എസ് സി/ എസ് ടി സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനായി രൂപീകരിച്ച പൊതു ഭരണ വകുപ്പ് നിര്‍ത്തലാക്കി

എസ് സി/ എസ് ടി സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനായി രൂപീകരിച്ച പൊതു ഭരണ വകുപ്പ് നിര്‍ത്തലാക്കി

സ്വന്തം ലേഖകൻ

സര്‍ക്കാര്‍ സര്‍വ്വീസില്‍ പട്ടിക ജാതി പട്ടിക വര്‍ഗ പ്രാതിനിധ്യം പരിശോധിക്കുന്നതിനും സ്പെഷ്യല്‍ റിക്രൂട്ട് മെന്റ് നടപടികള്‍ കാര്യക്ഷമമാക്കുന്നതിനുമായി രൂപീകരിച്ച പൊതു ഭരണ (എംപ്ലോയ്മെന്റ് സെല്‍-ബി)വകുപ്പ് നിര്‍ത്തലാക്കി.

പൊതുഭരണ സെക്രട്ടറിയേറ്റിലെ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനായി രൂപീകരിച്ച സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് എംപ്ലോയ്മെന്റ് സെല്‍-ബി വകുപ്പ് നിര്‍ത്തലാക്കിയത്. ഈ സെക്ഷനിലെ, സെക്ഷന്‍ ഓഫീസര്‍ തസ്തിക നിര്‍ത്തലാക്കുകയും , 1 അസിസ്റ്റന്റിനെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ക്ഷേമ കാര്യങ്ങള്‍ പരിശോധിക്കുന്ന പൊതുഭരണ (കോര്‍ഡിനേഷന്‍)വകുപ്പിലേക്ക് പുനര്‍ വിന്യസിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌സി/എസ്ടി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച പ്രതിമാസ അവലോകന പുരോഗതി റിപ്പോര്‍ട്ട് തയ്യാറാക്കുക, സ്പെഷ്യൽ റിക്രൂട്ട്മെന്റിനായുള്ള ഒഴിവുകൾ സംബന്ധിച്ച ത്രൈമാസ അവലോകന റിപ്പോർട്ടുകൾ സമാഹരിക്കുക, വിവിധ വകുപ്പ് ഡയറക്ട്രേറ്റുകളില്‍ പരിശോധന നടത്തി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപടികള്‍ കൃത്യമായി നടക്കുന്നുണ്ടോയെന്ന് പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുക,റിസർവേഷൻ സംബന്ധിച്ച നിർദ്ദേശങ്ങളുടെ മാനുവൽ തയ്യാറാക്കുക ,സർക്കുലറുകളും ഉത്തരവുകളും പുറപ്പെടുവിക്കുക പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്‌ത ഒഴിവുകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് പൊതു ഭരണ (എംപ്ലോയ്മെന്റ് സെല്‍-ബി)വകുപ്പില്‍ നടന്നു വന്നിരുന്നത്.

നിലവില്‍ സെക്ഷനിലെ ജീവനക്കാരുടെ കുറവ് മൂലം മേല്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടന്നിരുന്നില്ല. കഴിഞ്ഞ വര്‍ഷം പ്രസ്തുത വകുപ്പ് ആരോഗ്യ വകുപ്പില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഒഴിവുകള്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലായെന്ന് കണ്ടെത്തിയിരുന്നു.

ഇനിയും നിരവധി ഓഫീസുകളില്‍ പരിശോധന നടത്താന്‍ ബാക്കി നില്‍ക്കെയാണ് എംപ്ലോയ്മെന്റ് സെല്‍-ബി വകുപ്പ് നിര്‍ത്തലാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മുന്നോക്ക സംവരണം നടപ്പിലാക്കിയപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ മുന്നോക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം പരിശോധിക്കുന്നതിനായി പൊതുഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു.ഈ വകുപ്പിലേക്കാണ് പൊതു ഭരണ വകുപ്പിലെ അസിസ്റ്റന്റിനെ പുനര്‍ വിന്യസിച്ചിരിക്കുന്നത്.