സെഞ്ചുറി തിളക്കത്തിൽ  രോഹിത്തും ഗില്ലും; കിവീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം

സെഞ്ചുറി തിളക്കത്തിൽ രോഹിത്തും ഗില്ലും; കിവീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം

സ്വന്തം ലേഖകൻ

ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം.
ശുഭ്‌മാന്‍ ഗില്ലും രോഹിത് ശര്‍മ്മയും തകർപ്പൻ ഫോമിലേക്ക് വന്നതോടെ ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്.

സെഞ്ചുറി നേടിയ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ഒന്നാം വിക്കറ്റില്‍ 26.1 ഓവറില്‍ 212 റണ്‍സ് ചേര്‍ത്തു. ഗില്‍ 72 ഉം രോഹിത് 83 ഉം പന്തിലാണ് 100 തികച്ചത്. രോഹിത്തിന്‍റെ മുപ്പതാമത്തേയും ഗില്ലിന്‍റെ അവസാന നാല് ഇന്നിംഗ്‌സില്‍ മൂന്നാമത്തെയും സെഞ്ചുറിയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗില്ലിനേക്കാള്‍ കൂടുതല്‍ ആക്രമിച്ച്‌ കളിച്ചത് രോഹിത്തായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 27-ാം ഓവറിലെ ആദ്യ പന്തില്‍ ബ്രേസ്‌വെല്ലാണ് രോഹിത്-ഗില്‍ സ്വപ്‌ന കൂട്ടുകെട്ട് പൊളിച്ചത്. 85 പന്തില്‍ 9 ഫോറും 6 സിക്‌സറും സഹിതം 101 റണ്‍സ് നേടിയ ഹിറ്റ്‌മാനെ ബ്രേസ്‌വെല്‍ ബൗള്‍ഡാക്കുകയായിരുന്നു.

തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ ഗില്ലിന്‍റെ ബാറ്റിംഗും അവസാനിച്ചു.
ടിക്‌നറെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്താന്‍ ശ്രമിച്ച ഗില്‍ കോണ്‍വേയുടെ ക്യാച്ചില്‍ പുറത്താവുകയായിരുന്നു. 78 പന്തില്‍ 13 ഫോറും 5 സിക്‌സും ഉള്‍പ്പടെ 112 റണ്‍സെടുത്താണ് ഗില്ലിന്‍റെ മടക്കം. 34 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 268-3 എന്ന നിലയിലാണ് ഇന്ത്യ.

മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ന്യൂസിലന്‍ഡ് ആവട്ടെ ആശ്വാസജയവും ലക്ഷ്യമിടുന്നു.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് പകരമെത്തിയത്.