ഇത് ചരിത്ര നിമിഷം ; കൊച്ചിയിലെ ജലപ്പരപ്പിലേക്ക് പറന്നിറങ്ങി സീ പ്ലയിൻ ; മാട്ടുപ്പെട്ടി ഡാമിലേക്കുള്ള പരീക്ഷണപ്പറക്കൽ മന്ത്രി മുഹമ്മദ് റിയാസ് തിങ്കളാഴ്ച ഫ്ളാഗ് ഓഫ് ചെയ്യും
എറണാകുളം : കൊച്ചിയുടെ ജലപ്പരപ്പിലേക്ക് ചരിത്രത്തിലാദ്യമായി ഒരു വിമാനമിറങ്ങി. കേരളത്തിലെ ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുള്ള സീ പ്ലെയിൻ പദ്ധതിയുടെ പരീക്ഷണപ്പറക്കലിനെത്തിച്ച വിമാനമാണ് ബോൾഗാട്ടി കായലിൽ പറന്നിറങ്ങി.
3.15-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട ഡിഹാവിലാൻഡ് എന്ന കനേഡിയൻ കമ്പനിയുടെ സീ പ്ളെയിനാണ് ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ പറന്നിറങ്ങിയത്. വാട്ടർസല്യൂട്ടിന് ശേഷമായിരുന്നു വിമാനത്താവളത്തിൽനിന്ന് സീ പ്ളെയിൻ പറന്നുയർന്നത്.
പരീക്ഷണ പറക്കലിന്റെ ഔദ്യോഗിക ഫ്ളാഗ് ഓഫ് തിങ്കളാഴ്ച രാവിലെ 9.30-ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. ശേഷം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിലേക്ക് വിമാനം പറക്കും. ഡാമിൻറെ ജലനിരപ്പിലിറങ്ങുന്ന വിമാനത്തിന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആംഫീബിയൻ വിമാനങ്ങളുപയോഗിച്ചുള്ള ഉൾനാടൻ ഗതാഗതത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് പരീക്ഷണ പറക്കലിനുള്ള സൗകര്യമൊരുക്കുന്നത്.
സീ പ്ളെയിൻ ബോൾഗാട്ടി കായലിൽ ഇറങ്ങുന്ന പശ്ചാത്തലത്തിൽ ഞായറാഴ്ച 1.30 മുതൽ 4.30 വരെ ടൂറിസ്റ്റ്, സ്വകാര്യ, മത്സ്യബന്ധന ബോട്ടുകൾക്ക് കായലിൽ ഇറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മറൈൻഡ്രൈവ് മേഖല, ഗോശ്രീ പാലം മുതൽ ബോൾഗാട്ടി വരെയും വല്ലാർപാടം മുതൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ടാങ്കർ ബർത്ത് വരെയുമുള്ള മേഖലകളിലായിരുന്നു നിയന്ത്രണം. തിങ്കളാഴ്ചയും ഈ നിയന്ത്രണങ്ങൾ തുടരും.
കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ളെയിൻ പദ്ധതിക്ക് ഉപയോഗിക്കുന്നത്. വലിയ ജനാലകളുള്ളതിനാൽ വിനോദസഞ്ചാരികൾക്ക് മികച്ച ആകാശക്കാഴ്ച സമ്മാനിക്കും. സീ പ്ളെയിൻ പദ്ധതി നടപ്പാക്കാൻ കേരള സർക്കാർ രണ്ടുതവണ മുൻപ് ശ്രമിച്ചിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല.