
കോഴിക്കോട് : നടനും സംവിധായകനും സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. എഴുത്തുകാരിയും പ്രസാധകയുമായ ഷഹനാസ് ആണ് ആരോപണവുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
പൊതുപരിപാടിയില്‍ മദ്യപിച്ച് ലക്കുകെട്ട് തന്റെ അടുത്ത് ഇരുന്ന രഞ്ജിത്ത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത് എന്നാണ് ഇവർ പറയുന്നത്. ‘രഞ്ജിത്ത് വേട്ടക്കാർക്കൊപ്പമല്ലെന്നും വേട്ടക്കാരൻ തന്നെയാണെന്നും’ ഷഹനാസ് പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു പ്രതികരണം. രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആയിരുന്നു ഷഹനാസിന്റെ പ്രതികരണം. ചിത്രത്തില്‍ അഭിനയിക്കാനെത്തിയ നടിയോട് മോശമായി പെരുമാറി എന്നായിരുന്നു വെളിപ്പെടുത്തല്‍.
കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയില്‍ മദ്യപിച്ചാണ് രഞ്ജിത്ത് എത്തിയത്, മോശമായി ലക്കുകെട്ടാണ് വേദിയില്‍ എത്തിയത്. സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാൻ എന്ന നിലയില്‍ ആ സ്ഥാനത്തിന് യോജിക്കാത്ത പ്രവർത്തിയാണ് രഞ്ജിത്ത് ചെയ്തത്’, എന്ന് ഷഹനാസ് പറഞ്ഞു. രഞ്ജിത്ത് ആയത് കൊണ്ടാണ് സംഘാടകർ അന്ന് ആ വേദിയില്‍ ഇരുത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണം, പരാതി നല്‍കട്ടെ എന്നാണ് മന്ത്രി പറയുന്നത്, സ്വമേധയാ കേസ് എടുക്കാൻ വകുപ്പ് ഉള്ള നാടാണിത്, രഞ്ജിത്തിന്റെ പ്രാഗല്‍ഭ്യം ഇവിടെയുള്ള സ്ത്രീകളുടെ നെഞ്ചത്ത് കയറാനുള്ള അനുമതിയല്ല, എന്തെങ്കിലും നാണം അവശേഷിക്കുന്നുവെങ്കില്‍ രഞ്ജിത്ത് സ്ഥാനം രാജിവെക്കണം’ , ഷഹനാസ് പറഞ്ഞു. രഞ്ജിത്തിനെ പിന്തുണക്കുന്ന സാംസ്കാരിക മന്ത്രിക്ക് സ്ത്രീകളോട് എങ്ങനെയാണ് നീതി പുലർത്താൻ കഴിയുകയെന്നും ഷഹനാസ് ചോദിച്ചു. സിനിമാ മേഖലയിലെന്ന പോലെ സാഹിത്യ മേഖലയിലും ഒരു കമ്മീഷൻ വരണം, ഭൂകമ്ബം ഉണ്ടാക്കുന്ന വിവരങ്ങള്‍ ഈ മേഖലയില്‍ നിന്നും പുറത്ത് വരും, ഞാൻ പ്രതികരിച്ചപ്പോള്‍ മോശാനുഭവം പങ്കുവെച്ച നിരവധി പേരുണ്ട്, സ്ത്രീകള്‍ക്ക് സർക്കാർ ഒരു മനോബലവും നല്‍കുന്നില്ല എന്ന് ഇന്ന് ബോധ്യമായി’, ഷഹനാസിന്റെ പ്രതികരണം ഇങ്ങനെ നീണ്ടുപോകുന്നു.
അതേ സമയം രഞ്ജിത്തിനെതിരെ വലിയ പ്രതിഷേധമാണ് പല മേഖലയില്‍ നിന്നും ഉയർന്നുവരുന്നത്. സിനിമാ മേഖലയില്‍ നിന്ന് തന്നെ നിരവധി താരങ്ങളും സംവിധായകരും രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരുന്നു. കേരള ചലച്ചിത്ര അക്കാദമിയില്‍ നിന്ന് തന്നെ രാജി ആവശ്യവുമായി മെമ്ബർമാർ രംഗത്തെത്തിയിട്ടുണ്ട്. സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഡിജിപിക്കും സാംസ്കാരിക മന്ത്രിക്കും യൂത്ത് കോണ്‍ഗ്രസ് നേരത്തെ പരാതി നല്‍കിയിരുന്നു. രഞ്ജിത്ത് രാജിവെക്കണമെന്നും സംവിധായകനെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ സിപിഐ നേതാക്കളും ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. പല മേഖലയില്‍ നിന്നും പ്രതിഷേധം കനത്തതോടെ രഞ്ജിത്തിനോട് മിത നിലപാടെടുത്തിരുന്ന സർക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്.







