
തേർഡ് ഐ ബ്യൂറോ
കോട്ടയം: ക്രഡിറ്റ് കാർഡിന്റെ പേരിൽ എസ്.ബി.ഐയിൽ നടക്കുന്നത് വൻ തട്ടിപ്പ്. കാർഡ് വേണ്ടെന്നു വച്ച് കുടിശിക പൂർണമായും അടച്ച് ക്യാൻസൽ ചെയ്താലും അക്കൗണ്ടിൽ നിന്നും എല്ലാ മാസവും പണം ചോരും. തട്ടിപ്പു സംബന്ധിച്ചു പരാതി നൽകിയെങ്കിലും ഉപഭോക്താക്കൾക്ക് അനുകൂലമായ തീരുമാനം ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. എസ്.ബി.ഐയുടെ തന്നെ ജീവനക്കാർ വരെ ഈ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നാണ് പരാതി.
വൻ പരസ്യം നൽകി, രാജ്യത്തെ ഏതു സ്ഥലത്തും ഉപയോഗിക്കാൻ സാധിക്കുമെന്ന വാഗ്ദാനവുമായാണ് എസ്.ബി.ഐ ക്രഡിറ്റ് കാർഡ് അവതരിപ്പിച്ചത്. എന്നാൽ, ഈ ക്രഡിറ്റ് കാർഡിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത് വൻ തട്ടിപ്പാണ് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് സർവീസ് ചാർജ് കൂടുതലാണെന്നതും എസ്.ബി.ഐയുടെ സാങ്കേതിക പ്രശ്നങ്ങൾ കാർഡിനെ ബാധിക്കുന്നു എന്നതുമാണ് സാധാരണക്കാരെ ബാങ്കിൽ നിന്നും അകറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പലരും കാർഡ് ബാങ്കിൽ സറണ്ടർ ചെയ്യുകയും ചെയ്തു. കാർഡിലുള്ള കുടിശിക തുട അടച്ചു തീർത്തെങ്കിൽ മാത്രമേ കാർഡ് സറണ്ടർ ചെയ്യാൻ സാധിക്കൂ. ഇത്തരത്തിൽ തുക അടച്ചു തീർത്തവർക്ക് പോലും കഴിഞ്ഞ ഒരു വർഷമായി അക്കൗണ്ടിൽ നിന്നും സർവീസ് ചാർജ് ഈടാക്കുന്നുണ്ട്. ഇതു സംബന്ധിച്ചു നിരവധി പരാതികളാണ് ഉപഭോക്താക്കൾ ബാങ്കിൽ നൽകിയിരിക്കുന്നത്. എന്നാൽ, ബാങ്ക് ഇതുവരെയായും പരാതിയിൽ നടപടി സ്വീകരിച്ചിട്ടില്ല.
ബാങ്ക് ജീവനക്കാർ തന്നെ നേരിട്ട് പരാതി നൽകിയെങ്കിലും ഇവരുടെ അക്കൗണ്ടിൽ നിന്നു പോലും പണം പിടിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് എസ്.ബി.ഐയുടെ ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്. ഇവരിൽ നിന്നായി മാസം ആയിരങ്ങളാണ് സർവീസ് ചാർജായി ഈടാക്കുന്നത്. ഇത് തന്നെ നല്ലൊരു തുക വരും. ഈ സാഹചര്യത്തിൽ ബാങ്കിന്റെ സർവീസ് ചാർജ് കൊള്ളയിൽ നിന്നും സാധാരണക്കാരെ രക്ഷിക്കണമെന്നാണ് ആവശ്യം.







