video
play-sharp-fill
ഗ്രീഷ്മയ്ക്ക് ശരീര വേദന; ഫാര്‍മസിയിലെത്തി മരുന്നുവാങ്ങിയതിനാൽ ജയിലിലെ ജോലികൾ നൽകില്ല; പാവയോ കരകൗശല വസ്തുക്കളോ നിര്‍മ്മിക്കുന്നിടത്തോ തയ്യല്‍ യൂണിറ്റിലോ നിയോ​ഗിക്കും; ഗ്രീഷ്മ ജയിലിലെ സമയം ചെലവഴിക്കുന്നത് ചിത്രം വരച്ചുകൊണ്ട്; വിധിക്കെതിരെ ഹൈക്കോടതയില്‍ അപ്പില്‍ നല്‍കാനുള്ള നീക്കത്തിൽ കുടുംബം; നിയമപോരാട്ടത്തിനുള്ള വഴികള്‍ അടയുന്നില്ല, വിചാരണക്കോടതി വിധിച്ച വധശിക്ഷ അന്തിമവുമല്ലെന്ന് നിയമവിദ​ഗ്ധർ

ഗ്രീഷ്മയ്ക്ക് ശരീര വേദന; ഫാര്‍മസിയിലെത്തി മരുന്നുവാങ്ങിയതിനാൽ ജയിലിലെ ജോലികൾ നൽകില്ല; പാവയോ കരകൗശല വസ്തുക്കളോ നിര്‍മ്മിക്കുന്നിടത്തോ തയ്യല്‍ യൂണിറ്റിലോ നിയോ​ഗിക്കും; ഗ്രീഷ്മ ജയിലിലെ സമയം ചെലവഴിക്കുന്നത് ചിത്രം വരച്ചുകൊണ്ട്; വിധിക്കെതിരെ ഹൈക്കോടതയില്‍ അപ്പില്‍ നല്‍കാനുള്ള നീക്കത്തിൽ കുടുംബം; നിയമപോരാട്ടത്തിനുള്ള വഴികള്‍ അടയുന്നില്ല, വിചാരണക്കോടതി വിധിച്ച വധശിക്ഷ അന്തിമവുമല്ലെന്ന് നിയമവിദ​ഗ്ധർ

തിവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത് ഉചിതമായോ എന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. അതേ സമയം വിധിക്കെതിരെ ഹൈക്കോടതയില്‍ അപ്പില്‍ നല്‍കാനുള്ള നീക്കത്തിലാണ് ഗ്രീഷ്മയുടെ കുടുംബം.

ജയിലിലെ ഫാര്‍മസിയിലെത്തി ഗ്രീഷ്മ ശരീരവേദനയ്ക്കുള്ള മരുന്ന് വാങ്ങിയതിനാല്‍ ജയിലിലെ ജോലിയില്‍നിന്ന് ഗ്രീഷ്മയെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അതേസമയം, വിചാരണക്കാലത്ത് തങ്ങിയ അതേ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് 2025ലെ ആദ്യത്തെ വനിതാ ജയില്‍ പുള്ളിയായാണ് ഗ്രീഷ്മയെത്തിയത്.

അട്ടക്കുളങ്ങര വനിതാ ജയിലില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 14-ാം ബ്ലോക്കില്‍ മറ്റ് റിമാന്‍ഡ് പ്രതികള്‍ക്കൊപ്പമാണ് ഗ്രീഷ്മയെ താമസിപ്പിച്ചിരിക്കുന്നത്. ഗ്രീഷ്മയ്‌ക്കൊപ്പം സെല്ലില്‍ നാല് സഹതടവുകാരാണുള്ളത്. മുന്‍പ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാലിപ്പോള്‍ ഇങ്ങനെയുളളവര്‍ സുപ്രീംകോടതിവരെ അപ്പീല്‍ പോയി വിധി ഇളവുചെയ്യാനുള്ള സാദ്ധ്യതകളുള്ളതിനാല്‍ സാധാരണ സെല്ലുകളില്‍ തന്നെയാണ് വധശിക്ഷയ്ക്ക് വിധിച്ചവരെയും താമസിപ്പിക്കുന്നത്. രാഷ്ട്രപതിയുടെ ദയാഹര്‍ജിയും തള്ളിയ ശേഷമേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്ക് സെല്ലുകളിലേക്ക് മാറ്റുകയുളളൂ. സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും ജയിലിനുളളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കും ലഭിക്കും.

വിചാരണ കോടതിക്കുശേഷം ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഇവര്‍ക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് പരിശോധിക്കണം. ഭക്ഷണപ്പുരയിലോ പാവയോ കരകൗശല വസ്തുക്കളോ നിര്‍മ്മിക്കുന്നിടത്തോ തയ്യല്‍ യൂണിറ്റിലോ ആയിരിക്കും ജോലി. താത്പര്യം കൂടി ആരാഞ്ഞ ശേഷമായിരിക്കും നിയോഗിക്കുക.

അഭിഭാഷകരടക്കം ആരും ഇന്നലെ ഗ്രീഷ്മയെ കാണാനെത്തിയില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അടിവസ്ത്രങ്ങള്‍ ഒരു ബന്ധു എത്തിച്ചു. ജയില്‍ വസ്ത്രമാണ് ധരിക്കേണ്ടത്. ചിത്രം വരച്ചാണ് ഗ്രീഷ്മ ജയിലിലെ സമയം ചെലവഴിക്കുന്നത്.

ഗ്രീഷ്മ ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നു കണ്ടെത്തിയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. സമര്‍ത്ഥവും ക്രൂരവുമായി കുറ്റകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നതിനെ നിയമം എതിര്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് 24 വയസ്സുള്ള ഗ്രീഷ്മക്ക് കോടതി വധശിക്ഷ നല്‍കിയത്.

ഗ്രീഷ്മയ്ക്കും ഷാരോണിനും ഒരേ പ്രായമാണെന്നും പ്രായത്തിന്റെ ഇളവ് ഗ്രീഷ്മക്ക് നല്‍കാനാവില്ലെന്നുമാണ് കോടതി നീരിക്ഷണം. പ്രണയത്തിന്റെ അടിമയായി മാറിയ ഷാരോണിനെ പ്രകോപനമില്ലാതെയാണ് ഗ്രീഷ്മ കൊന്നത്. ഗാഢമായ സ്‌നേഹബന്ധം തുടരുമ്ബോഴും ഷാരോണിനെ കൊലപെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കരുത് എന്ന് മേല്‍ക്കോടതികള്‍ പലപ്പോഴും നിര്‍ദ്ദേശിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത 24 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണെന്നതും പ്രതിക്ക് അനുകൂല ഘടകം ആയിരുന്നു. പക്ഷേ ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത് എന്നാണ് പ്രതിഭാഗത്തിന്റെ പരാതി.

ശിക്ഷ വിധിച്ച 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം പ്രതിഭാഗത്തിനുണ്ട്. കേസില്‍ ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷയും, തെളിവ് നശിപ്പിച്ചതിന് മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മല കുമാരന് മൂന്നുവര്‍ഷം തടവുമാണ് കോടതി വിധിച്ചത്. വധശിക്ഷ വിധിച്ചതുകൊണ്ട് ഗ്രീഷ്മയുടെ മുന്നില്‍ നിയമപോരാട്ടത്തിനുള്ള വഴികള്‍ അടയുന്നില്ല, വിചാരണക്കോടതി വിധിച്ച വധശിക്ഷ അന്തിമവുമല്ല.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ കുറ്റവാളിയെ ഉടന്‍ തന്നെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഗ്രീഷ്മ വനിതയായതുകൊണ്ട് അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഇനിയുള്ള നാളുകളില്‍ ഏറെയും ചിലവിടേണ്ടി വരിക. ജയിലിലെത്തുന്ന ആദ്യ ഘട്ടത്തില്‍ തന്നെ വധശിക്ഷ എന്ന വിധിക്കെതിരെ സ്വന്തം നിലയില്‍ അപ്പീല്‍ പോകുന്നുണ്ടോയെന്ന് കുറ്റവാളിയോട് ജയില്‍ അധികൃതര്‍ ചോദിക്കും.

സ്വന്തം നിലയില്‍ പോകുന്നുണ്ടങ്കില്‍ അങ്ങിനെയാവാം. അതല്ല, സ്വന്തമായി അപ്പീല്‍ നല്‍കാന്‍ കഴിവില്ലങ്കില്‍ ജയില്‍ വകുപ്പ് തന്നെ ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി അപ്പീലിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഏറ്റവും ആദ്യം അപ്പീല്‍ നല്‍കേണ്ടത് ഹൈക്കോടതിയിലാണ്. ഡിഎസ്‌ആര്‍ അഥവാ ഡെത്ത് സെന്റന്‍സ് റിവ്യൂ പെറ്റീഷന്‍ എന്നാണ് അതിന് പറയുന്നത്.

അപ്പീല്‍ ഫയല്‍ ചെയ്ത് ഏറ്റവും കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലുമെടുക്കും ഹൈക്കോടതി പരിഗണിക്കാന്‍. പരിഗണിച്ച ശേഷം ഹൈക്കോടതി പ്രധാനമായും നാല് പഠന റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടും.

1) പ്രതിയുടെ കുടുംബസാമൂഹ്യ സാഹചര്യം, വധശിക്ഷ നടപ്പാക്കിയാല്‍ കുടുംബത്തിലുണ്ടാകുന്ന ആഘാതം ഇവിയെല്ലാം വിശദമായി പഠിച്ച്‌ സാമൂഹ്യനീതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കണം,

2) കുറ്റവാളിയുടെ ജയിലിലെ സ്വഭാവം, പശ്ചാത്താപത്തിനും തിരുത്തലിനുമുള്ള സാഹചര്യമുണ്ടോയെന്ന് വിശദമായി പരിശോധിച്ച്‌ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കണം.

3) കുറ്റവാളിയെ നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച്‌ പ്രത്യേക മെഡിക്കല്‍ സംഘം, ആരോഗ്യമാനസിക നിലയേക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം

4) ഡെല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രോജക്‌ട് 39 എന്ന ഏജന്‍സിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഈ റിപ്പോര്‍ട്ടുകളും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്ന് ഉറപ്പിക്കാമോയെന്നുള്ള നിയമവശവും പരിഗണിച്ചായിരിക്കും ഹൈക്കോടതി വധശിക്ഷ ശരിവയ്ക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുക. ‍

ഹൈക്കോടതി വധശിക്ഷ ശരിവച്ചതുകൊണ്ടും നടപടി അവസാനിക്കില്ല. കുറ്റവാളിക്ക് ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാം. സുപ്രീംകോടതി തീരുമാനം എതിരായാല്‍ ഗവര്‍ണര്‍ക്കും ഗവര്‍ണര്‍ കഴിഞ്ഞാല്‍ രാഷ്ട്രപതിക്കും ദയാഹര്‍ജി നല്‍കാം. രാഷ്ട്രപതിയും ദയാഹര്‍ജി തള്ളിയാല്‍ അതിനെതിരെ തിരുത്തല്‍ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം.

അവിടെയും വധശിക്ഷ ശരിവച്ചാല്‍ മാത്രമേ വധശിക്ഷയ്ക്ക് അന്തിമ അംഗീകാരമാകൂ. വധശിക്ഷ ശരിവെക്കുന്നത് വരെ ആ കുറ്റവാളി മറ്റെല്ലാ തടവുകാരേപ്പോലെയാവും ജയിലില്‍ കഴിയുക. മറ്റ് കുറ്റവാളികള്‍ക്കൊപ്പം ഇടകലര്‍ന്നാവും സെല്ലില്‍ കഴിയുന്നതും ഭക്ഷണം കഴിക്കുന്നതും ജോലി ചെയ്യുന്നതുമെല്ലാം. എന്നാല്‍, ശിക്ഷ ശരിവെക്കുന്നതോടെ ആ പരിഗണന അവസാനിക്കും. വധശിക്ഷക്ക് വിധിച്ചവരെ മാത്രം താമസിപ്പിക്കുന്ന ഏകാന്ത തടവറയിലേക്ക് മാറ്റും.

മരണത്തിലേക്കുള്ള നാളുകള്‍ എണ്ണിത്തുടങ്ങിയതിനാല്‍ കുറ്റവാളിക്ക് താല്‍പര്യമുള്ള വസ്ത്രവും ഭക്ഷണവും നല്‍കും. ഇഷ്ടമുള്ളവരെ കാണാനും സ്വന്തം വിശ്വാസം അനുസരിച്ച്‌ പ്രാര്‍ത്ഥിക്കാനുമെല്ലാം അവസരം ഒരുക്കും. കേരളത്തില്‍ കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് കഴുമരം എന്നൊക്കെ നമ്മള്‍ പറയുന്ന തൂക്കിലേറ്റാനുള്ള സംവിധാനമുള്ളു.

ജയില്‍വളപ്പില്‍ തന്നെയുള്ള പ്രത്യേക ഇരുട്ടുമുറിയാണത്. 1978ല്‍ അളകേശന്‍ എന്നയാളെ തൂക്കിലേറ്റിയതാണ് പൂജപ്പുരയില്‍ അവസാനമായി നടന്ന വധശിക്ഷ. 1991 ജൂലൈ 6ന് റിപ്പര്‍ ചന്ദ്രനെന്ന കൊലപാതകിയെ കണ്ണൂരില്‍ വെച്ച്‌ തൂക്കിലേറ്റിയ ശേഷം അതുപയോഗിച്ചിട്ടേയില്ല.

തൂക്കുമരവും സംവിധാനങ്ങളൊക്കെയുണ്ടങ്കിലും ആരാച്ചര്‍ അല്ലെങ്കില്‍ തൂക്കിക്കൊല്ലുന്നയാള്‍ എന്നൊരു വിഭാഗമോ തസ്തികയോ ഇന്ന് ജയില്‍ വകുപ്പില്‍ ഇല്ല. പക്ഷെ ഒരാളുടെ വധശിക്ഷ ശരിവെച്ച്‌ കഴിഞ്ഞാല്‍ ജയില്‍ ജീവനക്കാര്‍ക്ക് വേണമെങ്കില്‍ ആരാച്ചാറിന്റെ ജോലി ചെയ്യാന്‍ സാധിക്കും. അതല്ല നാട്ടുകാരില്‍ ഒരാള്‍ക്കാണങ്കിലും ജയില്‍ വകുപ്പിനെ താല്‍പര്യം അറിയിച്ച്‌ പ്രത്യേക അനുമതിയോടെ ആരാച്ചാറായി മാറാം. അങ്ങിനെ ആര് ആരാച്ചാറായാലും രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അവര്‍ക്ക് പാരിതോഷികം നല്‍കുന്നത്.