നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു ; അച്ഛനും അമ്മയ്ക്കുമൊപ്പം സ്കൂട്ടറിൽപോയ ഏഴ് വയസ്സുകാരൻ മരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴു വയസ്സുകാരൻ മരിച്ചു. വെണ്ണിയൂർ നെല്ലിവിള മുള്ളുകാട് കാവിൻപുറം ബഥേൽ ഭവനിൽ സിബിൻ – ദീപ ദമ്പതികളുടെ മൂത്ത മകൻ ആരോൺ(7) ആണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. കൈക്കുഞ്ഞുൾപ്പെടെ മാതാപിതാക്കൾ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
വിഴിഞ്ഞം കല്ലുവെട്ടാൻകുഴി മുക്കോല സർവീസ് റോഡിൽ വ്യാഴാഴ്ച രാവിലെ 7നാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിനു പിന്നിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിന് മുൻവശത്തുനിന്നു യാത്ര ചെയ്ത ആരോണിന് ഗുരുതര പരുക്കേറ്റു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
4 മാസം പ്രായമുള്ള ഇവരുടെ ഇളയ കുഞ്ഞ് അലോഷ്യസും ഒപ്പമുണ്ടായിരുന്നു. നിസ്സാര പരുക്കുകളോടെ കുഞ്ഞ് രക്ഷപ്പെട്ടു. ആരോൺ വിഴിഞ്ഞം എസ്എഫ്എസ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. സംസ്കാരം നടത്തി.