പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി; ഭാര്യ നൽകിയ ബലാത്സംഗ പരാതിയിൽ ഭർത്താവിന് 10 വർഷം തടവ്
മുംബൈ: പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. 18 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സംഭവങ്ങളിൽ പെൺകുട്ടി വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
പുരുഷനുമായി നിർബന്ധിത ലൈംഗികബന്ധത്തിലേർപ്പെട്ട യുവതി ഗർഭിണിയാകുകയും പിന്നീട് ഇതേയാൾ തന്നെ യുവതിയെ വിവാഹം ചെയ്യുകയുമായിരുന്നു. എന്നാൽ, ഇവരുടെ ദാമ്പത്യബന്ധം വഷളായതാണ് ഭർത്താവിനെതിരെ പരാതി നൽകാൻ യുവതിയെ പ്രേരിപ്പിച്ചത്. സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടേണ്ടി വന്നെന്ന ഇരയുടെ ആരോപണം കണക്കിലെടുത്ത് വിവാഹം എന്നത് ഒരു വാദത്തിന് വേണ്ടി പരിഗണിച്ചാൽ പോലും അത് ബലാത്സംഗമായി മാറുമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഭാര്യ നൽകിയ ബലാത്സംഗ പരാതിയിൽ ഭർത്താവിന് 10 വർഷം തടവ് വിധിച്ചുകൊണ്ട് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
മഹാരാഷ്ട്രയിലെ വാർധയിൽ പിതാവിനും സഹോദരിമാർക്കും മുത്തശ്ശിക്കുമൊപ്പം താമസിക്കുകയായിരുന്ന യുവതിയുടെ അയൽവാസിയായിരുന്നു ഈ കേസിലെ പ്രതി. 2019ലാണ് യുവതി ഇയാൾക്കെതിരെ പീഡന പരാതി നൽകുന്നത്. പരാതി നൽകുന്നതിന് മുമ്പ് 3-4 വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ സമയം പ്രതി നിരന്തരമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുമായിരുന്നെങ്കിലും യുവതി നിരസിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് യുവതിയ്ക്ക് മറ്റൊരിടത്ത് ജോലി ലഭിച്ചു. ഈ സമയം യുവതിയെ ജോലിയ്ക്ക് കൊണ്ട് പോകുകയും തിരിച്ച് എത്തിക്കുകയും ചെയ്ത പ്രതി ഒടുവിൽ നിർബന്ധിത ലൈംഗിക ബന്ധത്തിന് വിധേയയാക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. തുടക്കത്തിൽ യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രതി പറഞ്ഞെങ്കിലും പിന്നീട് അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയും യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു.
പിതൃത്വം നിഷേധിക്കുകയും ശാരീരികമായ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് യുവതി പരാതി നൽകിയത്. അറസ്റ്റിലായതിന് പിന്നാലെ അതിജീവിത തൻ്റെ ഭാര്യയാണെന്നും പ്രതി അവകാശപ്പെട്ടെങ്കിലും കുറ്റകൃത്യം നടന്ന തീയതിയിൽ ഇരയ്ക്ക് 18 വയസ്സിന് താഴെയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.