സൗദി അറേബ്യയിൽ വെളുത്ത സ്വർണ്ണ നിക്ഷേപം കണ്ടെത്തി: കടലിനടുത്തുള്ള എണ്ണപ്പാടങ്ങളില്‍ നിന്നും വലിയ അളവില്‍ ലിഥിയം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
റിയാദ്: സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കരുതല്‍ ശേഖരത്തെ ചുറ്റിപ്പറ്റിയാണ് എന്നത് അറിയപ്പെടുന്ന ഒരു വസ്തുതയാണ്
എന്നാല്‍ രാജ്യം സമീപഭാവിയില്‍ തങ്ങളെ കൂടുതല്‍ സമ്പന്നമാക്കുന്ന മറ്റൊരു പ്രകൃതിവിഭവം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍.
അടുത്തിടെ രാജ്യം കടലിനടുത്തുള്ള എണ്ണപ്പാടങ്ങളില്‍ നിന്നും വലിയ അളവില്‍ ലിഥിയം ശേഖരം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ലിഥിയം ‘വെളുത്ത സ്വര്‍ണ്ണം’ എന്നാണ് അറിയപ്പെടുന്നത്
സൗദി അറേബ്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം, പ്രകൃതി വാതക കമ്പനിയായ സൗദി അരാംകോയാണ് എണ്ണപ്പാടങ്ങളിലൊന്നില്‍ നിന്ന് ലിഥിയം വേര്‍തിരിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിഥിയം നേരിട്ട് ഖനനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി അറേബ്യ ഉടന്‍ ഒരു വാണിജ്യ പൈലറ്റ് പ്രോഗ്രാം ആരംഭിക്കുമെന്ന് സൗദി അറേബ്യയുടെ ഖനനകാര്യ ഡെപ്യൂട്ടി മന്ത്രി ഖാലിദ് ബിന്‍ സാലിഹ് അല്‍-മുദൈഫര്‍ അറിയിച്ചു.
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കിംഗ് അബ്ദുള്ള യൂണിവേഴ്സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ലിഥിയം ഇന്‍ഫിനിറ്റായാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പുതുതായി രൂപപ്പെടുത്തിയ അതിനൂതന സാങ്കേതിക വിദ്യയാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്.
ഇലക്‌ട്രിക് കാറുകള്‍ ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയുടെ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററികള്‍ നിര്‍മിക്കാനാണ് പ്രധാനമായും ലിഥിയം ഉപയോഗിക്കുന്നത്
ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള ലോഹമായ ലിഥിയം ഉയര്‍ന്ന റിയാക്ടിവിറ്റിയുള്ള മൂലകങ്ങളിലൊന്നാണ്. വെളുത്ത സ്വര്‍ണം എന്നാണ് പൊതുവെ വിളിക്കുന്നത്.
ചൈന, ഓസ്‌ട്രേലിയ, അര്‍ജന്റീന, ചിലി തുടങ്ങിയ രാജ്യങ്ങളാണ് ലിഥിയം ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഭൂമിക്കടിയിലോ ഉപരിതലത്തിലോ കാണപ്പെടുന്ന ബ്രൈന്‍ എന്നറിയപ്പെടുന്ന ഉപ്പുമിശ്രിതത്തില്‍ നിന്നാണ് ലിഥിയത്തെ വേര്‍തിരിച്ചെടുക്കുന്നത്.
പമ്പ് ചെയ്‌തെടുക്കുന്ന ഉപ്പുവെള്ളത്തെ തടാകം പോലെ കെട്ടിനിറുത്തി ബാഷ്പീകരണത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്
അതേസമയം, പരമ്പരാഗത രീതിയേക്കാള്‍ എണ്ണപ്പാടങ്ങളില്‍ നിന്നും ലിഥിയം വേര്‍തിരിച്ചെടുക്കുന്നത് വളരെ ചെലവേറിയ പ്രക്രിയയാണ്. എന്നാലും വരും കാലങ്ങളില്‍ ലിഥിയത്തിന്റെ ആവശ്യകത കൂടുമെന്നും വന്‍ വില കിട്ടുമെന്നുമാണ് സൗദിയുടെ പ്രതീക്ഷ.