ചരിത്ര നിമിഷത്തിന് സാക്ഷിയായി കൊച്ചി ; സീ പ്ലെയിൻ പരീക്ഷണ പറക്കൽ മാട്ടുപ്പെട്ടിയിൽ ; ആദ്യ സര്‍വീസ് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേയ്ക്ക്
സ്വന്തം ലേഖകൻ
ചെറുതോണി :സീ പ്ലെയിൻ പരീക്ഷണ പറക്കൽ ഇന്ന് മാട്ടുപ്പെട്ടിയിൽ എത്തുന്നതോടെ ചരിത്രമായി മാറും. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിമാനം തടാകത്തിൽ ഇറങ്ങുന്നത്. റോഡ് മാർഗം യാത്ര ചെയ്യാതെ കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ടു പറന്നിറങ്ങാമെന്നതു വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് വലിയ തോതിൽ ആകർഷിക്കുമെന്നാണു കണക്കു കൂട്ടുന്നതെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇടുക്കിയിൽ എയർ സ്ട്രിപ്പിനുള്ള പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് സീ പ്ലെയിൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുന്ന നോ ഫ്രിൽ എയർ സ്ട്രിപ്പാണ് ഇടുക്കിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. വിമുക്ത നാവിക ഓഫിസർക്കു ഇതിന്റെ ചുമതല നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി ജില്ലയിൽ തന്നെ എൻസിസി കെഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനായി വണ്ടിപ്പെരിയാർ സത്രത്തിൽ എയർ സ്ട്രിപ്പിനു പുറമേയാണു പുതിയൊരു എയർ സ്ട്രിപ് കൂടി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മൂന്നാറും ഇടുക്കിയും തേക്കടിയും ചേരുന്ന ഒരു ട്രയാംഗിൾ ടൂറിസം സർക്യൂട്ടാണ് ജില്ലയുടെ ആവശ്യം. ഇതിനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.