
തിരുവനന്തപുരം : തലസ്ഥാനത്ത് ബീക്കണ്‍ ലൈറ്റുമിട്ട് പാഞ്ഞു നടന്ന ഓള്‍ട്ടോ കാർ ഒടുവില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായി. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശത്താണ് ആഴ്ചകളായി സ്വകാര്യ വാഹനം കണ്ടത്. ദിവസവും പലതവണ ബീക്കണ്‍ ലൈറ്റ് തെളിയിച്ചും അമിത വേഗത്തിലും ഉച്ചത്തില്‍ ഹോണ്‍ മുഴക്കി ഓടിക്കൊണ്ടിരുന്ന വാഹനം പരാതിയെ തുടർന്ന് പാറശാല മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് ഉപയോഗത്തിലുണ്ടായിരുന്ന കാറിന്റെ കരാർ കാലാവധി കഴിഞ്ഞിരുന്നു. എന്നാൽ ഉടമസ്ഥൻ ബീക്കണ്‍ ലൈറ്റ് നീക്കാതെ നഗരത്തിലും ബൈപ്പാസിലുമെല്ലാം ചുറ്റി നടക്കുകയായിരുന്നു. നാട്ടുകാർ പരാതി നല്‍കിയതോടെ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന കാർ ക്രെയ്ൻ ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാറശാല സ്വദേശി ഷാജിൻ എന്നയാളുടെ വാഹനമാണിതെന്നാണ് വിവരം. ഇയാള്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.






