റാഗിംഗിന്റെ പേരിൽ പുറത്താക്കിയ എസ്.എഫ്.ഐ പ്രവർത്തകരെ പരീക്ഷ എഴുതിപ്പിക്കാൻ സിൻഡിക്കേറ്റ് ഉത്തരവ്: അനുവദിക്കില്ലെന്ന നിലപാടെടുത്ത് കോളജ് പ്രിൻസിപ്പൽ:  സി.എം.എസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; പരീക്ഷ മുടക്കാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു

റാഗിംഗിന്റെ പേരിൽ പുറത്താക്കിയ എസ്.എഫ്.ഐ പ്രവർത്തകരെ പരീക്ഷ എഴുതിപ്പിക്കാൻ സിൻഡിക്കേറ്റ് ഉത്തരവ്: അനുവദിക്കില്ലെന്ന നിലപാടെടുത്ത് കോളജ് പ്രിൻസിപ്പൽ: സി.എം.എസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; പരീക്ഷ മുടക്കാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു

സ്വന്തം ലേഖകൻ

കോട്ടയം: റാഗിംഗിന്റെ പേരിൽ പുറത്താക്കിയ എസ്.എഫ്.ഐ പ്രവർത്തകർ സിൻഡിക്കേറ്റ് അനുമതിയോടെ എത്തിയിട്ടും പരീക്ഷ എഴുതാൻ സി.എം.എസ് കോളേജ് പ്രിൻസിപ്പൽ അനുവദിച്ചില്ല. ഇതേ തുടർന്ന് കോളേജിൽ സംഘർഷാവസ്ഥ. പൊലീസ് സംരക്ഷണയിൽ പരീക്ഷകൾ പുരോഗമിക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് സി.എം.എസ് കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥി എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നീരജ്, ജോയിന്റ് സെക്രട്ടറി ആഷിഷ് എന്നിവരെ റാഗിംഗ് നടത്തിയതായി ആരോപിച്ച് കോളേജിൽ നിന്നും പുറത്താക്കിയത്. ഇതിനെതിരെ വിദ്യാർത്ഥികൾ എം.ജി സർവകലാശാല സിൻഡിക്കേറ്റിനെ സമീപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയ സിൻഡിക്കേറ്റ് വിദ്യാർത്ഥികളുടെ ഭാഗത്ത് വീഴച്ച വന്നിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുവാദം നൽകുകയായിരുന്നു. ഇന്നലെയാണ് സി.എം.എസ് കോളേജ് പ്രിൻസിപ്പൽ റോയി സാം ഡാനിയേൽ കൂടി അംഗമായ സിൻഡിക്കേറ്റ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുവാദം നൽകിയത്. എന്നാൽ, ഇന്നലെ രാവിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനായി എത്തി. എന്നാൽ, തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ വിദ്യാർത്ഥികളെ പരീക്ഷ എഴുതിപ്പിക്കാൻ അനുവദിക്കാനാവില്ലെന്നുമായിരുന്നു അധികൃതരുടെ നിലപാട്. പ്രിൻസിപ്പൽ തന്നെ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കാനാവില്ലെന്ന് നിലപാട് എടുത്തു. തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി.
ഇതോടെ ചോദ്യ പേപ്പർ പരീക്ഷാ ഹോളിലേയ്ക്ക് നൽകുന്നത് വൈകിപ്പിക്കുന്നതിനായി കോളേജ് അധികൃതർ ശ്രമിച്ചതായി എസ്.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. ഇതേ തുടർന്ന് എസ്.എഫ്.ഐ നേതാക്കൾ തന്നെ വിവരം വെസ്റ്റ് പൊലീസ് സംഘത്തെ അറിയിച്ചു. തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സി.എം.എസ് കോളേജിൽ എത്തി. തുടർന്ന് സംഘർഷം ഒഴിവാക്കുന്നതിനായി വിദ്യാർത്ഥികളെ കോളേജിൽ നിന്നു പുറത്തിറക്കി. തുടർന്ന് കോളേജിലെ പരീക്ഷ നടത്താൻ നിർദേശിക്കുകയായിരുന്നു. പരീക്ഷ തുടങ്ങിയെങ്കിലും പുറത്താക്കപ്പെട്ട വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ കോളേജ് അധികൃതർ അനുവദിച്ചില്ല. തുടർന്ന് കോളേജിനു മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് വിദ്യാർത്ഥികളും പൊലീസും ക്യാമ്പ് ചെയ്യുകയാണ്. കോളേജ് അധികൃതർ മനപൂർവം പ്രശ്‌നമുണ്ടാക്കുകയാണെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. എന്നാൽ, തേർഡ് ഐ അധികൃതർ ബന്ധപ്പെട്ടിട്ടും കോളേജ് പ്രിൻസിപ്പൽ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.