ഇനി ശാസ്ത്രീയ പരിശോധന; ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രിക ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും; ആഭ്യന്തര വകുപ്പിന് കത്രിക ഉടൻ കൈമാറും
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഞ്ച് വര്‍ഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ ശാസ്ത്രീയ അന്വേഷണം.
കത്രിക ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ആഭ്യന്തര വകുപ്പിന് കത്രിക കൈമാറി ശാസ്ത്രീയ പരിശോധന നടത്താനാണ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയായ ശേഷം, അടിവാരം സ്വദേശി ഹര്‍ഷിന അനുഭവിച്ചത് തീരാവേദനയാണ്. ഒടുവില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17ന് വയറ്റില്‍ കുടുങ്ങിയ കത്രിക രൂപത്തിലുളള ശസ്ത്ക്രിയ ഉപകരണം പുറത്തെടുത്തു.
എന്നാല്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന രീതിയിലുള്ള വാദമായിരുന്നു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദ്യം നല്‍കിയത്.
ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും ആശുപത്രിയിലെ ഉപകരണങ്ങളൊന്നും നഷ്ടമായില്ലെന്ന് കണക്കെടുപ്പില്‍ വ്യക്തമായെന്നുമാണ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ഈ വാദം പൊളിക്കുന്ന വീഡിയോ പിന്നീട് പുറത്തു വന്നു.
ആശുപത്രിക്ക് തെറ്റുപറ്റിയതായി ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായി. ഇതിന് പിന്നാലെയാണ് കത്രിക ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.