കോട്ടയത്ത് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ മരിച്ച സംഭവത്തിൽ അപകടകാരണം പുറത്ത് ; കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖിക
കോട്ടയം: നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികൾ മരിച്ച സംഭവത്തില്‍, ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ .
പറവൂര്‍ ഏഴിക്കര സ്വദേശി ജോമോനും കുടുംബവുമാണ് കാറില്‍ ഉണ്ടായിരുന്നത്. കുറിച്ചി സചിവോത്തമപുരം വഞ്ഞിപ്പുഴ സൈജു (43), ഭാര്യ വിബി (39) എന്നിവരാണ് ഞായറാഴ്‌ച്ച ഉച്ച കഴിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ജോമോന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. എംസി റോഡില്‍ തുരുത്തി പുന്നമൂട് ജംഗ്ഷനിലാണ് അപകടം നടന്നത്. ചങ്ങനാശേരി ഭാഗത്തു നിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചുവീഴുകയായിരുന്നു.സൈജുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വിബിയെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വേഴപ്ര വഞ്ഞിപ്പുഴ പരേതനായ കുഞ്ഞച്ചന്‍ – മറിയാമ്മ ദമ്പതികളുടെ മകനായ സൈജു കുറിച്ചി മന്ദിരം കവലയില്‍ വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. ചിങ്ങവനം തോട്ടാത്ര പരേതനായ ആന്‍ഡ്രൂസ് – വത്സമ്മ ദമ്പതികളുടെ മകളായ വിബി കുറിച്ചി സെന്റ് മേരി മഗ്ദലീന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ ക്ലര്‍ക്കാണ്. മൂന്ന് മക്കളാണ് സൈജുവിനും വിബിയ്ക്കും ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ വളരെ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു.