കൊറോണയ്ക്കു പിന്നാലെ മാതാപിതാക്കൾക്കു ഇരുട്ടടിയായി സ്‌കൂൾ ഫീസ്..! സ്‌കൂൾ അഡ്മിഷനുള്ള ഫീസ് ഇരട്ടിയാക്കൊനൊരുങ്ങി മാനേജ്‌മെന്റുകൾ; ദുരിതം ബാധിച്ച സാധാരണക്കാർക്ക് ഇനി സ്‌കൂൾ ഫീസ് ഭീഷണി
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ ലോക്ക് ഡൗണിനെ തുടർന്നു രണ്ടു മാസത്തോളമായി അടച്ചിട്ടിരുന്ന സ്‌കൂളുകൾ തുറക്കാനൊരുങ്ങുമ്പോൾ ഭീഷണി നേരിടുന്നത് മാതാപിതാക്കൾ. വൻ
വരുമാന നഷ്ടം നേരിടുന്നവരാണ് സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷം സ്‌കൂളുകളിൽ നൽകിയ ഫീസ് പോലും ഇക്കുറി നൽകാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഇക്കുറി സ്‌കൂൾ പ്രവേശന സമയത്ത് ഫീസ് വർദ്ധിപ്പിക്കാൻ സ്‌കൂൾ മാനേജ്‌മെന്റുകൾ ഒരുങ്ങുന്നത്. ഇതിനെതിരെ മാതാപിതാക്കളും രക്ഷിതാക്കളും അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
പല എയ്ഡഡ് അൺ എയ്ഡഡ് സ്‌കൂളുകളിലും ഫീസിന്റെ കാര്യത്തിലും ഡൊണേഷന്റെ കാര്യത്തിലും യാതൊരു വ്യക്തതയുമില്ല. ഇവരിൽ സർക്കാരിനു കാര്യമായ നിയന്ത്രണങ്ങളുമില്ല. ഇത് മുതലെടുത്താണ് കൊറോണക്കാലത്തും ഫീസ് വർദ്ധന നടപ്പാക്കാൻ പല സ്‌കൂളുകളും ഒരുങ്ങുന്നത്. സ്‌കൂളുകളിൽ അഡ്മിഷൻ എടുക്കുന്ന സമയത്തു തന്നെ ഫീസ് വർദ്ധിപ്പിക്കാനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറോണ വൈറസ് ബാധയുടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബിസിനസ് മേഖലയിലുള്ളവരും സ്വയം തൊഴിൽ കണ്ടെത്തിയവരും വായ്പ എടുത്തവരും എല്ലാം ദുരിതത്തിലാണ്. പലർക്കും മാസങ്ങളായി തൊഴിലില്ലാത്ത അവസ്ഥയാണ്. മുന്നോട്ടുള്ള ജീവിതം എങ്ങിനെ ആകുമെന്ന ആശങ്കയിലാണ് പലരും. എത്രനാളെടുക്കും ഈ ദുരിത കാലം മറികടക്കാൻ എന്ന കാര്യത്തിൽ പോലും ആശങ്കകൾ നിലനിൽക്കുകയാണ്.
നാട്ടിലുള്ള കുടുംബം പോറ്റാൻ കഷ്ടപ്പെട്ട പ്രവാസികളിൽ അനേകം പേർക്ക് ജോലി നഷ്ടപ്പെട്ടു. ബാക്കിയുള്ളവരിൽ പലരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഓരോ പ്രതിസന്ധിഘട്ടത്തിലും സ്‌കൂളുകളിൽ മക്കളുടെ ഫീസ് നൽകി പഠിപ്പിക്കുകയും, ആവശ്യപ്പെടുമ്പോഴെല്ലാം സ്‌കൂളുകളുടെ ഡൊണേഷനും വിവിധ ഫണ്ടുകളും നൽകി കൈ അയച്ചു സഹായിച്ചവരാണ് ഭൂരിഭാഗം രക്ഷിതാക്കളും. നാട്ടിലെ സ്‌കൂളുകളുടെ വളർച്ചയിൽ സാമ്പത്തികമായി പിന്തുണ സാധാരണക്കാരായ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഉണ്ട്.
തങ്ങൾ വിദ്യ നൽകി വളർത്തുന്ന കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ കൈപിടിച്ച്, ഈ അരക്ഷിതാവസ്ഥയിൽ, ഞങ്ങൾ കൂടെയുണ്ട് എന്ന് പറയാൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കടമയുണ്ടെന്നാണ് ഈ കൊറോണക്കാലം തന്നെ പറയുന്നത്. എന്നാൽ, ഇതിനു തയ്യാറാകാതെ സ്‌കൂൾ അധികൃതർ ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായാണ് സൂചന.
പല കുടുംബങ്ങളും സാമ്പത്തിക പരാധീനതകളിൽപ്പെട്ട് ഉഴറുകയാണ്. അതുകൊണ്ട് സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിൽ കുട്ടികളിൽ നിന്ന് വാങ്ങിയിരുന്ന ഫീസുകളിൽ കുറവ് വരുത്തുകയാണ് അടിയന്തരമായി വേണ്ടത്. ഈ സ്‌കൂളുകൾ ആളുകളിൽ നിന്നും വാങ്ങിയിരുന്ന മറ്റു പലതരം ഫീസുകളിൽ കുറവ് വരുത്തുകയാണ് അടിയന്തരമായി വേണ്ടത്.
സ്‌കൂളുകളുടെ സ്‌പെഷ്യൽ ഫീസും അഡ്മിഷൻ സമയത്തു വാങ്ങുന്ന ഭീമമായ തുകയും പുസ്തകങ്ങൾക്കും ബുക്കുകൾക്കും ചുമത്തുന്ന അമിതവിലയും മറ്റ് ആഡംബര പിരിവുകളും ഒഴിവാക്കണം. സ്‌പെഷ്യൽ യൂണിഫോമുകൾ പോലുള്ള അത്യാവശ്യം അല്ലാത്ത ചിലവുകൾക്കായി മാതാപിതാക്കളെ നിർബന്ധിക്കുന്നത് പൂർണമായും വേണ്ട എന്നു വയ്ക്കണം. ഇത് കൂടാതെ നിലവിലെ ഫീസ് 30% എങ്കിലും കുറയ്ക്കണം. ഈ ആവശ്യം ഉന്നയിച്ച് തൃക്കൊടിത്താനം ഫൊറോനാ അൽമായകൂട്ടം സഭാ മേലധികാരികൾക്കും വിദ്യാഭ്യാസ വകുപ്പിലെ വിവിധ ആളുകൾക്കും നിവേദനം നൽകിയിട്ടുണ്ട്.
ഈ നിർദേശങ്ങൾ സ്‌കൂൾ അധികൃതർ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ, ഇത് സംസ്ഥാന സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മുന്നിൽ എത്തിക്കാൻ ഉള്ള നടപടികളുമായി ജനപങ്കാളിത്തത്തോടെ മുന്നോട്ട് പോകാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും ഈ വിഷയം ഏറ്റെടുക്കണം എന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.