
എറണാകുളം : അമ്മ അംഗത്വം രാജിവെച്ചെന്ന് പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ശ്വേത മേനോന്. പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവെച്ചെന്ന് ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭരണസമിതിക്കെതിരെ ഗൂഢാലോചന നടന്നെന്നും ശ്വേത ആരോപിച്ചു. പാവകളായില്ലെങ്കില്‍ ഈ സംഘടന ഓടിക്കാന്‍ പറ്റില്ലെന്നും അതിന് തനിക്ക് സാധിക്കില്ലെന്നും ശ്വേത മേനോന് പറഞ്ഞു. രാജിവെച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്വേത.
‘പണ്ട് കുറച്ച് സ്ത്രീകള്‍ പറഞ്ഞതു പോലെ ഇന്ന് എനിക്കും തോന്നി. കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടന വിട്ടുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ടയാണ്. അവിശ്വാസ പ്രമേയം ഒപ്പിടിച്ചു. നമ്മളെ അജണ്ട വെച്ച് പുറത്താക്കാന്‍ നോക്കി. ഞങ്ങളുടെ ഭരണസമിതി അധികാരത്തില്‍ വന്ന് സെപ്റ്റംബര്‍ ഒന്നാം തീയതി തൊട്ടുള്ള എല്ലാ കണക്കും ശരിയാണ്. അതിന് മുമ്പ് ബാബുരാജ് അംഗമായിരുന്ന കമ്മിറ്റിയിലെ കണക്കില്‍ ഒരുപാട് കുഴപ്പമുണ്ട്’ എന്നും ശ്വേത പറഞ്ഞു.
13 അംഗ ഭരണസമിതിയാണ് രാജിവച്ചിരിക്കുന്നത്. പ്രസിഡന്റ് ശ്വേത മേനോന്, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസ്സന്, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന് എന്നിവരുള്‍പ്പെടെയാണ് രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചര്‍ച്ചയായപ്പോള്‍ സംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി സ്ത്രീകള്‍ വരുന്നത് ചരിത്രമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എങ്കിലും സംഘടനയ്ക്കുള്ളിലെ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഭരണസമിതിയ്ക്ക് കഴിയാതെ വരികയായിരുന്നു. ഇതുമൂലമാണ് അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ശ്വേത മേനോന് ഉള്‍പ്പെടെയുള്ളവർക്ക് അധികാര സ്ഥാനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






