72 ദിവസം കള്ള കേസിൽ കുടുക്കി ജയിലിൽ അടച്ചു; ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുടങ്ങി ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും ഉള്ളില്‍ കനല്‍ പോലെ ചതിച്ചവരുടെ മുഖം ; സംസ്ഥാനത്ത് വ്യക്തി വൈരാഗ്യം തീർക്കാൻ കള്ളക്കേസിൽ കുടുക്കുന്നവരുടെ എണ്ണം കൂടുന്നു

72 ദിവസം കള്ള കേസിൽ കുടുക്കി ജയിലിൽ അടച്ചു; ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുടങ്ങി ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും ഉള്ളില്‍ കനല്‍ പോലെ ചതിച്ചവരുടെ മുഖം ; സംസ്ഥാനത്ത് വ്യക്തി വൈരാഗ്യം തീർക്കാൻ കള്ളക്കേസിൽ കുടുക്കുന്നവരുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖകൻ

തൃശൂർ: ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഷീല സണ്ണി ജയിലില്‍ കിടന്നത് 72 ദിവസമാണ്. വ്യാജ എല്‍.എസ്.ഡി സ്റ്റാംപ് കേസില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്ന ചാലക്കുടിയിലെ ഷീല സണ്ണി വീണ്ടും ബ്യൂട്ടിപാർലർ തുറന്നെങ്കിലും, തന്നെ കുടുക്കിയത് ആരാണെന്ന് അറിയണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.

ഷീല കേസില്‍ കുടുങ്ങിയിട്ട് ഫെബ്രുവരി 27 ന് ഒരു വർഷം തികയുകയാണ്. മരുമകളുടെ സഹോദരിയുടെ സുഹൃത്തിനെ എക്‌സൈസ് ക്രൈംബ്രാഞ്ച് സംഭവത്തില്‍ പ്രതി ചേർത്തിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ വിവരം കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസില്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാരായണദാസിനെ എക്‌സൈസ് പ്രതി ചേർത്തെങ്കിലും കള്ളക്കേസില്‍ കുടുക്കിയതിന്റെ കാരണം പുറത്തു വന്നിട്ടില്ല. അതറിയണമെന്നാണ് ഷീലാ സണ്ണി ആവശ്യപ്പെടുന്നത്. 2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിന്റെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു.

ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട് വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്റ്റൈല്‍ ബ്യൂട്ടി പാർലർ ഉടമയായ ഷീലയുടെ ബാഗില്‍ നിന്ന് എക്സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഷീല എല്‍എസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാള്‍ക്കായി എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ്, ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയർന്നുവന്നത്.

ലഹരി വസ്തുക്കള്‍ കയ്യില്‍ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാല്‍ കീഴ്ക്കോടതികളില്‍ നിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നു ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടി മെയ് 10നാണ് ഷീല പുറത്തിറങ്ങിയത്. ഫെബ്രുവരി 27ന് വൈകീട്ട് ഷീലയുടെ സ്‌കൂട്ടറില്‍നിന്ന് എക്സൈസ് സംഘം 12 എല്‍.എസ്.ഡി സ്റ്റാമ്ബ് പിടികൂടിയതായാണ് കേസ്.

കാക്കനാട്ടെ റീജനല്‍ കെമിക്കല്‍ എക്‌സാമിനഴ്‌സ് ലാബില്‍നിന്ന് ലഭിച്ച റിപ്പോർട്ടില്‍ പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് തെളിഞ്ഞതോടെ ഷീല സണ്ണി നല്‍കിയ ഹരജിയില്‍ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ലഹരിമരുന്നു പിടികൂടുന്നതിന്റെ തലേദിവസം മരുമകളും സഹോദരിയും തന്റെ സ്‌കൂട്ടർ ഉപയോഗിച്ചിരുന്നുവെന്ന ഷീലയുടെ ആരോപണത്തെ തുടർന്ന് ലഹരിമരുന്നു കേസ് കെട്ടിച്ചമച്ചവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിർദ്ദേശവും കോടതി നല്‍കിയിരുന്നു.

അതേ സമയം സംസ്ഥാനത്ത്  വ്യക്തി വൈരാഗ്യം തീർക്കാൻ കള്ളക്കേസിൽ കുടുക്കുന്നവരുടെ എണ്ണം കൂടുന്നു. ഇത്തരത്തിൽ കള്ളക്കേസിൽ കുടുക്കി വൈരാഗ്യം തീർക്കുന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.