ഷാന്‍ വധക്കേസ്; പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ ആര്‍എസ്‌എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍

ഷാന്‍ വധക്കേസ്; പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ ആര്‍എസ്‌എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍

സ്വന്തം ലേഖിക

ആലപ്പുഴ: എസ്‍ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ആര്‍എസ്‌എസ് ജില്ലാ പ്രചാരകന്‍ അറസ്റ്റില്‍.

മലപ്പുറം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ആലുവ ജില്ലാ പ്രചാരകനാണ് ഇയാള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്‌എസ് നേതാക്കന്മാര്‍ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളമൊരുക്കിയതിനാണ് ജില്ലാ പ്രചാരകനെ അറസ്റ്റ് ചെയ്തത്. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

എസ്‍ഡിപിഐ നേതാവ് ഷാൻ്റെ കൊലപാതകം ആര്‍എസ്‌എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചേര്‍ത്തലയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകൻ്റെ കൊലയ്ക്ക് പകരം ഷാനിനെ കൊന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.

ചേര്‍ത്തലയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുവിൻ്റെ കൊലയ്ക്ക് പിന്നാലെയാണ് ആസൂത്രണം തുടങ്ങിയത്. ആര്‍എസ്‌എസ് കാര്യാലയത്തില്‍ വെച്ച്‌ രഹസ്യ യോഗങ്ങള്‍ ചേര്‍ന്നു. രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തി.

അതിനുശേഷം കൊലയാളി സംഘത്തെ തൃശൂരിലേക്ക് രക്ഷപെടാന്‍ സഹായിച്ചത് ആര്‍എസ്‌എസ് നേതാക്കള്‍ ആണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

കൊലയാളി സംഘത്തിന്, ഷാനെ കാട്ടിക്കൊടുത്ത മണ്ണഞ്ചേരി സ്വദേശികളായ പ്രണവ്, ശ്രീരാജ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇനി ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ കൂടി പിടിയിലാകാനുണ്ട്.

ഷാന്‍ കേസില്‍ കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായപ്പോള്‍ ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുകയാണ്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശിയായ എസ്‍ഡിപിഐ പ്രവര്‍ത്തകനെ ബെംഗളൂരുവില്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്നാണ് സൂചന. ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.