മാലം സുരേഷിനും രക്ഷിക്കാനായില്ല; മണർകാട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സ്ഥാനത്തു നിന്നും തെറിച്ച രതീഷ്‌കുമാറിനു സസ്‌പെൻഷൻ; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാട്ക്

മാലം സുരേഷിനും രക്ഷിക്കാനായില്ല; മണർകാട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സ്ഥാനത്തു നിന്നും തെറിച്ച രതീഷ്‌കുമാറിനു സസ്‌പെൻഷൻ; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാട്ക്

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട് ക്രൗൺ ക്ലബിൽ നിന്നും 18 ലക്ഷം രൂപ ചീട്ടുകളി പിടികൂടിയ സംഭവത്തിൽ പൊലീസിനെ ഒറ്റിയ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ്‌കുമാറിനു സസ്‌പെൻഷൻ. മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന രതീഷ്‌കുമാറും, മണർകാട് ക്രൗൺ ക്ലബ് പ്രസിഡന്റ് മാലം സുരേഷ് എന്ന മണർകാട് മാലം വാവത്തിൽ കെ.വി സുരേഷും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നതിനു പിന്നാലെയാണ് രതീഷ്‌കുമാറിനെ സസ്‌പെന്റ് ചെയ്ത്.

തിരുവനന്തപുരം റേഞ്ച് ഐജിയാണ് ഇദ്ദേഹത്തെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 11 നാണ് മണർകാട് ടൗണിൽ ക്രൗൺ ക്ലബ് കേന്ദ്രീകരിച്ചു ചീട്ടുകളി നടക്കുന്നതായി തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയത്. തുടർന്നാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ മണർകാട് ടൗണിലെ ക്രൗൺ ക്ലബ് കേന്ദ്രീകരിച്ചു റെയിഡ് നടത്തിയത്. ഡിവൈ.എസ്.പിമാരായ അനീഷ് വി കോര, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയിഡ്.

ഇവിടെ റെയിഡ് നടത്തിയ പൊലീസ് സംഘം 18 ലക്ഷം രൂപയുമായി 43 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നു 43 മൊബൈൽ ഫോണുകളും, കാറുകളും പിടികൂടുകയും ചെയ്തിരുന്നു. ഇവരെ പ്രതി ചേർത്ത് കേസ് അവസാനിപ്പിക്കാനായിരുന്നു മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ്‌കുമാർ കേസിന്റെ ആദ്യ ഘട്ടം മുതൽ ശ്രമിച്ചിരുന്നത്. ഇതേ തുടർന്നു തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ ചീട്ടുകളി നടന്ന കെട്ടിടം പ്രവർത്തിച്ചിരുന്നത് മണർകാട് മാലം സ്വദേശി മാലം സുരേഷ് പ്രസിഡന്റായി ക്രൗൺ ക്ലബിന്റെ കെട്ടിടത്തിലാണ് എന്ന് കണ്ടെത്തി. തേർഡ് ഐ ന്യൂസ് ലൈവ് ഈ രേഖകൾ പുറത്തു വിട്ടതിനു പിന്നാലെ സുരേഷിനെയും ക്ലബ് ഭാരവാഹികളായ പത്തു പേരെയും പ്രതി ചേർത്തു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തുടർന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ സുരേഷ് കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ഈ അപേക്ഷ നൽകിയതിനു പിന്നാലെ വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ അടക്കം സുരേഷിനെ വെള്ളപൂശിയുള്ള റിപ്പോർട്ടുകളും നൽകി. മലയാള മനോരമയിൽ അടക്കം സുരേഷ് തന്നെ പൊലീസിനു കുടുക്കുകയായിരുന്നു എന്ന രീതിയിൽ വാർത്തയും നൽകി.

തുടർന്നാണ്, തേർഡ് ഐ ന്യൂസ് ലൈവ് സുരേഷും – മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ്‌കുമാറും തമ്മിലുള്ള ഓഡിയോ സന്ദേശം പുറത്തു വിടുന്നത്. തുടർന്നു, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. തുടർന്നു, ചീട്ടുകളി ക്ലബിലെ ഇടപാടുകൾ സംബന്ധിച്ചുള്ള തുടർ അന്വേഷണം മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ്‌കുമാറിൽ നിന്നും, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ ഏറ്റെടുത്തു.

തുടർന്നു, നടത്തിയ അന്വേഷണത്തിനൊടുവിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയും, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയും നടത്തിയ അന്വേഷണത്തിൽ രതീഷ്‌കുമാർ കുറ്റക്കാരൻ ആണെന്നു കണ്ടെത്തി. തുടർന്നു അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു സമർപ്പിക്കുകയായിരുന്നു. ജി.ജയദേവ് ഈ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിയ്ക്കു അയച്ചു. ഇതിനു ശേഷം ആദ്യ ഘട്ട നടപടികളുടെ ഭാഗമായി രതീഷ്‌കുമാറിനെ മണർകാട് സ്റ്റേഷൻ ചുമതലയിൽ നിന്നും നീക്കി. ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേയ്ക്കു മാറ്റി. തുടർന്നാണ്, ഇന്നലെ രതീഷ്‌കുമാറിനെ സസ്‌പെന്റ് ചെയ്ത ഉത്തരവ് പുറത്തിറക്കിയത്.

ചീട്ടുകളി വെളിയിൽ കൊണ്ടു വന്നത് മുതൽ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ സസ്‌പെൻഷൻ വരെയുള്ള കാര്യങ്ങളിൽ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയത് നിർണ്ണായകമായ ഇടപെടലുകളാണ്. ഇതിന്റെ ഫലമാണ് ഏറ്റവും ഒടുവിൽ കുറ്റക്കാരനായ സ്റ്റേഷൻ ഹൗസ് ഓഫിസറെ തെറിപ്പിച്ചത്.