കുട്ടികൾ സ്‌കൂളിലെത്തി: ആദ്യ പീരിയഡും തുടങ്ങി; ഇതിനു ശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ
കോട്ടയം: മൂന്നു ദിവസമായി ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് കുട്ടികൾ സ്‌കൂളിൽ എത്തിയതിന് ശേഷം. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് ജില്ലാ കളക്ടർ സ്വന്തം ഫെയ്‌സ്ബുക്ക് പേജിൽ ജില്ലയ്ക്ക് അവധിയാണെന്നത് പ്രഖ്യാപിക്കുന്നത്. ഈ സമയത്ത് കുട്ടികളിൽ പലരും സ്‌കൂളുകളിൽ എത്തിക്കഴിഞ്ഞിരുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലുമാണ്. ഇതിനിടെയാണ് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ടോ എന്ന ചോദ്യവുമായി കുട്ടികൾ കളക്ടറെ സമീപിച്ചത്. ബുധനാഴ്ച വൈകിട്ടും, രാത്രിയിലും കനത്ത മഴ ജില്ലയിൽ തുടരുന്നതിനാൽ കുട്ടികൾ പലരും കളക്ടറുടെ ഫെയ്‌സ്ബുക്കിൽ അവധി അന്വേഷണവുമായി എത്തിയിരുന്നു. മറ്റു ജില്ലകളിൽ അവധി പ്രഖ്യാപനം കൂടി എത്തിയതോടെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിക്കണമെന്ന സമ്മർദനം ശക്തമായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം രാത്രിയിൽ അവധി പ്രഖ്യാപിക്കാതെ കളക്ടർ സസ്‌പെൻസ് നില നിർത്തി.
വ്യാഴാഴ്ച രാവിലെ ആദ്യം ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകൾക്കാണ് ജില്ലയിൽ അവധി പ്രഖ്യാപിച്ചത്. പത്തു മിനിറ്റിന് ശേഷം ജില്ലാ കളക്ടർ അവധി പ്രഖ്യാപനം തിരുത്തി ജില്ലയ്ക്കു മുഴുവൻ ആക്കുകയായിരുന്നു. കളക്ടർ അവധി പ്രഖ്യാപിച്ച പോസ്റ്റ് ഫെയ്‌സ്ബുക്കിൽ ഇട്ടപ്പോഴേയ്ക്കും സ്‌കൂൾ കുട്ടികളിൽ പലരും തങ്ങളുടെ യാത്ര പാതിവഴി പിന്നിട്ട് കഴിഞ്ഞിരുന്നു. കുട്ടികൾ സ്‌കൂളിലേയ്ക്കു യാത്ര നടത്തുമ്പോഴാണ് കളക്ടർ അവധി പ്രഖ്യാച്ചത്. ഈ സമയത്തിനകം ജില്ലയിലെ പല സ്‌കൂളുകളും തുറന്നു കഴിഞ്ഞിരുന്നു. ഇതോടെ കുട്ടികളും അധ്യാപകരും പ്രതിസന്ധിയിലുമായി. മാധ്യമങ്ങളിൽ അവധിയുടെ വാർത്തയില്ലാതിരുന്നതിനാൽ കുട്ടികൾ പലരും സ്‌കൂളിന്റെ വരാന്തയിൽ എത്തിയ ശേഷം മടങ്ങുകയായിരുന്നു.
അവധിയില്ലെന്നുറപ്പിച്ച് അതിരാവിലെ എഴുന്നേറ്റ പെരുമഴയിൽ കുട്ടികളെ സ്‌കൂളിൽ വിടേണ്ട തയ്യാറെടുപ്പുകളെല്ലാം നടത്തിയ വീട്ടമ്മമാർ ജില്ലാ കളക്ടറെ നല്ല ചീത്ത വിളിയായിരുന്നു. എന്നാൽ, അവധി പ്രഖ്യാപിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നാണ് ജില്ല കളക്ടർ സുധീർ ബാബു നൽകുന്ന വിശദീകരണം. മഴ ബാധിത മേഖലകളിൽ മാത്രമേ അവധി നൽകാൻ നിലവിൽ ജില്ലാ കളക്ടർമാർക്ക് അധികാരമുള്ളൂ. മറ്റുള്ള സ്ഥലങ്ങളിൽ അവധി നൽകണമെങ്കിൽ തിരുവനന്തപുരത്തു നിന്നും വിദ്യാഭ്യാസ വകുപ്പിൽ നിന്നുമുള്ള അനുവാദം വാങ്ങണം. മറ്റൊരു ദിവസം പ്രവർത്തി ദിവസമാക്കി മാറ്റാൻ സാധിക്കുമെങ്കിൽ മാത്രമേ അവധി അനുവദിക്കാൻ സാധിക്കൂവെന്നാണ് ജില്ലാ കളക്ടറുടെ വിശദീകരണം.