കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയത് അതിസുരക്ഷാമേഖലയിൽ; സൂര്യനൊപ്പം കൊടൈക്കനാൽ യാത്ര പോയത് ശത്രുതയായി; ഷാനിലൂടെ സൂര്യനെ കണ്ടെത്താമെന്ന് കരുതി തട്ടിക്കൊണ്ടുപ്പോയി; കോട്ടയത്തേത് ആസൂത്രിത കൊല തന്നെ
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതും മർദിച്ചുകൊന്നതും പൊലീസിന്‍റെയും ഉന്നതാധികാരികളുടെയും മൂക്കിനുതാഴെ. കലക്ടറേറ്റ്, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, എസ്.പി ഓഫിസ്, ക്രൈംബ്രാഞ്ച് ഓഫിസ്, പൊലീസ് ക്വാർട്ടേഴ്സ്, വിജിലൻസ് ഓഫിസ്, പൊലീസ് ക്ലബ്, എ.ആർ ക്യാമ്പ്, ജയിൽ തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന അതിസുരക്ഷാമേഖലയിലാണ് സംഭവം നടന്നത്. എ.ആർ ക്യാമ്പ് പരിസരത്തുനിന്നാണ് ഷാനിനെ തട്ടിക്കൊണ്ടുപോയത്. എസ്.പി ഓഫിസിൽനിന്ന് ഒരു കി.മീ. മാത്രമാണ് ഇങ്ങോട്ടുള്ള ദൂരം.
ഞായറാഴ്ച രാത്രി ഒമ്പതരക്ക് ഷാനിനെ തട്ടിക്കൊണ്ടുപോയിട്ടും നഗരത്തിലെമ്പാടും സജീവമായിരുന്ന പൊലീസ് അറിഞ്ഞില്ല. ഷാനിന്‍റെ മാതാവ് രാത്രി ഒന്നരക്കാണ് മകനെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. അപ്പോൾ മുതൽ നഗരത്തിൽ തലങ്ങും വിലങ്ങും വാഹനപരിശോധന നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നിട്ടും ഇതിനിടയിലൂടെ ഷാനിനെ ചുമന്ന് പ്രതി സ്റ്റേഷനിൽ കൊണ്ടുവന്നിട്ട് കൊലവിളി നടത്തിയപ്പോൾ മാത്രമാണ് പൊലീസ് വിവരമറിയുന്നത്. മറ്റേതൊരു നഗരത്തേക്കാളും രാത്രി പരിശോധന കൂടുതലുള്ള സ്ഥലമാണ് കോട്ടയം. പലതവണ പൊലീസ് പരിശോധന കഴിഞ്ഞാണ് വാഹനയാത്രികർക്ക് കടന്നുപോകാനാവുക. ഇതിനെതിരെ വ്യാപകപരാതിയും പതിവാണ്. ഇത്രയധികം പരിശോധന നടത്തിയിട്ടും നഗരത്തിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ, ഗുണ്ട ആക്രമണങ്ങളും കൊലപാതകങ്ങളും കുറവില്ല.
ഷാന്‍ ബാബു ജോസഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയെന്ന് ആണ് പുറത്തുവരുന്ന റിപോർട്ട്. എതിര്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട സൂര്യന്‍ എന്നു വിളിക്കുന്ന ശരത് രാജാണ് മറ്റൊരു കൊലപാതക കേസില്‍ പോലീസിന് തന്നെ ഒറ്റിക്കൊടുത്തതെന്ന സംശയം ജോമോനുണ്ടായിരുന്നു. ഷാന്‍ ബാബു സൂര്യനൊപ്പം ഉല്ലാസയാത്രപോയതും പ്രകാപനത്തിന് കാരണമായി. ഷാനിലൂടെ സൂര്യനെ കണ്ടെത്താമെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയതും അതിക്രൂരമായി മര്‍ദ്ദിച്ചതും.
കൊല്ലപ്പെട്ട ഷാന്‍ ബാബുവും സൂര്യനും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. സൂര്യനോട് വൈരാഗ്യം തീര്‍ക്കുകയിരുന്നു പ്രതിയായ ജോമോന്റെ ലക്ഷ്യം. എന്നാല്‍ സൂര്യന്‍ എവിടെയുണ്ടെന്ന കൃത്യമായ വിവരം ജോമോന് ലഭിച്ചിരുന്നില്ല. ഇതിനിടെയിലാണ് കൊടൈക്കനാലില്‍ പോയ വിനോദയാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ സൂര്യന്‍ ഇടുന്നത്. ചിത്രത്തില്‍ ഷാനും ഉണ്ടായിരുന്നു. ഇതോടെ സൂര്യന്‍ എവിടെയുണ്ടെന്ന് ഷാന് അറിയാം എന്ന വിലയിരുത്തതിലായിരുന്നു ജോമോന്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാനെ തട്ടിക്കൊണ്ടുപോകുന്നത്.
ക്രൂരമായ മര്‍ദ്ദനമാണ് ഷാന്‍ ബാബുവിന് നേരിടേണ്ടിവന്നത്. ജോമോനും സംഘവും ഷാന്‍ ബാബുവിനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു. കണ്ണില്‍ വിരല്‍കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ശരീരത്തില്‍ ഇരുമ്പ് വടികൊണ്ടും കാപ്പി വടികൊണ്ടും പലതവണ മര്‍ദ്ദിച്ചു. ഇതിന്റെ എല്ലാം ക്ഷതങ്ങള്‍ മൃതദേഹത്തിലുണ്ട്. ഷാനിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതവും അതോടനുബന്ധിച്ചുണ്ടായ രക്തസ്രാവവുമെന്ന് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ സൂചന. തലയോട്ടിക്ക് പൊട്ടലില്ല. എന്നാല്‍, അമിതമായി രക്തം നഷ്ടപ്പെട്ടിട്ടുണ്ട്.
ദേഹമാസകലം ഇടിച്ചതിന്റെയും വടി കൊണ്ട് അടിച്ചതിന്റെയും 38 പാടുകളുണ്ട്. രണ്ടു കണ്ണുകളിലും കുത്തേറ്റിട്ടുണ്ട്. ഇടത്തേ കണ്ണ് പൊട്ടിയിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും ചതവുകളുമുണ്ട്. പിന്‍ഭാഗത്ത് അടിച്ചതിന്റെ പാടുണ്ട്. അഞ്ച് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ജോമോന്റെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓട്ടോഡ്രൈവറും കസ്റ്റഡിയിലുണ്ട്. മറ്റ് മൂന്ന് പേര്‍ പോലീസ് നീരീക്ഷണത്തിലാണ്. ഇവരെ സഹായിച്ച 13 പേരെ സംബന്ധിച്ചും പോലീസ് അന്വേഷിക്കുകയാണ്.
ഇന്നലെ രാവിലെ കോട്ടയം ഈസ്റ്റ് സ്റ്റേഷനിലാണ് ജോമോന്‍ ഷാന്‍ ബാബു ജോസഫിന്റെ മൃതദേഹവുമായി എത്തി കീഴടങ്ങിയത്. ഞായറാഴ്ച രാത്രി 9.30-ന് വീടിനു സമീപത്തുനിന്ന് കൂട്ടിക്കൊണ്ടുപോയ മകനെ കാണാനില്ലെന്ന പരാതിയുമായി അമ്മയും ബന്ധുക്കളും രാത്രി ഒന്നരയ്ക്ക് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. തിരച്ചില്‍ നടത്തുന്നെന്ന് പോലീസ് പറഞ്ഞ സമയത്ത് യുവാവിനെ കൊന്ന് പോലീസിനെ ഞെട്ടിച്ച് മൃതദേഹം ചുമന്ന് പ്രതി എത്തുകയായിരുന്നു.
കളക്ടറേറ്റില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെ ആനത്താനത്തെ മൈതാനത്തുവെച്ചായിരുന്നു ഷാനിനെ മര്‍ദ്ദിച്ചത്. പിന്നീട് ഓട്ടോയില്‍ നഗരത്തിലേക്കുവന്നു. തോളില്‍ ചുമന്ന് മൃതദേഹം പ്രതി സ്റ്റേഷന്റെ മുറ്റത്തിട്ടു. ശബ്ദംകേട്ട് പോലീസുകാരന്‍ ഇറങ്ങിവന്നപ്പോള്‍ താന്‍ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു.