സ്‌കൂൾ വിദ്യാർത്ഥികളിലെ മാനസികാരോഗ്യം: ദേശീയ കോൺഫറൻസ് അമൃത മെഡിക്കൽ കോളേജിൽ ജൂലായ് 12 മുതൽ

സ്‌കൂൾ വിദ്യാർത്ഥികളിലെ മാനസികാരോഗ്യം: ദേശീയ കോൺഫറൻസ് അമൃത മെഡിക്കൽ കോളേജിൽ ജൂലായ് 12 മുതൽ

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളിസ്റ്റ് കേരള ഘടകത്തിന്റെയും അമൃത മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രമോഷൻ ഓഫ് സ്‌കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാം കറന്റ് സിനാരിയോ ആൻഡ് ഫ്യൂച്ചർ ഡയറക്ഷൻസ് എന്ന വിഷയത്തിലുള്ള മൂന്നു ദിന റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അക്രഡിറ്റഡ് ദേശീയ കോൺഫറൻസ് 2019 ജൂലായി 12 ന് രാവിലെ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ജയിൽ ഡി.ജി.പി ഡോ.ഋഷിരാജ് സിങ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.  കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെ ഡോ.ഇന്ദു ഗരേവാൾ,  കേരള  സംസ്ഥാന ഡിസെബിലിറ്റി കമ്മിഷണർ ഡോ.ജി.ഹരികുമാർ,  കേരള പബ്ലിക്ക് സർവീസ് കമ്മിഷൻ അംഗം ഡോ.ജിനു സഖറിയ ഉമ്മൻ, നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി ഫാക്വൽറ്റിയായിരുന്ന ഡോ.മാളവിക കപൂർ, ഐ.എ.സി.പി.കെ.ആർ കേരള ഘടകം പ്രസിഡന്റ് ഡോ.സാനി വർഗീസ്, സെക്രട്ടറി ഡോ.ഗീതാഞ്ജലി നടരാജൻ, വൈസ് പ്രസിഡന്റ് ശരിക ശ്യാം, ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ സംസ്ഥാന നോഡൽ ഓഫിസർ കിരൺ പി.എസ് എന്നിവർ കോൺഫറൻസിൽ സംസാരിക്കും.

ഓരോ വിദ്യാർത്ഥിയിലേയ്ക്കും  സ്‌കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാം എത്തിച്ചേർന്നാൽ നല്ലൊരു നാളെ എന്നത് നമുക്ക് വാഗ്ദാനം ചെയ്യാനാവുമെന്നതാണ് കോൺഫറൻസിന്റെ സന്ദേശം. പഠനവൈകല്യം, സ്വഭാവ വൈകല്യം, ഓട്ടിസം, ക്രോണിക് ന്യൂറോളജിക്കൽ ഡിസോഡർ, മാനസിക രോഗങ്ങൾ, ഒന്നിലധികം വൈകല്യങ്ങൾ നേരിടുന്ന കുട്ടികൾ എന്നിവർക്ക് ആദ്യ ഘട്ടത്തിൽ തന്നെ ഇവ കണ്ടെത്തുന്നതിനും, മനസിലാക്കുന്നതിനും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സേവനം നിർബന്ധമാണ് എന്ന് റൈറ്റ് ഓഫ് പഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് 2016 വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇത് കോട്ടയം ജില്ലയിൽ മാത്രമാണ് ഫലപ്രദമായി നടപ്പിലാക്കിയിട്ടുള്ളത്. 2017 ൽ കേരള സംസ്ഥാനത്ത് നടപ്പിലാക്കിയ സ്‌കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാമിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയുടെ ഫണ്ട് പുതിയ ബജറ്റിൽ വകയിരുത്തിയിട്ടില്ല. ആയതിനാൽ തസ്തിക ഇല്ലാതായി. സ്‌കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ നിലവിലുള്ള സ്ഥിതിയും, ഇത് യാഥാർത്ഥ്യമാക്കുന്നതിനുമുന്നിലുള്ള കടമ്പകളും ചർച്ച ചെയ്യുകയാണ് കോൺഫറൻസിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം പദ്ധതി നടപ്പിലാക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പരിപാടിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ ഉപയോഗിച്ചിരുന്നു. ഇവർക്ക് നിലവിൽ നൽകിയിരുന്ന ശമ്പളമായിരുന്ന 39500 എന്ന തുകയിൽ നിന്നും പതിനായിരം രൂപ വെട്ടിക്കുറച്ചാണ് പുതിയ ബജറ്റ് പാസാക്കിയത്. ഇതും വലിയ പ്രതിസന്ധി സൃഷ്ടിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും, റീഹാബിലിറ്റേഷൻ പ്രൊഫഷണലുകളും, സൈക്കോളജി വിദ്യാർത്ഥികളും കോൺഫറൻസിൽ പങ്കെടുക്കും. കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ ക്ലിനിക്കൽ സൈക്കോളജി രംഗത്ത് നിർണ്ണായക സംഭാവന നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.