വിവാദ തീരുമാനം പിന്‍വലിച്ച് എസ്ബിഐ; ഗര്‍ഭിണികള്‍ക്ക് നിയമന വിലക്കേര്‍പ്പെടുത്തിയത് തൽക്കാലം നടപ്പിലാക്കില്ല
സ്വന്തം ലേഖിക
ന്യൂഡൽഹി: ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പിൻവലിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
ശക്തമായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി എസ്ബിഐ രംഗത്തെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗര്‍ഭിണികള്‍ക്ക് നിയമന വിലക്കേര്‍പ്പെടുത്തിയ തീരുമാനം തല്ക്കാലം നടപ്പിലാക്കില്ലെന്ന് എസ്ബിഐ അറിയിച്ചു. ഇക്കാര്യത്തില്‍ നിലവിലുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തുടരും.
നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതികള്‍ക്ക് അവരുടെ ഗര്‍ഭകാലം മൂന്ന് മാസത്തില്‍ കൂടുതലാണെങ്കില്‍ നിയമനത്തില്‍ താല്കാലിക അയോഗ്യത നല്‍കുന്നതായിരുന്നു എസ്ബിഐയുടെ പുതിയ സര്‍ക്കുലര്‍. സ്ത്രീകളോടുള്ള ഈ വിവേചനം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
സര്‍ക്കുലറിനെതിരെ ഡിവൈഎഫ്ഐ അടക്കം യുവജനസംഘടനകളും രംഗത്തെയിരുന്നു. തീരുമാനത്തിനെതിരെ രംഗത്തെത്തിയ ഡൽഹി വനിതാ കമ്മീഷന്, സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
ഗര്‍ഭിണികള്‍ക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിനും കര്‍ശന നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന എസ്ബിഐയില്‍ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 2009 ലാണ് മാറ്റം വന്നത്. ഈ നിയമന വിലക്ക് വീണ്ടും പുനഃസ്ഥാപിക്കാനുള്ള നീക്കമാണിതെന്ന ആക്ഷേപമാണ് ഇപ്പോള്‍ ശക്തമാകുന്നത്.