കോട്ടയം എസ്എൻഡിപി യൂണിയൻ്റെ മൈക്രോ ഫിനാൻസ് ഇടപാടിൽ തട്ടിപ്പ്; പട്ടിണി പാവങ്ങളായ സമുദായത്തിലെ വനിതകൾക്ക് ബാങ്കിൽ നിന്നും എടുത്തു നൽകിയ ലോൺ വനിതകൾ യൂണിയൻ ഓഫീസിൽ തിരികെ അടച്ചെങ്കിലും ബാങ്കിൽ എത്തിയില്ല; വനിതകൾ അടച്ച പണം യൂണിയൻ ഓഫീസിൽ മുക്കി; ലോൺ എടുത്ത് അഞ്ച് വർഷം കഴിഞ്ഞിട്ടും പണം തിരികെ അടക്കാതെ വന്നതോടെ ബാങ്ക് വനിതകളുടെ വസ്തുക്കളിൻ മേൽ റവന്യൂ റിക്കവറി തുടങ്ങി; പെരുവഴിയിൽ ആകുമെന്ന ഭയത്തിൽ വീട്ടമ്മമാർ; അഴിമതി നടത്തിയത് യൂണിയൻ നേതാക്കൾ
കോട്ടയം : എസ്എൻഡിപി യൂണിയൻ്റെ മൈക്രോ ഫിനാൻസ് ഇടപാടിൽ കോട്ടയത്ത് നടന്നത് വൻ തട്ടിപ്പ്.
സമുദായത്തിലെ പട്ടിണി പാവങ്ങളായ വനിതകൾക്ക് യൂണിയൻ ബാങ്കിൻ്റെ ശാസ്ത്രി റോഡ് ബ്രാഞ്ചിൽ നിന്നും 25000 രൂപ വീതം നാലു പേരടങ്ങുന്ന ഗ്രൂപ്പിന് പരസ്പര ജാമ്യത്തിലാണ് ലോൺ നൽകിയത്. എസ്എൻഡിപി കോട്ടയം യൂണിയൻ്റെ ഇടപെടലിനെ തുടർന്നാണ് ബാങ്ക് ലോൺ നൽകിയത്.
വനിതകൾ യൂണിയൻ ഓഫീസിൽ ലോൺ തിരിച്ചടക്കാനും അവിടെനിന്ന് ബാങ്കിലേക്ക് അടയ്ക്കാനുമാണ് ധാരണ ഉണ്ടായിരുന്നത്. ഈടായി 25000 രൂപ വീതം നാല് പേർ ചേർന്ന് എടുക്കുന്ന ലോണിന് ഒരാളുടെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ കരം അടച്ച രസീതിന്റെ കോപ്പി നൽകണമെന്നതായിരുന്നു ഗ്യാരണ്ടി.
ഇപ്രകാരം രേഖകൾ നൽകിയാണ് വനിതകൾ ലോൺ എടുത്തിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാവപ്പെട്ട വനിതകൾ എടുത്ത ലോൺ കൃത്യമായി യൂണിയൻ ഓഫീസിൽ തിരിച്ചടച്ചെങ്കിലും യൂണിയൻ അധികൃതർ ബാങ്കിൽ അടച്ചില്ല. ഇതോടെയാണ് ബാങ്ക് റവന്യൂ റിക്കവറിയുമായി എത്തിയത്. റവന്യൂ റിക്കവറിക്ക് വനിതകളുടെ വീട്ടിൽ വില്ലേജ് ഓഫീസ് അധികൃതർ എത്തിയപ്പോഴാണ് വനിതകൾ വിവരമറിയുന്നത്. ഇതോടെ റവന്യൂ റിക്കവറി നോട്ടീസുമായി യൂണിയൻ ഓഫീസിൽ വനിതകൾ എത്തിയെങ്കിലും ഉടൻ അടയ്ക്കാം എന്ന മറുപടിയാണ് അവിടെ നിന്നും ലഭിച്ചത്.
2018 ൽ എടുത്ത ലോൺ മുഴുവൻ ആളുകളും നയാ പൈസ കുടിശികയില്ലാതെ 2019 ൽ തന്നെ തിരിച്ച് അടച്ചിട്ടുള്ളതാണ്. ലോൺ തിരികെയടച്ച് ക്ലോസ് ചെയ്ത വിവരം എസ്എൻഡിപി യൂണിയൻ ഓഫീസിൽ നിന്നും വനിതകൾക്ക് നൽകിയിട്ടുള്ള പാസ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ തുക യൂണിയൻ ഓഫീസിൽ നിന്നും ബാങ്കിലേക്ക് അടയ്ക്കാതെ വന്നതോടെയാണ് ബാങ്ക് റവന്യൂ റിക്കവറുമായി എത്തിയത്.
ഇതോടെ കൂലിപ്പണിക്കാരായ വനിതകളുടെ സിബിൽ സ്കോറും പോയി. മേലിൽ ഇവർക്ക് മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ നിന്നും നയാ പൈസ ലോൺ കിട്ടുകയില്ലാത്ത സാഹചര്യത്തിലുമായി.
ലോൺ എടുത്ത വനിതകൾ ആകട്ടെ വീട്ടുജോലിക്ക് പോയും തുണിക്കട അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്തും നിത്യവൃത്തി നടത്തുന്ന സാധുക്കളാണ്. സമുദായ അംഗങ്ങളെ സമുദായ നേതാക്കൾ തന്നെ ചതിച്ചതോടെ തങ്ങൾ പെരുവഴിയിൽ ആകുമെന്ന് ഭയത്തിലാണ് വനിതകൾ.