കുട്ടികളെ കുത്തിനിറച്ച് , പൊട്ടിയ ടയറുമായി ഫിറ്റ്നസ് ഇല്ലാതെ ഓട്ടം: ജില്ലയിലെ അഞ്ച് സ്കൂളുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി: വണ്ടി നന്നാക്കി പിഴ അടച്ച ശേഷം മാത്രം വണ്ടി ഓടിയാൽ മതിയെന്ന് വകുപ്പ്

കുട്ടികളെ കുത്തിനിറച്ച് , പൊട്ടിയ ടയറുമായി ഫിറ്റ്നസ് ഇല്ലാതെ ഓട്ടം: ജില്ലയിലെ അഞ്ച് സ്കൂളുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി: വണ്ടി നന്നാക്കി പിഴ അടച്ച ശേഷം മാത്രം വണ്ടി ഓടിയാൽ മതിയെന്ന് വകുപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: ഫിറ്റല്ലാത്ത ബസുകളിൽ കുട്ടികളെ കുത്തി നിറച്ച് പൊട്ടിയ ടയറുമായി സർവീസ് നടത്തിയ അഞ്ച് സ്കൂൾ ബസുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ വിലക്ക്. നെടുങ്കുന്നം പ്രഷ്യസ് സ്‌കൂൾ, തെങ്ങൺ ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ, പള്ളിത്തക്കത്തോട് അരവിന്ദാ വിദ്യാമന്ദിരം സ്‌കൂൾ, സ്‌കൂൾ കുട്ടികളെയുമായി കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ഒരു വാഹനത്തിനുമെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്.

പ്രശ്നങ്ങൾ പരിഹരിച്ച് , വണ്ടി മോട്ടോർ വാഹന വകുപ്പ് അധികൃതരെ കാട്ടി, പിഴ ഈടാക്കിയ ശേഷം മാത്രം വണ്ടി ഓടിയാൽ മതിയെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അന്ത്യശാസനം. ഇതിനായി രണ്ടു ദിവസം സമയവും അനുവദിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പരിശോധിച്ച് കേസെടുത്തത്. വെള്ളിയാഴ്ച  രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെ  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാബു, എ.എം.വി.ഐമാരായ അൻഷാദ്, നിഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 25 സ്കൂൾ ബസുകൾ പരിശോധിച്ച ശേഷമാണ് അഞ്ച് ബസുകൾക്കെതിരെ നടപടി എടുത്തത്.

കഴിഞ്ഞ ദിവസം പള്ളിക്കത്തോടെ അരവിന്ദാ വിദ്യാമന്ദിർ സ്‌കൂളിന്റെ ടയർ തേഞ്ഞ് തീർന്നതിനെ തുടർന്ന് ബസ് അപകടത്തിൽപ്പെട്ടിരുന്നു. തുടർന്നാണ്  മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന ആരംഭിച്ചത്.  ചങ്ങനാശേരി, കോട്ടയം, കറുകച്ചാൽ എന്നിവിടങ്ങളിലാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധന നടത്തിയത്.

നെടുങ്കുന്നം പ്രഷ്യസ്സ്‌കൂൾ അധികൃതർ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെയാണ് ബസ് സർവീസ് നടത്തിയിരുന്നതെന്ന് കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത ശേഷം കുട്ടികളെ ഇതേ വാഹനത്തിൽ തന്നെ സ്‌കൂളിലേയ്ക്ക് അയച്ചു. ഈ ട്രിപ്പിന് ശേഷം മറ്റൊരു സർവീസ് നടത്തരുതെന്ന മുന്നറിയിപ്പ് നൽകിയ ശേഷമാണ് വാഹനം അയച്ചത്.

വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടു പോകുന്നതായി കണ്ട ഗുഡ്‌ഷെപ്പേർഡ് കോളേജിന്റെ ബസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അരവിന്ദ വിദ്യാമന്ദിരത്തിന്റെ ബസ് തേഞ്ഞ് തീർന്ന ടയറാണ് ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.  ഈ സ്‌കൂളിലെ എല്ലാ ബസുകളിലും പരിശോധന നടത്തി. ഈ സ്‌കൂളിനെതിരെയും കേസെടുത്തു. ഫിറ്റ്‌നസില്ലാതെ നികുതി അടയ്ക്കാതെ സർവീസ് നടത്തിയതിനാണ് സ്‌കൂൾ കുട്ടികളെ കൊണ്ടു വിടുന്ന കരാർ വാഹനത്തിനെതിരെ കേസെടുത്തത്.