തിരുവാതുക്കലിലെ കഞ്ചാവ് മാഫിയ ആക്രമണം: രണ്ടു പ്രതികൾ കൂടി പൊലീസ് പിടിയിലായി; പിടിയിലായവർക്ക് പ്രായം ഇരുപത് മാത്രം

തിരുവാതുക്കലിലെ കഞ്ചാവ് മാഫിയ ആക്രമണം: രണ്ടു പ്രതികൾ കൂടി പൊലീസ് പിടിയിലായി; പിടിയിലായവർക്ക് പ്രായം ഇരുപത് മാത്രം

ക്രൈം ഡെസ്‌ക്
കോട്ടയം: തിരുവാതുക്കലിൽ കഞ്ചാവ് മാഫിയ സംഘം വീട് അടിച്ചു തകർക്കുകയും തടയാനെത്തിയ അയൽവാസിയെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു യുവാക്കൾ കൂടി പിടിയിലായി. പൊലീസ് സ്റ്റേഷനിലെത്തി കേസിലെ രണ്ടു പ്രതികളും കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം ഏഴായി. ബുധനാഴ്ച വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരായ പ്രതികളുടെ പ്രായം ഇരുപത് വയസ് മാത്രമാണ്. ക്രിമിനിൽ മാഫിയ സംഘങ്ങൾക്കൊപ്പം കൂടുന്ന ഈ ചെറുപ്പക്കാരുടെ എണ്ണം വർധിക്കുന്നത് പൊലീസിനെയും ആശങ്കപ്പെടുത്തുന്നതാണ്. കാരാപ്പുഴ പുതുവീട്ടിൽ സച്ചിൻ സജി (കണ്ണപ്പൻ -20), പുളിനാക്കൽ പയ്യപ്ലാവിൽ മനു (20) എന്നിവരാണ് ബുധനാഴ്ച ഉച്ചയോടെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇരുവരുടെയും അറസ്റ്റ്  വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുൺ വൈകുന്നേരത്തോടെ രേഖപ്പെടുത്തി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജൂൺ 23 ന് വൈകിട്ട് നാലരയോടെയാണ് കഞ്ചാവ് മാഫിയ സംഘം മാരകായുധങ്ങളുമായി സംഘടിച്ചെത്തി വീട് കയറി ആക്രമണം നടത്തിയത്. തിരുവാതുക്കൽ മാന്താറ്റിൽ കളത്തൂത്തറ വീട്ടിൽ മെഹബൂബിന്റെ വീട് പൂർണമായും തകർത്ത പ്രതികൾ, മുറ്റത്തിരുന്ന സ്‌കൂട്ടറും അടിച്ചു തകർത്തു. സംഘർഷത്തിനിടെ ഓടിയെത്തിയ അയൽവാസി കാർത്തിക്കിനെ (24) തലയ്ക്കടിച്ച് വീഴ്ത്തിയ അക്രമി സംഘം മാരകായി മർദിക്കുകയും ചെയ്തിരുന്നു. കാർത്തിക്കിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. പരിക്കുകൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ കാർത്തിക്ക് അടുത്തിടെ മാത്രമാണ് അപകട നില തരണം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വേളൂർ ആണ്ടൂർപറമ്പിൽ വീട്ടിൽ ഷാജിയുടെ മകൻ നിധിൻ ഷാജി(21)യെ പിറ്റേന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇതിനു ശേഷം വേളൂർ മാന്താർ പ്ലാപ്പറമ്പിൽ അജേഷ് കുമാർ (ഷാജി – 49), മകൻ അക്ഷയ അജേഷ് (മോനായി -20), സഹോദരങ്ങളായ ഇരുത്തിക്കൽപറമ്പിൽ റോബിൻ റോയി (സോണപ്പൻ – 24), റോഷൻ റോയി (ജിത്തു -20) എന്നിവരെ ഒരാഴ്ച മുൻപും വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.