Spread the love

ന്യൂഡൽ‍ഹി: രാജ്യവ്യാപകമായി നടന്ന നീറ്റ് പുനഃപരീക്ഷ പൂർത്തിയായി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച പരീക്ഷയിൽ 23 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പരീക്ഷ കഴിഞ്ഞതിന് പിന്നാലെ പ്രതികരിച്ച നിരവധി വിദ്യാർത്ഥികൾ ഇത്തവണത്തെ ചോദ്യപേപ്പർ കഴിഞ്ഞ തവണത്തേതിനേക്കാൾ കടുപ്പമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് കെമിസ്ട്രി വിഭാഗത്തിലെ ചോദ്യങ്ങളാണ് കൂടുതൽ വെല്ലുവിളി ഉയർത്തിയതെന്നാണ് വിദ്യാർത്ഥികളുടെ വിലയിരുത്തൽ.

video
play-sharp-fill

മേയ് മാസത്തിൽ നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നുണ്ടായ വ്യാപക പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് കർശന സുരക്ഷാ ക്രമീകരണങ്ങളോടെ പുനഃപരീക്ഷ നടത്തിയത്. കേന്ദ്ര സർക്കാരിനും പരീക്ഷ സംഘടിപ്പിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും (എൻടിഎ) വിശ്വാസ്യത വീണ്ടെടുക്കാനുള്ള നിർണായക ഘട്ടമായാണ് ഈ പരീക്ഷയെ വിലയിരുത്തുന്നത്. വൈകുന്നേരം 5.15 വരെയായിരുന്നു പരീക്ഷ നടന്നത്. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് അധികസമയം അനുവദിച്ച് വൈകുന്നേരം 6.20 വരെയായിരുന്നു പരീക്ഷാ സമയം.

സുരക്ഷ ഉറപ്പാക്കുന്നതിനായി ഇതുവരെ കാണാത്ത രീതിയിലുള്ള സംവിധാനങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരുന്നത്. ചോദ്യപേപ്പറുകൾ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളിലൂടെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചു. രാജ്യത്തെ 551 നഗരങ്ങളിലെയും വിദേശത്തെ 14 കേന്ദ്രങ്ങളിലെയും 5,440 പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ നടന്നു. 95,000-ത്തിലധികം മുറികളിൽ സ്ഥാപിച്ച 1.38 ലക്ഷം സിസിടിവി ക്യാമറകളിലൂടെ ദേശീയ-സംസ്ഥാന തലങ്ങളിൽ തത്സമയ നിരീക്ഷണം നടത്തി. കോപ്പിയടി തടയാൻ 51,311 ജാമറുകളും വിന്യസിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ പരീക്ഷാ കേന്ദ്രത്തിലും 40 മുതൽ 50 വരെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊലീസിനൊപ്പം അർധസൈനിക വിഭാഗങ്ങളെയും സുരക്ഷയ്ക്കായി വിന്യസിച്ചു. ബയോമെട്രിക് പരിശോധനകൾക്കായി 48,000ത്തോളം ജീവനക്കാരും സേവനമനുഷ്ഠിച്ചു. പരീക്ഷാ നടപടികൾ സുഗമമായി നടക്കുന്നതായി ഉറപ്പാക്കാൻ മുൻദിവസം രാജ്യവ്യാപകമായി എൻടിഎ മോക്ക് ഡ്രിൽ സംഘടിപ്പിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗവും ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.