഇറക്കി വിട്ടു.

ഒടിഞ്ഞ കാലുമായി, നേരെ നടക്കാനാവാത്ത, തലയിൽ നാലു കുത്തിക്കെട്ടുള്ളയാളെ മറ്റാരും നോക്കാനില്ലാതെ റോഡരികിൽ തള്ളുകയാണ് മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർ ചെയ്തത്. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ കാലത്ത്, റോഡരികിലുള്ളവരെയെല്ലാം സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്ത് കമ്മ്യൂണിറ്റി കിച്ചണിൽ അടക്കം എത്തിച്ചു സംരക്ഷിക്കുകയാണ്. ഇതിനിടെയാണ് സർക്കാരിന്റെ ഏറ്റവും ഉത്തരവാദിത്വപ്പെട്ട ആരോഗ്യ വിഭാഗങ്ങളിൽ ഒന്നായ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ഭാഗത്തു നിന്നു തന്നെ ഇത്തരത്തിൽ ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്.

ഇത്തരത്തിൽ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് രോഗിയെ റോഡരികിൽ തള്ളുകയും, ഇയാളെ മരണത്തിലേയ്ക്കു തള്ളിവിടുകയും ചെയ്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാർക്കെതിരെയാണ് യഥാർത്ഥത്തിൽ കേസെടുക്കേണ്ടത്. ഇത്രയും ഗുരുതരാവസ്ഥയിലുള്ള രോഗിയെ, ഒപ്പം മറ്റാരും ഇല്ലെന്നറിഞ്ഞിട്ട് റോഡരികിൽ ഇറക്കിവിട്ടത് ക്രൂരതയാണ്. ഇവരെ ഏതെങ്കിലും അഗതി മന്ദിരത്തിലോ, നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലോ ഇറക്കി വിടേണ്ടി വരികയോ ചെയ്യുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ഇതിനു തയ്യാറാകാതെ രോഗിയെ റോഡരികിൽ തള്ളിയത് ക്രൂരതയാണ്. ഇവർക്കെതിരെ കേസെടുക്കണമെന്നാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്ന ആവശ്യം.

മരിച്ച ബിജുവിന്റെ മൃതദേഹം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം ബുധനാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും. ഇവിടെ പോസ്റ്റ്‌മോർ്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ആരെങ്കിലും എത്തിയാൽ ഇവർക്കു കൈമാറും. ഇല്ലെങ്കിൽ പൊലീസ് ദിവസങ്ങൾക്കു ശേഷം സംസ്‌കരിക്കും.